കഴിഞ്ഞ ദിവസമാണ് പരസ്യലോകത്തെ ഇതിഹാസം പീയൂഷ് പാണ്ഡേക്ക് രാജ്യം വിടചൊല്ലിയത്. സിനിമാ-പരസ്യ രംഗത്തെ നിരവധിപേർ പീയൂഷ് പാണ്ഡേക്ക് ആദരമർപ്പിച്ചിരുന്നു. ഇതിനിടെ പീയൂഷ് പാണ്ഡേയുടെ മരണാനന്തര ചടങ്ങിൽ നിന്നുള്ള ചില ദൃ‍ശ്യങ്ങൾ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. മരണാനന്തര ചടങ്ങിനിടെ പീയൂഷ് പാണ്ഡേയുടെ അനന്തരവളായ ഇഷിത അരുൺ ചിരിച്ച് നിൽക്കുന്നു എന്നതായിരുന്നു വിമർശനം. എന്നാൽ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷിത ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇഷിത മറുപടി നൽകിയിരിക്കുന്നത്.

To advertise here,

പീയൂഷ് പാണ്ഡേയുടെ മരണാന്തര ചടങ്ങിൽ നിൽക്കുന്ന ഇഷിത ഒപ്പമുള്ളവരോട് ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. അനുചിതമായ പെരുമാറ്റമാണ് ഇഷിതയുടേത് എന്നുപറഞ്ഞാണ് വിമർശകർ വീഡിയോ പങ്കുവെച്ചത്. എന്നാൽ ദുഃഖം എന്നത് തിരക്കഥയല്ലെന്നും മറ്റാരേക്കാളും ഉച്ചത്തിൽ ചിരിച്ച ഒരു മനുഷ്യന് വിടപറയുമ്പോൾ, അദ്ദേഹത്തെ ചിരിയോടെ ഓർക്കുന്നത് ആദരവ് ഇല്ലായ്മ അല്ലെന്ന് ഇഷിത കുറിച്ചു. അതൊരു തുടർച്ചയാണെന്നും അദ്ദേഹം യഥാർഥത്തിൽ ആരായിരുന്നുവെന്ന് അറിയുന്നതാണെന്നും ഇഷിത കുറിച്ചു.

ഒരു സെക്കൻഡിനെ വളച്ചൊടിച്ചുവെന്നും നിങ്ങൾക്ക് അദ്ദേഹത്തെ അറിയുമായിരുന്നെങ്കിൽ ഇത് വിശദീകരിക്കേണ്ടി വരില്ലായിരുന്നുവെന്നും ഇഷിത കൂട്ടിച്ചേര്‍ത്തു. തങ്ങൾ ദുഃഖം പുറത്തേക്ക് കാണിക്കാറില്ലെന്നും അപരിചതരെ തൃപ്തിപ്പെടുത്താൻ ഓർമകളെ നിശബ്ദമാക്കില്ലെന്നും ഇഷിത പറഞ്ഞു. അദ്ദേഹത്തെ സത്യസന്ധമായി, ചിരിയോടെ ധീരതയോടെ ഓർക്കുന്നു. അടുത്തതവണ ഒരു നിമിഷത്തെക്കുറിച്ച് അഭിപ്രായം പറയുംമുമ്പ് അതിനുപിന്നിലെ കാര്യം അറിയാൻ ശ്രമിക്കണമെന്നും ഇഷിത കുറിച്ചു.

പീയൂഷ് പാണ്ഡൈയുടെ സഹോദരിയും നടിയും ഗായികയുമായ ഇള അരുണിന്റെ പുത്രിയാണ് ഇഷിത.

അണുബാധയെ തുടര്‍ന്നായിരുന്നു രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയായ പീയൂഷ് പാണ്ഡേയുടെ അന്ത്യം. 27-ാം വയസില്‍ 1982-ലാണ് അദ്ദേഹം ഒഗില്‍വി എന്ന പരസ്യ ഏജന്‍സിയിൽ ജോലി ആരംഭിക്കുന്നത്. പിയൂഷ് പാണ്ഡെയുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയെന്ന ഖ്യാതി ഒഗില്‍വി സ്വന്തമാക്കി. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്‌സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഗുജറാത്ത് ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും അദ്ദേഹം പരസ്യങ്ങള്‍ ചെയ്തു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച 2014-ലെ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' (ഇത്തവണ മോദിയുടെ സര്‍ക്കാര്‍) എന്ന ക്യാമ്പെയിനിന്റെ സൂത്രധാരന്‍ പീയൂഷ് പാണ്ഡെയായിരുന്നു.