ഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ നടുക്കവും ദുഃഖവും മാറുന്നതിന് മുമ്പാണ് രാജ്യം വീണ്ടുമൊരു ആകാശദുരന്തത്തിന്റെ വാര്‍ത്തകേട്ടത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ച 5.20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലാണ് അപകടമുണ്ടായത്. ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. 

To advertise here,

ലെഫ്. കേണല്‍ രാജ്‌വീര്‍ സിങ് ചൗഹാന്‍ എന്ന മുന്‍ സൈനികനായിരുന്നു ഹെലികോപ്റ്റര്‍ പറത്തിയിരുന്നത്. രാജസ്ഥാനിലെ ജയ്പുരില്‍ നിന്നുള്ള ഇദ്ദേഹം വിദഗ്ധ പൈലറ്റായിരുന്നു. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നാല് മാസം മുമ്പാണ് രാജ്‌വീറിനും ഭാര്യ ദീപികയ്ക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. തന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പമായിരുന്ന രാജ്‌വീര്‍ 20 ദിവസം മാത്രം മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. കുഞ്ഞുപിറന്നാലുള്ള രാജസ്ഥാനിലെ പരമ്പരാഗതമായ ആചാരമായ ജല്‍വ പൂജയ്ക്ക് ഈ മാസം 30-ന് പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി രാജ്‌വീറിനെ മരണം കവര്‍ന്നത്. 

Related News: 'ഗുഡ് ബൈ, ഇത് ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി'; വിമാനദുരന്തത്തിൽ മരിച്ച വിദേശിയുടെ അവസാന പോസ്റ്റ്

2009-ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന രാജ്‌വീര്‍ 15 വര്‍ഷമാണ്  അവിടെ സേവനമനുഷ്ഠിച്ചത്. സേനയിലെ മികച്ച പൈലറ്റായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം വിരമിച്ചതിനുശേഷം 2024 ഒക്ടോബറിലാണ് അദ്ദേഹം ആര്യന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ സിവില്‍ പൈലറ്റായി ജോലിയില്‍ പ്രവേശിച്ചത്. ഹെലികോപ്റ്റര്‍ പറത്തി 2000 മണിക്കൂറിന്റെ പരിചയമുള്ളയാളാണ് രാജ്‌വീര്‍. ഓപ്പറേഷൻസ് പ്ലാനിങ് ആൻഡ് ഫ്ളൈയിങ് മിഷൻ ഓവർ ചലഞ്ചിങ് ടെറൈൻസ് എന്നാണ് കരസേനയിലെ തന്റെ ജോലിയായി രാജ്‍വീർ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയത്. 

കേദാര്‍നാഥ് അപകടം

കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയോ സാങ്കേതിക തകരാറോ ആയിരിക്കാം അപകടകാരണമെന്നാണ് നിലവിലെ നിഗമനം.

ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

Also Read: കണ്ണിൽ ചോരയില്ലാത്ത ക്രൂരത; അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹോസ്റ്റലിൽ മോഷണം

ജൂണ്‍ ഏഴാം തീയതിയും കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ടേക്ക് ഓഫിനിടെ സാങ്കേതികപ്രശ്നം നേരിട്ട ഹെലികോപ്റ്റര്‍ ഹൈവേയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ അഞ്ച് യാത്രക്കാരും സുരക്ഷിതരായിരുന്നു. പൈലറ്റിന് സാരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അപകടങ്ങളെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസിന് മുന്‍പ് സാങ്കേതിക പരിശോധനയും കാലാവസ്ഥവിവരങ്ങളും നിര്‍ബന്ധമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പുവരുത്താനും പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ തയ്യാറാക്കാനുമായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Don't Miss: അവർ കുക്കിയും മെയ്തിയുമാണ്, വിമാനത്തിൽ ഒന്നിച്ച് ജീവിതം, ഒടുവിൽ മരണത്തിലും