മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ഭാര്യ ശ്ലോക മേത്തയും സുഹൃത്തുക്കൾക്കൊപ്പം പിക്ക്ൾബോൾ കളിക്കുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവർക്കുപുറമേ, ലിയോനാർഡോ ഡികാപ്രിയോ മുതൽ ആമിർ ഖാൻ, അനുഷ്ക ശർമ, വിരാട് കോലി എന്നിവർ വരെയുള്ളവർക്ക് പിക്ക്ൾബോൾ ഏറെ പ്രിയപ്പെട്ട വിനോദമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, എന്താണ് ഈ പിക്കിൾബോൾ എന്നും ആരോ​ഗ്യത്തിന് എന്ത് ​ഗുണമാണുള്ളതെന്നും നമുക്ക് പരിശോധിക്കാം. 

To advertise here,

ടെന്നീസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയ്ക്ക് സമാനമായ റാക്കറ്റ് ​ഗെയിമാണ് പിക്ക്ൾബോൾ. ടെന്നീസിൽ നിന്ന് വ്യത്യസ്തമായി അൽപ്പംകൂടെ താഴ്ന്ന നെറ്റുള്ള ഒരു കോർട്ടിലാണ് പിക്ക്ൾബോൾ കളിക്കുന്നത്. ഭാരം കുറഞ്ഞ വസ്തുക്കളാൽ നിർമിച്ച പാഡിലുകൾ ഉപയോഗിച്ച് ഒരു പ്ലാസ്റ്റിക് പന്ത് അടിക്കുന്നതാണ് വിനോദം. 

Clevelandclinic.org-ൽ 2023 നവംബർ 1-ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച ഒരു മികച്ച കായികവിനോദമാണ് പിക്ക്ൾബോൾ. ശാരീരികവും മാനസികവുമായ ആരോ​ഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പിക്ക്ൾബോൾ കളിക്കുന്നതിന് മുമ്പ് ചെറുതായി വ്യായാമം ചെയ്യാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. അനുയോജ്യമായ ഷൂ ധരിക്കുന്നതും സാവധാനം കളി ആരംഭിച്ച് ക്രമേണ സമയം വർധിപ്പിക്കുന്നതും ​ഗുണം ചെയ്യും. 

ആരോഗ്യ ഗുണങ്ങൾ
1. ഹൃദയാരോഗ്യം മെച്ചപ്പെടും

കളിക്കുമ്പോൾ ഹൃദയമിടിപ്പും ശ്വാസമെടുക്കുന്നതിന്റെ വേഗതയും കൂടുന്നു. കൂടാതെ, കലോറി എരിച്ചുകളയാനും ഈ വിനോദം സഹായിക്കും. അതിനാൽ, ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തിനും പിക്ക്ൾബോൾ കളിക്കുന്നത് നല്ലതാണ്. 

2. എല്ലുകളുടെ ബലം വർധിപ്പിക്കുന്നു
പിക്ക്ൾബോൾ പോലുള്ള കായികവിനോദങ്ങൾ പേശികളിലും എല്ലുകളിലും സമ്മർദ്ദം ചെലുത്തുന്നു. സ്ഥിരമായി പിക്ക്ൾബോൾ കളിക്കുന്നത് പേശികളുടെ ബലം മെച്ചപ്പെടുത്തും. കൂടാതെ, എല്ലുകളെ ദുർബലപ്പെടുത്തുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളേയും ഇത് തടയുന്നു. 

3. ശരീരത്തിന്റെ ബാലൻസിങ്ങും ഏകോപനവും മെച്ചപ്പെട്ടതാക്കുന്നു
മികച്ച രീതിയിൽ ബാലൻസുള്ള ശരീരം വീഴ്ചകളുടെ സാധ്യത കുറയ്ക്കുന്നു. പിക്ക്ൾബോൾ പോലുള്ള വ്യായാമങ്ങൾ ഇത് മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരത്തിനും തലച്ചോറിനും കണ്ണുകൾക്കുമിടയിലുള്ള ഏകോപനം ആവശ്യമായ വിനോദം തുലനാവസ്ഥയും ഏകോപനവും മെച്ചപ്പെടുത്തും.