അമിതാഭ് ബച്ചൻ, ശബാന ആസ്മി, ഓം പുരി തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം അഭിനയിച്ച് ശ്രദ്ധേയയായ ബോളിവുഡ് നടി പെരിസാദ് സൊറാബിയനെ ഓർമ്മയില്ലേ? ജോഗേഴ്സ് പാർക്ക്, ബോളിവുഡ് കോളിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ 2000-കളുടെ തുടക്കത്തിൽ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംനേടിയ പെരിസാദ്, ഇന്ന് കോടികൾ വിറ്റുവരവുള്ള  ബിസിനസ്സ് സാമ്രാജ്യത്തിന്റെ അമരക്കാരിയാണ്.

To advertise here,

സിനിമയിലെ തിളക്കമാർന്ന കരിയർ ഉപേക്ഷിച്ച്, തന്റെ പിതാവിന്റെ പൗൾട്രി ബിസിനസ്സ് ഏറ്റെടുത്ത പെരിസാദ് ഇന്ന് 120 കോടി രൂപ വാർഷിക വിറ്റുവരവുള്ള സൊറാബിയൻസ് ചിക്കൻ എന്ന ബ്രാൻഡിനെയാണ് നയിക്കുന്നത്.

മുംബൈയിലെ ഇറാനി കുടുംബത്തിൽ ജനിച്ച പെരിസാദിന് ചെറുപ്പം മുതലേ അച്ഛനെപ്പോലെ ബിസിനസ്സുകാരി ആകാനായിരുന്നു ആഗ്രഹം. സുകേതു ഷായുടെ അൺകവേർഡ് വിത്ത് സുകേതു ഷാ എന്ന പോഡ്‌കാസ്റ്റിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പെരിസാദ് മനസ്സ് തുറക്കുന്നുണ്ട്. 

‘എനിക്ക് എട്ട് വയസ്സുള്ളപ്പോൾ ഓന്റർപ്രണർ എന്ന വാക്ക് പോലും എനിക്ക് കൃത്യമായി ഉച്ചരിക്കാൻ അറിയില്ലായിരുന്നു. പക്ഷേ, അതായിത്തീരണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു." പെരിസാദ് സൊറാബിയൻ പോഡ്കാസ്റ്റിൽ പറഞ്ഞു. 

ന്യൂയോർക്കിൽ നിന്ന് എം.ബി.എ പൂർത്തിയാക്കിയ ശേഷമാണ് അവർ അഭിനയരംഗത്തേക്ക് ആകസ്മികമായി എത്തുന്നത്. ഒരു കുടുംബ ചടങ്ങിൽ വെച്ച് മോഡലിങ് കോ-ഓർഡിനേറ്ററുടെ ശ്രദ്ധയിൽപ്പെട്ട പെരിസാദ് 'ഫെയർ ആൻഡ് ലൗലി'യുടെ പരസ്യത്തിലൂടെയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. തുടർന്ന് നാഗേഷ് കുകുനൂറിന്റെ ബോളിവുഡ് കോളിങ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. സുഭാഷ് ഘായിയുടെ ജോഗേഴ്സ് പാർക്ക്, മോർണിംഗ് രാഗ തുടങ്ങിയ സിനിമകളിലൂടെ പെരിസാദ് ശ്രദ്ധേയയായി. അമിതാഭ് ബച്ചനൊപ്പം ഏക് അജ്നബീ എന്ന ചിത്രത്തിലും അഭിനയിച്ചു.

കുടുംബത്തിന് വേണ്ടി കരിയർ മാറ്റം

33-ാം വയസ്സിൽ ബോമൻ ഇറാനിയുമായുള്ള വിവാഹശേഷമാണ് പെരിസാദ് സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങുന്നത്. തന്റെ ബയോളജിക്കൽ ക്ലോക്ക് കൃത്യമായി ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നെന്നും ഒരു കുടുംബം ഉണ്ടാകാനും കുട്ടികളുമായി സമയം ചിലവഴിക്കാനും താൻ ആഗ്രഹിച്ചിരുന്നതായും അവർ സുകേതു ഷായുമായുള്ള ചാറ്റിൽ വ്യക്തമാക്കി. 34-ാം വയസ്സിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയതോടെ അവർ പൂർണ്ണമായും ബിസിനസ്സിലേക്ക് ശ്രദ്ധ തിരിച്ചു. അനിൽ കപൂർ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ്, സലാം-ഇ-ഇഷ്ക് തുടങ്ങിയ വലിയ സിനിമകൾ പോലും കുടുംബത്തിന് വേണ്ടി പെരിസാദ് വേണ്ടെന്നുവെച്ചു.

തകർച്ചയിൽ നിന്ന് 120 കോടിയുടെ വിജയത്തിലേക്ക്!

പെരിസാദ് ബിസിനസ്സിലേക്ക് കടന്നുവരുമ്പോൾ അവരുടെ പിതാവിന്റെ കമ്പനി വലിയ കടബാധ്യതയിലായിരുന്നു. എന്നാൽ തന്റെ ബിസിനസ്സ് ബുദ്ധിയിലൂടെ പെരിസാദ് ആ പ്രതിസന്ധികളെയെല്ലാം മറികടന്നു. കേവലം ഹോൾസെയിൽ ബിസിനസ്സായിരുന്ന കമ്പനിയെ റീട്ടെയ്ൽ, ക്വിക്ക് കൊമേഴ്സ്, റെഡി ടു കുക്ക് വിപണികളിലേക്ക് അവർ വിജയകരമായി വ്യാപിപ്പിച്ചു.

നിലവിൽ 700-ലധികം ജീവനക്കാരുള്ള കമ്പനിയുടെ വാർഷിക വിറ്റുവരവ് 120 കോടി രൂപയാണ്. തന്റെ കുട്ടികൾക്കും ബിസിനസ്സ് തിരക്കുകൾക്കും തടസ്സമാകാത്ത രീതിയിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുകയുള്ളൂ എന്നും പെരിസാദ് വ്യക്തമാക്കുന്നു.