സാരിയുടെ മുന്താണികൊണ്ട് തല മറച്ച്, പാടത്തെ പണിക്കിടയിൽ ഇംഗ്ലീഷ് ക്ലാസുകളുമായി ഇന്റർനെറ്റ് കീഴടക്കിയ നാട്ടിൻപുറത്തുകാരിയാണ് യശോദ ലോധി. കോളേജ് ബിരുദമോ ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക അധ്യാപക പരിശീലനമോ ഇല്ലാതെയാണ് പിന്നീട് യശോദ ഡിജിറ്റൽ ലോകത്ത് സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്തത്. സ്വപ്നങ്ങൾ കാണാൻ നഗരജീവിതമോ, സർവകലാശാലകളുടെ ബിരുദങ്ങളോ ആവശ്യമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു നാട്ടിൻപുറത്തുകാരി മാഡം എന്ന് അറിയപ്പെടുന്ന ഇവർ. പ്രിയങ്ക ചോപ്ര ജോനാസ് യശോദയുടെ ഒരു വീഡിയോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചതോടെ ഈ ഗ്രാമീണ അധ്യാപിക വീണ്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

To advertise here,

ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലുള്ള സിരാതു നഗർ പഞ്ചായത്തിലെ ലോധൻ കാ പുർവ എന്ന ചെറിയ ഗ്രാമത്തിലാണ് യശോദയുടെ ജനനം. ഒരു വയസ്സ് മാത്രമുള്ളപ്പോൾ കുട്ടികളില്ലാതിരുന്ന അമ്മായിയും അമ്മാവനും ചേർന്ന് യശോദയെ പഞ്ചാബിലെ ലുധിയാനയിലേക്ക് കൊണ്ടുപോയി. പന്ത്രണ്ടാംതരംവരെ അവൾ അവിടെയാണ് പഠിച്ചത്. 12-ാം ക്ലാസ് വിജയിച്ചതിന് ശേഷം ഉന്നത പഠനമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് വിവാഹശേഷം സമ്പൂർണ കുടുംബിനിയായി കഴിയുകയായിരുന്നു. അതിനിടയിലാണ് പ്രതീക്ഷിക്കാത്ത ദുരന്തങ്ങൾ തേടിയെത്തുന്നത്.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യശോദയുടെ ഭർത്താവിനെ ഒരു വാഹനം തെറ്റായ ദിശയിൽ വന്ന് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്കും കണ്ണിനും കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ചില വിരലുകൾ മുറിച്ചു മാറ്റേണ്ടി വരികയും തുടർച്ചയായി 7-8 മാസത്തോളം അദ്ദേഹം കിടപ്പിലാകുകയും ചെയ്തു. വിധിയുടെ പരീക്ഷണങ്ങൾ അവിടെയും തീർന്നില്ല; അതേ കാലയളവിൽ തന്നെ അവരുടെ ഗോതമ്പ് പാടത്തിന് തീ പിടിക്കുകയും വിളവുകൾ നശിക്കുകയും ചെയ്തു. കരിഞ്ഞുപോയ ഗോതമ്പ് പൊടിച്ച് ഉണ്ടാക്കിയ റൊട്ടി കഴിച്ചാണ് ആ വർഷം തങ്ങളുടെ കുടുംബം പട്ടിണി മാറ്റിയതെന്ന് യശോദ ഓർക്കുന്നു. ഭർത്താവ് കിടപ്പിലായതോടെ കുടുംബം പുലർത്താൻ വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ജോലി കണ്ടെത്തേണ്ട അവസ്ഥയിലായി യശോദ. അപ്പോഴാണ് വെറുമൊരു ആഗ്രഹത്തിനപ്പുറം, അതിജീവനത്തിനുള്ള മാർഗമായി ഒരു സ്മാർട്ട്‌ഫോൺ ദീപാവലി സമ്മാനമായി അവളുടെ കൈകളിലെത്തുന്നത്.

പതിനായിരം രൂപ വിലയുള്ള ഒരു സ്മാർട്ട്‌ഫോണാണ് അവൾക്ക് ലഭിച്ചത്. ജീവിതച്ചെലവിനുള്ള പണം എങ്ങനെ ഫോൺ ഉപയോഗിച്ച് കണ്ടെത്താമെന്നായിരുന്നു ഫോൺ കയ്യിൽ കിട്ടിയപ്പോൾ മുതൽ യശോദയുടെ തിരച്ചിൽ. ആദ്യം മോട്ടിവേഷൻ ചാനലും പിന്നീട് വ്‌ളോഗിങ്ങും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. പിന്നീടാണ് ഗ്രാമീണരെയും വീട്ടമ്മമാരെയും ഇംഗ്ലീഷ് പഠിപ്പിച്ചാലോ എന്ന ചിന്ത അവൾക്ക് വരുന്നത്. പക്ഷെ സ്വന്തമായി ഇംഗ്ലീഷ് അറിയാത്ത ആൾ എങ്ങനെ മറ്റുള്ളവരെ പഠിപ്പിക്കും. ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് വീഡിയോകൾ നിരന്തരം കേൾക്കുകയും അവ അനുകരിച്ച് പരിശീലിക്കുകയും ചെയ്തു. 15 ദിവസത്തെ പഠനത്തിന് ശേഷം യശോദ സ്വന്തമായി സംസാരിച്ചു തുടങ്ങി. 2023 ഡിസംബർ 26-ന് 'ഇംഗ്ലീഷ് വിത്ത് ദേഹാതി മാഡം' എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു.

തുടക്കത്തിൽ കുടുംബത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും കടുത്ത സംശയങ്ങളും എതിർപ്പുകളുമാണ് യശോദയ്ക്ക് നേരിടേണ്ടി വന്നത്. യൂട്യൂബിൽ നിന്ന് പണമൊന്നും കിട്ടില്ലെന്നും സമയം പാഴാക്കരുതെന്നും ഭർത്താവ് ആദ്യഘട്ടത്തിൽ ഉപദേശിച്ചിരുന്നു. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് മുന്നോട്ട് പോയ യശോദയെ പിന്നീട് ഭർത്താവ് പിന്തുണയ്ക്കാൻ തുടങ്ങി. ചാനൽ തരംഗമായതോടെ തന്റെ പേരിനൊപ്പം നാട്ടിൻപുറത്തുകാരി എന്നർഥം വരുന്ന ദേഹാതി എന്ന വാക്ക് യശോദ അഭിമാനത്തോടെ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെയും ബിഹാറിലെയും സാധാരണക്കാരായ ഗ്രാമീണരുടെ പ്രതിനിധിയാണ് താനെന്നാണ് അവൾ പറയുന്നത്. തികച്ചും ലളിതമായ ഗ്രാമീണ പശ്ചാത്തലത്തിലിരുന്നാണ് യശോദ വ്യാകരണ കുരുക്കുകളില്ലാത്ത ലളിതമായ ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത്. ഇന്ന് യൂട്യൂബിൽ മാത്രം 4 ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരാണ് യശോദയ്ക്കുള്ളത്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കും വീട്ടമ്മമാർക്കും തങ്ങളുടെ പരമ്പരാഗത ചിന്താഗതികൾ ഉടച്ചുവാർക്കാനും, ആത്മവിശ്വാസത്തോടെ സംസാരിക്കാനും വലിയൊരു പ്രചോദനമാണ് ഇന്ന് യശോദ ലോധി.

ആ ചാനലിപ്പോൾ പ്രിയങ്ക ചോപ്ര വരെ പങ്കുവച്ചിരിക്കുകയാണ്. 'പ്രിയങ്ക ചോപ്ര മാഡം എന്റെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്നെപ്പോലെ ഒരു ഗ്രാമീണ സ്ത്രീക്ക് ഇതൊരു വലിയ കാര്യമാണ്. നമ്മൾ ചെയ്യുന്ന കൊച്ചു കൊച്ചു ശ്രമങ്ങൾ എവിടെ വരെയെത്തുമെന്നോ, ആരൊക്കെയാണ് നമ്മളെ നിരീക്ഷിക്കുന്നതെന്നോ പറയാൻ കഴിയില്ല. പാടത്ത് ജോലി ചെയ്യുന്ന ഒരു ഗ്രാമീണ സ്ത്രീയുടെ കണ്ടന്റ്, ഞാൻ ഏറെ ആരാധിക്കുന്ന ഒരു വ്യക്തിയിലേക്ക് എത്തിയെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്.' - യശോദ സന്തോഷത്തോടെ പറഞ്ഞു. ഇതേ ദിവസം തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം 4 ലക്ഷം കടന്നുവെന്നതും യശോദയുടെ സന്തോഷത്തിന് ഇരട്ടി മധുരം നൽകി. കഠിനാധ്വാനവും ആത്മാർത്ഥതയുമുണ്ടെങ്കിൽ അതിരുകൾ ഭേദിച്ച് ഏതൊരു സാധാരണക്കാരനും ലോകശ്രദ്ധ നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് യശോദയുടെ വിജയം.