റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരിക്കുന്നതിനിടെ പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തവരാണ് പേളി മാണിയും ശ്രീനിഷും. നില, നിതാര എന്നീ രണ്ട് മക്കളുമായി സന്തോഷകരമായി മുന്നോട്ട് പോകുന്ന ഇരുവരും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ അതുപോലെ ബിഗ് ബോസ് ഹൗസിനുള്ളില്‍ മൊട്ടിട്ട മറ്റൊരു പ്രണയം കൂടി പൂവിട്ടിരിക്കുകയാണ്. പാവ്നി റെഡ്ഡി-ആമിർ പ്രണയമാണത്.

To advertise here,

ഞായറാഴ്ചയാണ് നടി പാവനി റെഡ്ഡിയും കൊറിയോഗ്രാഫര്‍ ആമിറും വിവാഹിതരായത്. ഇരുവരും 2021-ല്‍ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ അഞ്ചാം സീസണിലെ മത്സരാര്‍ഥികളായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ആമിര്‍ ഷോയിലെത്തിയത്. ചെന്നൈയിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.

ബിഗ് ബോസ് ഷോയ്ക്കിടെ ആമിറാണ് പാവനിയെ പ്രൊപ്പോസ് ചെയ്തത്. ഷോ അവസാനിച്ചശേഷം ഇരുവരും പ്രണയം തുടര്‍ന്നു. പിന്നീട് ബിബി ജോഡിഗൾ 2 എന്ന റിയാലിറ്റി ഷോയിലും ഇരുവരും പങ്കെടുത്ത് വിജയികളായിരുന്നു. 

പാവനിയുടെ രണ്ടാം വിവാഹമാണ് ഇത്. 2017 ഫെബ്രുവരി 14-ന് തെലുങ്ക് നടന്‍ പ്രദീപ് കുമാറിനെയാണ് പാവനി ആദ്യം വിവാഹം ചെയ്തത്. രണ്ടുമാസങ്ങള്‍ക്കുശേഷം പ്രദീപ് ആത്മഹത്യ ചെയ്യുകയായിരുന്നു. തെലുങ്ക്, തമിഴ് സീരിയലുകളില്‍ സജീവമാണ് പാവനി.