ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ആദ്യം വിവാഹം മാറ്റിവെയ്ക്കുകായിരുന്നു. പിന്നീട് സ്മൃതി വിവാഹത്തിൽനിന്ന് പിന്മാറിയതായി ഇൻസ്റ്റഗ്രാമിൽ കുറിപ്പും പങ്കുവെച്ചു. ഇതിന് പിന്നാലെ സ്മൃതി വിവാഹം ചെയ്യേണ്ടിയിരുന്ന ഗായകൻ പലാഷ് മുച്ഛലിനെതിരെ ഒട്ടേറെ ആരോപണങ്ങളുയർന്നു. പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് വിവാഹം മുടങ്ങാൻ കാരണം എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളുണ്ടായിരുന്നില്ല.

To advertise here,

ഇപ്പോഴിതാ ഈ ആരോപണങ്ങളെല്ലാം സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിർമാതാവുമായ വിജ്ഞാൻ മാനെ. വിവാഹാഘോഷത്തിനിടെ പലാഷിനെ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടുവെന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങൾ പലാഷിനെ തല്ലിച്ചതച്ചുവെന്നും വിജ്ഞാൻ പറയുന്നു. താൻ സ്മൃതിയുടെ ബാല്യകാല സുഹൃത്താണെന്നും മന്ദാന കുടുംബമാണ് പലാഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

ഒരു സിനിമയുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ പലാഷ് തന്റെ കൈയിൽനിന്ന് തട്ടിയെടുത്തുവെന്നും വിജ്ഞാൻ പറയുന്നു. 'നസാരിയ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്നെ കബളിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാൻ, സാംഗ്ലി പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പലാഷ് പ്രതികരിച്ചിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും പലാഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.