
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രായമായിക്കഴിഞ്ഞാല്‍ അധികം യാത്രകളൊന്നും ചെയ്യാതെ വീട്ടില്‍ ഒതുങ്ങിക്കൂടുന്നവരാണ് ഭൂരിഭാഗം പേരും. നൂറുകൂട്ടം അസുഖങ്ങളുമായി പുറത്തുപോകാനുള്ള ഭയംകൊണ്ടാണ് ഒരു വലിയ ശതമാനവും യാത്രകള്‍ക്ക് പുറപ്പെടാത്തത്. എന്നാല്‍, ഏതു പ്രായത്തിലായാലും യാത്രകള്‍ മാനസികോല്ലാസം നല്‍കുന്നതും വിഷാദരോഗം, ഏകാന്തത, ഒറ്റപ്പെടല്‍ എന്നിവയെ അകറ്റിനിര്‍ത്തുന്നതുമാണ്. പ്രായമായവരുടെ തലച്ചോറിന്റെ ആരോഗ്യത്തിനും യാത്രകള്‍ നല്ലതാണെന്ന് തെളിയിക്കുന്ന പഠനങ്ങളും ഏറെയാണ്.
ചില മുന്‍കരുതലുകളെടുത്താല്‍ ജീവിതസായാഹ്നത്തില്‍ വീട്ടിലൊതുങ്ങിക്കൂടാതെ പുതിയ കാര്യങ്ങള്‍ കണ്ടും അറിഞ്ഞും ചെലവഴിക്കാം. ഒറ്റയ്ക്കുള്ള ദൂരയാത്രകള്‍ ഒഴിവാക്കുകയാണ് നല്ലത്. കൂടെയൊരാളുണ്ടെങ്കില്‍ യാത്രചെയ്യാല്‍ ഭയപ്പെടേണ്ടതില്ല. യാത്രയ്ക്ക് പോകുമ്പോള്‍ അത്യാവശ്യമരുന്നുകള്‍, വെള്ളം, ഭക്ഷണം, ഫോണ്‍ എന്നിവ കൈയില്‍ കരുതാം.
ഫോണില്‍ ആവശ്യമായ നമ്പറുകള്‍ സ്പീഡ് ഡയലായി ക്രമീകരിക്കാം. കഴിവതും സ്മാര്‍ട്ട്ഫോണ്‍തന്നെ കൈയില്‍ കരുതാം. മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളില്‍ യാത്രപോകുന്നതിനുമുന്‍പ് ഗൂഗിള്‍ മാപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചുെവക്കാം. ഗൂഗിള്‍ മാപ്പില്‍ അടുത്തുള്ള ആശുപത്രികള്‍, എടിഎം മെഷീനുകള്‍, ഹോട്ടലുകള്‍, കടകള്‍ തുടങ്ങിയവ കണ്ടെത്തുന്നതെങ്ങനെയെന്ന് പഠിക്കാം.
യുപിഐ ആപ്പുകളില്‍ ഏതെങ്കിലും ഉപയോഗിക്കുന്നത് പഠിക്കുന്നതും നല്ലതാണ്. ഫോണില്‍ എപ്പോഴും ജിപിഎസ് ഓണാക്കിവെക്കാം. ലൊക്കേഷന്‍ ഷെയറിങ് ആപ്പുകളിലേതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തശേഷം കൂടെ യാത്രചെയ്യുന്നവരുമായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം.
പേഴ്സണല്‍ സേഫ്റ്റി എന്ന സൗജന്യ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ചെയ്യാം. ഈ ആപ്പുപയോഗിച്ച് അപകടസമയത്ത് വളരെവേഗം അടിയന്തരസേവനങ്ങളെ ബന്ധപ്പെടാനും നിങ്ങള്‍ മുന്‍കൂട്ടി സെറ്റുചെയ്ത നമ്പറുകളിലേക്ക് നിങ്ങള്‍ അപകടത്തിലാണെന്നുള്ള സന്ദേശമയക്കാനും നിങ്ങളുടെ ലൊക്കേഷന്‍ പങ്കുവെക്കാനും സാധിക്കും.
നിങ്ങള്‍ക്ക് കുറച്ചുസമയം ഒപ്പമുള്ളവരുടെ അടുത്തുനിന്ന് മാറിനില്‍ക്കേണ്ടിവരുമ്പോള്‍ ഇതിലെ 'സേഫ്റ്റി ചെക്ക്' എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. ഇതില്‍ നിങ്ങള്‍ ഒരുസമയം സെറ്റുചെയ്താല്‍ ആ സമയം കഴിയുമ്പോള്‍ നിങ്ങള്‍ സുരക്ഷിതരാണോ എന്ന് ആപ്പ് അന്വേഷിക്കും. ഇതിനു മറുപടി നല്‍കാന്‍കഴിയാത്ത അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ആപ്പ് മുന്‍കൂട്ടി സെറ്റുചെയ്ത നമ്പറില്‍ നിങ്ങള്‍ അപകടത്തിലാണെന്ന് അറിയിക്കുകയും നിങ്ങളുടെ ലൊക്കേഷന്‍ പങ്കുവെക്കുകയും ചെയ്യും. യാത്രയിലല്ലെങ്കില്‍പ്പോലും പ്രായമായവര്‍ക്ക് ഉപയോഗപ്പെടുന്ന ആപ്പാണിത്.
കരുതാം എമര്‍ജന്‍സി കാര്‍ഡ്
യാത്രപോകുമ്പോള്‍ കൈയില്‍ നിങ്ങളുടെ അത്യാവശ്യവിവരങ്ങളെഴുതിയ ഒരു 'എമര്‍ജന്‍സി കാര്‍ഡ്' കരുതാം
എമര്‍ജന്‍സി കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍:
- പേര്
- രക്തഗ്രൂപ്പ്
- നിങ്ങളുടെ ഫോണ്‍നമ്പര്‍ – അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍ (ബന്ധുക്കളുടേയോ കുടുംബാംഗ ത്തിന്റെയോ സഹായിയുടെയോ നമ്പര്‍ നല്‍കാം. കുടുംബത്തിന് അടിയന്തരസാഹചര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയില്ലെ ങ്കില്‍ അയല്‍ക്കാരുടെയോ വാര്‍ഡ് മെമ്പര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍ എന്നിവരുടെ യോ നമ്പര്‍ നല്‍കാം. കുറഞ്ഞത് രണ്ടു നമ്പറെങ്കിലും ഉള്‍പ്പെടു ത്തുക)
- പൂര്‍ണമായ അഡ്രസ് – അടുത്തുള്ള ഏതെങ്കിലും അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ (സ്‌കൂളുകളോ സര്‍ക്കാര്‍സ്ഥാപനങ്ങളോ പെട്ടെന്ന് കണ്ടെത്താന്‍കഴിയുന്ന മറ്റ് ലാന്‍ഡ്മാര്‍ക്കുകളോ) ഉള്‍പ്പെടുത്താം.
- നിങ്ങള്‍ക്കുള്ള രോഗങ്ങള്‍ – ഷുഗര്‍, പ്രഷര്‍ തുടങ്ങി അത്യാവശ്യ പരിചരണം ആവശ്യമായ രോഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
- അലര്‍ജികളുണ്ടെങ്കില്‍ പരാമര്‍ശിക്കാം – ഇത് ഒരു പേപ്പറിലെഴുതി ലാമിനേറ്റ് ചെയ്ത് കാര്‍ഡാക്കി എപ്പോഴും കൈയില്‍ കരുതാം. ചെറിയ ആവശ്യത്തിന് പുറത്തിറങ്ങുമ്പോള്‍പ്പോലും ഇത് കരുതുന്നത് നന്നാകും. ഒറ്റയ്ക്കിരിക്കുമ്പോള്‍ തലകറക്കമോ ബോധക്ഷയമോ ഉണ്ടായാല്‍ സഹായിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും. ഓര്‍മ്മക്കുറവുള്ളവരും ഇത്തരമൊരു കാര്‍ഡ് കൈയില്‍ കരുതുന്നത് നന്നാകും.
Content Highlights: Essential travel tips for older adults: How technology and precautions can combat isolation and boost mental health during journeys?
Published: 09 Nov 2025, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented