പടിക്കെട്ടുകള്‍ കയറിച്ചെല്ലുമ്പോള്‍ ചെറുപുഞ്ചിരിയോടെ നൗഫലിനെ കാത്ത് വീട്ടുമുറ്റത്തൊരാളുണ്ട്. സ്‌നേഹാന്വേഷണങ്ങളുണ്ട്. നൈരാശ്യം മൂടിയിരുന്ന നൗഫലിന്റെ കണ്ണുകളില്‍ സ്‌നേഹത്തിളക്കം. ഷഫ്‌നയുണ്ട് ഇനി കൂട്ടായി.

To advertise here,

2024 ജൂലായ് 30-നുണ്ടായ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നൗഫലിനു നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. ആ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ നൗഫല്‍ അനാഥനായി. ഭൂമിയില്‍ നൗഫലിന്റെ സ്വന്തമെന്നുപറയാന്‍ ആരുമില്ലാതെയായി. ആ ഒറ്റപ്പെടലില്‍നിന്ന് കരകയറാന്‍ സുഹൃത്തുകളും പ്രിയപ്പെട്ടവരും ഒപ്പംനിന്നു. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം അമ്പലവയല്‍ സ്വദേശിയായ ഷഫ്‌നയെ നൗഫല്‍ ജീവിതപങ്കാളിയാക്കി.

''നൗഫലിന്റെ ആലോചനവന്നപ്പോള്‍ ആദ്യം ഒരു അമ്പരപ്പായിരുന്നു. അദ്ദേഹം കടന്നുപോയ വേദനകളെക്കുറിച്ചാണ് ഓര്‍ത്തത്. പിന്നെ എല്ലാം പടച്ചോന്റെ തീരുമാനം. അടുത്തമാസം പുതിയ വീട്ടിലേക്ക് മാറും.'' -ഷഫ്‌ന പറഞ്ഞു.

ഒന്‍പതുവര്‍ഷം പ്രവാസിയായിരുന്ന നൗഫലിനെ മുന്‍പോട്ടു നയിച്ചത് കുടുംബമായിരുന്നു. കാത്തിരിക്കാന്‍... വിശേഷങ്ങള്‍ പങ്കിടാന്‍... സുഖദുഃഖങ്ങളില്‍ ഒപ്പംനില്‍ക്കാന്‍... ഒരു ഫോണ്‍ വിളിക്കപ്പുറം നാട്ടില്‍ കുടുംബമുണ്ടായിരുന്നു. അവരില്ലായെന്ന് ഉള്‍ക്കൊള്ളാന്‍ ഒരുപാട് സമയമെടുത്തുവെന്ന് നൗഫല്‍ പറയുന്നു.

വിശ്വാസപ്രകാരം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആണ്ട്. പ്രാര്‍ഥന നടത്തി. ഈ കാലമത്രയും അറിയുന്നവരും അല്ലാത്തവരുമായ ഒരുപാടുപേര്‍ ഒപ്പംനിന്നു.

കെഎന്‍എമ്മിന്റെ സഹായംകൊണ്ടു തുടങ്ങിയ കട 'ജൂലായ് 30' നന്നായി പോകുന്നുണ്ട്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും പ്രിയപ്പെട്ടവര്‍ തന്നെയാണ് കടയിലും സഹായികളായുള്ളത്. ഞങ്ങള്‍ എട്ടു കുടുംബങ്ങള്‍ക്ക് ജീവിക്കാനുള്ള വഴിയാണത്. മസ്‌ക്കറ്റ് കെഎംസിസി നല്‍കുന്ന വീട് മുട്ടില്‍പ്പീടികയില്‍ പൂര്‍ത്തിയായി. അടുത്തമാസം താമസംമാറും -നൗഫല്‍ പറഞ്ഞു. ''ഇനി ഒന്നു ചിരിക്കാനാകുമെന്നുപോലും കരുതിയതല്ല, എല്ലാം ദൈവത്തിന്റെ തീരുമാനം'' -നൗഫല്‍ പറഞ്ഞു.