2017-ലാണ് ബ്ലാഡർ കാൻസറിനെ തുടർന്ന് നടനും നിർമാതാവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്ന വിട പറയുന്നത്. കടുത്ത നിർജലീകരണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ബ്ലാഡർ കാൻസർ സ്ഥിരീകരിക്കുകയായിരുന്നു. അവസാന സ്റ്റേജിലായതിനാൽതന്നെ രക്ഷപ്പെടാനുള്ള സാധ്യതയും കുറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ മരണവും സംഭവിച്ചു.

To advertise here,

ഇപ്പോഴിതാ അദ്ദേഹത്തിന്റെ രോഗകാലത്തെ കുറിച്ച് സംസാരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകയും ഭാര്യയുമായ കവിതാ ഖന്ന. ബ്ലാഡർ കാൻസർ സ്ഥിരീകരിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് 2001-ൽ വിനോദ് ഖന്നയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചിരുന്നുവെന്ന് അവർ പറയുന്നു. രൂക്ഷമായ പുകവലിയായിരുന്നു കാരണമെന്നും യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു.

'2001-ൽ വിനോദിന് ശ്വാസകോശ അർബുദം കണ്ടെത്തി. അദ്ദേഹം പതിവുപോലെ പരിശോധനയ്ക്ക് പോയപ്പോൾ ശ്വാസകോശത്തിൽ പാടുകൾ കണ്ടു. ഒരു ദിവസം 40 മുതൽ 80 വരെ സിഗരറ്റുകൾ വലിക്കുമായിരുന്നു. മുംബൈയിലെ പ്രമുഖ എംആർഐ വിദഗ്ധരെ ഞങ്ങൾ സന്ദർശിച്ചു. അവരെല്ലാം അത് ശ്വാസകോശ അർബുദമാണെന്ന് പറഞ്ഞു. അർബുദം ബാധിച്ച ഭാഗം നീക്കം ചെയ്യേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.

കവിതയും വിനോദ് ഖന്നയും രോഗനിർണയം രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിക്കുകയും ശസ്ത്രക്രിയയ്ക്ക് മുമ്പ് അവരുടെ ആത്മീയ നേതാവായ ശ്രീ ശ്രീ രവി ശങ്കറിന്റെ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്തു. ആത്മീയഗുരുവിന്റെ നിർദേശപ്രകാരം എയിംസിലെ ഓങ്കോളജി വിഭാഗം മേധാവിയെ കണ്ടു. ശസ്ത്രക്രിയ കുറച്ച് നാളത്തേക്ക് മാറ്റിവെയ്ക്കാൻ പറ്റുമോ എന്നാണ് ഡോക്ടറോട് വിനോദ് ചോദിച്ചത്.

ശസ്ത്രക്രിയയ്ക്ക് പകരം മറ്റെന്തെങ്കിലും പരീക്ഷിക്കണമെന്നും വിനോദ് കരുതി. അങ്ങനെ ശസ്ത്രക്രിയ മാറ്റിവെച്ചു. ഋഷികേശിലെ ഒരു ആശ്രമത്തിലേക്ക് അദ്ദേഹം മാറി. കുറേനാൾ ശ്വസന വ്യായാമങ്ങളിലും സുദർശൻ ക്രിയയിലും ശ്രദ്ധിച്ചു. പിന്നീട് ഞങ്ങൾ ജർമനിയിലേക്ക് പോയി. ഒരു സായാഹ്നത്തിൽ, വിനോദിന് തോളെല്ലിന് ചുറ്റുമായി ശക്തമായ വേദനയുണ്ടായി. രണ്ട് ദിവസം അദ്ദേഹം വേദനയോടെ കിടന്നു. അപ്പോൾ ഗുരുദേവ് അദ്ദേഹത്തെ കാണാൻ വരികയും എക്‌സ്‌റേ എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വാരിയെല്ല് ഒടിഞ്ഞിരുന്നില്ല. പക്ഷേ പ്രധാനപ്പെട്ട കാര്യം കാൻസർ അപ്രത്യക്ഷമായിരുന്നു എന്നതാണ്. അവിശ്വസനീയം! ഞങ്ങൾ ലണ്ടൻ വഴി തിരിച്ചെത്തി. അവർ എല്ലാ റിപ്പോർട്ടുകളും പരിശോധിച്ചു. പൂർണ്ണമായ രോഗശാന്തി സംഭവിച്ചുവെന്ന് വിശ്വസിക്കാൻ അവർക്ക് കഴിഞ്ഞില്ല.' കവിത പറയുന്നു.

ഏതാണ്ട് പത്ത് വർഷത്തിനുശേഷം വിനോദ് ഖന്നയ്ക്ക് ബ്ലാഡർ കാൻസറുണ്ടെന്ന് കണ്ടെത്തി. രണ്ട് വർഷത്തിൽ കൂടുതൽ ജീവിക്കാൻ 25 ശതമാനം സാധ്യത മാത്രമേയുള്ളൂവെന്ന് അന്ന് ഡോക്ടർമാർ പറഞ്ഞു. 'ഞാൻ പൂർണ്ണമായ ജീവിതം ജീവിച്ചു. എന്റെ പോകാനുള്ള സമയം വന്നെങ്കിൽ, പോകാൻ ഞാൻ തയ്യാറാണ്. പക്ഷെ എന്റെ ശരീരത്തെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' എന്ന് വിനോദ് ഖന്ന ഗുരുദേവിനോട് പറഞ്ഞു. ഗുരുദേവ് അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് വന്ന് പഞ്ചകർമ്മ ചെയ്യാൻ ആവശ്യപ്പെട്ടു. രോഗം കണ്ടെത്തി രണ്ട് വർഷത്തിനുള്ളിൽ കാൻസർ അപ്രത്യക്ഷമായി. ഞങ്ങൾ അമേരിക്കയിലാണ് സ്‌കാൻ ചെയ്തുനോക്കിയത്.'-കവിത പറയുന്നു. അതിനുശേഷം അവരുടെ ആത്മീയ ഗുരു വിനോദ് ഖന്നയോട് മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം എല്ലാ വൈകുന്നേരങ്ങളിലും ഒന്നോ രണ്ടോ ഗ്ലാസ് മദ്യം കഴിക്കുമായിരുന്നുവെന്നും കവിത വെളിപ്പെടുത്തി. രണ്ട് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ബ്ലാഡർ കാൻസർ തിരിച്ചുവന്നുവെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും കവിത പറയുന്നു.