ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരവും സമ്പന്നമായ പൈതൃകവും ആഴത്തിലുള്ള ആത്മീയതയും ഊഷ്മളമായ ആതിഥ്യമര്യാദയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഓരോ വർഷവും വലിയൊരു വിഭാഗം സഞ്ചാരികൾ ഇന്ത്യയുടെ വിവിധ കോണുകൾ സന്ദർശിക്കുകയും ഇവിടുത്തെ സംസ്‌കാരത്തിൽ മുഴുകുകയും ചെയ്യുന്നു.

To advertise here,

പലപ്പോഴും ഇന്ത്യ സന്ദർശിക്കുന്ന വിദേശികളുടെ പ്രധാന വിമർശനങ്ങളിലൊന്ന് ഇന്ത്യൻ നഗരങ്ങൾ അഴുക്കും മാലിന്യവും നിറഞ്ഞവയാണെന്നാണ്. എന്നാൽ ആ ധാരണ തിരുത്തുകയാണ് ന്യൂയോർക്കിൽ നിന്നുള്ള ട്രാവൽ ഇൻഫ്‌ലുവൻസറായ ക്ലോയി ജേഡ്. കൊച്ചി നഗരത്തെ ചൂണ്ടിക്കാട്ടി ഇന്ത്യ മുഴുവനായും അഴുക്ക് നിറഞ്ഞരാജ്യമെന്ന് മുദ്രകുത്താനാവില്ലെന്ന് ക്ലോയി പറയുന്നു.

നഗരത്തിലെ സൗകര്യങ്ങളിൽ ആകൃഷ്ടയായ ക്ലോയി .'ഇന്ത്യ അഴുക്കുള്ള രാജ്യമല്ല' എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ക്ലോയി സാക്ഷ്യപ്പെടുത്തുന്നു.'ഇന്ത്യ അഴുക്കുള്ള നഗരമാണെന്ന് ആളുകൾ പറയാറുണ്ട്, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് അങ്ങനെയല്ല,' അവർ പറഞ്ഞു. വീഡിയോയിലൂടെ, ഇന്ത്യയിലെ ശുചിത്വത്തെക്കുറിച്ചുള്ള പൊതുവായ മുൻധാരണകളെ ക്ലോയി വെല്ലുവിളിക്കുകയും നഗരത്തിലെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

'ഞാൻ ഇപ്പോൾ ഇന്ത്യയിലെ കേരളത്തിലൂടെ യാത്ര ചെയ്യുകയാണ്. പലപ്പോഴും ഇന്ത്യയെക്കുറിച്ച് കേൾക്കുന്ന ആദ്യത്തെ കാര്യം 'ഇന്ത്യ അഴുക്കുള്ള രാജ്യമാണ്' എന്നതാണ്. ഇത് എന്റെ രണ്ടാം സന്ദർശനമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങൾ അല്പം അഴുക്കുള്ളതാണെങ്കിലും രാജ്യത്തെ മുഴുവൻ അത്തരത്തിൽ കാണാൻ കഴിയില്ല'. വീഡിയോയിൽ, വൃത്തിയായി പരിപാലിക്കുന്ന നടപ്പാതകളും റോഡുകളും അവർ എടുത്തുപറയുന്നുണ്ട്. റോഡരികിലെ മാലിന്യങ്ങളുടെ അഭാവവും പൊതുസ്ഥലങ്ങളിലെ ശുചിത്വവും അവർ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളിൽ കാണുന്നതിനപ്പുറം ഇന്ത്യയെ അടുത്തറിയണമെന്നും വിസ്തൃതമായ ഈ രാജ്യത്ത് വൈവിധ്യമാർന്ന അനുഭവങ്ങളാണ് കാത്തിരിക്കുന്നതെന്നും അവർ പറയുന്നു. നഗരത്തിലെ വൃത്തിയുള്ള അടുക്കളകളും ഗ്ലൗസ് ഉപയോഗിച്ച് ഭക്ഷണം വിളമ്പുന്നതും ഇവടുത്തെ രുചിയുമെല്ലാം ക്ലോയി വീഡിയോയിൽ എടുത്തുകാണിക്കുന്നു.

കൊച്ചിയിലെ മെട്രോ ഫെറിയിലുള്ള യാത്രയായിരുന്നു ക്ലോയിയുടെ പ്രധാന അനുഭവങ്ങളിലൊന്ന്. ബോട്ടിലെ ശുചിത്വത്തെയും കാര്യക്ഷമതയെയും അവർ പ്രശംസിച്ചു. പുനരുപയോഗിക്കാവുന്ന ഊർജം (Renewable Energy) ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

സമീപകാലത്തായി സോഷ്യൽ മീഡിയയിൽ കേരളത്തിലെ ജനജീവിതം വലിയ ചർച്ചയാവുന്നുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മലയാളികൾ കാണിക്കുന്ന പൊതുബോധവും മര്യാദയും അന്യസംസ്ഥാന വ്‌ലോഗർമാർ വരെ ചൂണ്ടിക്കാണിക്കുന്ന വിഷയമാണ്. കേരളത്തിൽ ഇക്കാലത്തിനിടെ നടപ്പാക്കിയ അടിസ്ഥാനസൗകര്യ വികസനങ്ങളും പ്രകൃതി ഭംഗിയും ആഹാരവും സംസ്‌കാരവുമെല്ലാം വ്‌ളോഗകർമാരെ ആനന്ദിപ്പിക്കുന്ന ഇഷ്ടവിഷയങ്ങളാണ്.