തിരുവനന്തപുരം: പച്ചപ്പിനും കോടമഞ്ഞിനും നടുവിലിരുന്ന് ലാപ്ടോപ്പ് തുറക്കാൻ അവസരമൊരുക്കി സംസ്ഥാന വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.).
‘വർക്ക് ഫ്രം ഹോം’ ജീവനക്കാർക്കും പ്രൊഫഷണലുകൾക്കുമൊക്കെ ഇവിടെ താമസിച്ചു ജോലി ചെയ്യാം.
വനംവകുപ്പിന്റെ മേൽനോട്ടത്തിൽ ഗവിയിലും സൂര്യനെല്ലിയിലുമാണ് 'വർക്കേഷൻ' പദ്ധതി തുടങ്ങിയത്. ജോലിയും (വർക്ക്) അവധിക്കാലവും (വെക്കേഷൻ) ഒന്നിക്കുന്നതാണ് വർക്കേഷന്റെ പ്രത്യേകത.
ഹൈ-സ്പീഡ് വൈഫൈ, കഫെറ്റീരിയ സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജോലിക്കിടെ കാട്ടിലൂടെ ട്രക്കിങ്ങിനും അവസരമുണ്ട്. മൂന്നുദിവസത്തെ താമസവും ഭക്ഷണവും ട്രക്കിങ്ങുമടക്കം 14,000 രൂപയാണ് നിരക്ക്. ഒരു മുറിയിൽ രണ്ടുപേർക്ക് താമസിക്കാം. ആദ്യഘട്ടത്തിൽ നാലുമുറികളാണ് തയ്യാറാക്കിയത്.
കാടിന്റെ മടിത്തട്ടിൽ ഗവി
: പത്തനംതിട്ട ജില്ലയിൽ പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ വനമേഖലയിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,036 മീറ്റർ ഉയരത്തിലാണ് ഗവി. കുമളിയിൽനിന്ന് 28 കിലോമീറ്ററും വണ്ടിപ്പെരിയാറിൽനിന്ന് 14 കിലോമീറ്ററും ദൂരം. താപനില 15-17 ഡിഗ്രി മുതൽ 24-27 ഡിഗ്രി സെൽഷ്യസ് വരെ.
തേയിലയും മഞ്ഞും നിറഞ്ഞ സൂര്യനെല്ലി
: ഇടുക്കി ജില്ലയിൽ മൂന്നാറിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ചിന്നക്കനാൽ പഞ്ചായത്തിലെ മലയോര ഗ്രാമം. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടങ്ങളിലൊന്നായ കൊളുക്കുമലയിലേക്കുള്ള കവാടം. കൊളുക്കുമലയിലെ സൂര്യോദയവും ആനയിറങ്കൽ അണക്കെട്ടും പ്രധാന ആകർഷണം.
ലോകം വർക്കേഷനിലേക്ക്
ജപ്പാൻ: ദേശീയോദ്യാനങ്ങളിലും ചൂടുനീരുറവ കേന്ദ്രങ്ങളിലും വൈഫൈയും ജോലിസ്ഥലങ്ങളും ഒരുക്കാൻ 2020-ൽ പരിസ്ഥിതി മന്ത്രാലയം പദ്ധതി തുടങ്ങി.
ബാർബഡോസ്: വിദേശികൾക്ക് ഒരു വർഷംവരെ താമസിച്ച് ജോലിചെയ്യാവുന്ന 'വെൽക്കം സ്റ്റാമ്പ്' 2020-ൽ തുടങ്ങി.
എസ്തോണിയ: 'ഡിജിറ്റൽ നൊമാഡ് വിസ' ആദ്യം അവതരിപ്പിച്ച രാജ്യങ്ങളിലൊന്ന്.
ഇൻഡൊനീഷ്യ (ബാലി): വിദൂരജോലിക്കാർക്ക് പ്രത്യേക വിസ. ഡിജിറ്റൽ നൊമാഡുകളുടെ പ്രിയകേന്ദ്രം. ഇത്തരം വിസ നൽകുന്ന 48 രാജ്യങ്ങളുണ്ടെന്ന് 2026-ലെ പാസ്പോർട്ടിവിറ്റി ഡിജിറ്റൽ നൊമാഡ് വിസ സൂചിക പറയുന്നു. ന്യൂസീലൻഡ്, ഡൊമിനിക്ക, മാൾട്ട, ഓസ്ട്രേലിയ, മലേഷ്യ എന്നിവയാണ് മുന്നിൽ.
Content Highlights: KFDC launched workation project in Gavi and Suryanelli for remote professionals.
Published: 01 Oct 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented