
കണ്ണൂർ: അമിതവണ്ണം നിർണയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവേഷകർ. മുൻപത്തെപോലെ ഇനി ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.) മാത്രം നോക്കിയാൽ പോരാ. അരയുടെ ചുറ്റളവ്, അരയുടെയും പൊക്കത്തിന്റെയും അനുപാതം എന്നിവ പ്രധാന അളവുകോലാകും. സ്ത്രീകളിൽ 80 സെന്റീമീറ്റർ, പുരുഷന്മാരിൽ 90 സെന്റീമീറ്റർ എന്നതാണ് അരക്കെട്ടിന്റെ അനുയോജ്യമായ പരമാവധി ചുറ്റളവ്. ഈ പരിധി കടക്കുമ്പോൾ അമിതവണ്ണത്തിലേക്ക് നീങ്ങുന്നുവെന്ന് അനുമാനിക്കേണ്ടിവരും. അരയുടെയും പൊക്കത്തിന്റെയും അനുപാതം 0.5-ൽ അധികവുമാകരുത്. ബി.എം.ഐ. സാധാരണ നിലയിലാണെങ്കിലും അരവണ്ണം കൂടുതലാണെങ്കിൽ അമിതവണ്ണമെന്ന വിഭാഗത്തിൽ വരും. 2009 മുതൽ ബി.എം.ഐ. മാത്രം അടിസ്ഥാനമാക്കിയാണ് അമിതവണ്ണം നിശ്ചയിച്ചിരുന്നത്.
നാഷണൽ ഡയബറ്റിസ് ഒബസിറ്റി ആൻഡ് കൊളസ്ട്രോൾ ഫൗണ്ടേഷൻ (എൻ-ഡി.ഒ.സി.), ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഫോർട്ടിസ് സി.ഡി.ഒ.സി. ആസ്പത്രി എന്നിവിടങ്ങളിലെ വിദഗ്ധർ ചേർന്നാണ് അമിതവണ്ണ നിർണയത്തിന് പുതിയ അളവുകോലുകൾകൂടി നിശ്ചയിച്ചത്. വയറിനുചുറ്റും കൊഴുപ്പടിയുന്നത് ഇന്ത്യക്കാരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന തിരിച്ചറിവിലാണിത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് മറ്റിടങ്ങളിൽ അടിയുന്ന കൊഴുപ്പിനേക്കാളും ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ഹൃദയധമനിരോഗങ്ങൾ, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർ, ഒബ്സട്രക്ടീവ് സ്ലീപ് അപ്നിയ, മുട്ടുവേദന എന്നിവയ്ക്കൊക്കെ അമിതവണ്ണം സാധ്യതയൊരുക്കുന്നു.
രണ്ട് ഘട്ടങ്ങൾ
:ബി.എം.ഐ. 22.9 വരെ സാധാരണ, 23-24.9 അമിതഭാരം, 25-26.9 അമിതവണ്ണം, ഇതിന് മുകളിൽ പൊണ്ണത്തടി എന്നിങ്ങനെയായിരുന്നു നേരത്തേ അളവുകോൽ. പുതിയ രീതിയിൽ രണ്ടുതരം വർഗീകരണമാണ്. ബി.എം.ഐ. 23-ൽ കൂടുതലാണെങ്കിൽ അമിതവണ്ണം സ്റ്റേജ് ഒന്ന്. രണ്ടാമത്ത സ്റ്റേജിൽ വ്യക്തിക്ക് അമിതഭാരം, വയറിന് ചുറ്റും കൊഴുപ്പടിയൽ, ഇടുപ്പിന്റെ ചുറ്റളവ് കൂടുതൽ, പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ.
Content Highlights: Researchers introduce new obesity criteria considering waist circumference and waist-to-height ratio
Published: 18 Jan 2025, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented