2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിലാകുമെന്ന മുന്നറിയിപ്പുമായി ഐ.സി.എം.ആർ. രംഗത്തെത്തിയിരുന്നു. കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണമെന്നു വ്യക്തമാക്കി നയരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടികളിലെ അമിതവണ്ണം തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. മരുന്നും സർജറിയുമല്ല മറിച്ച് ആഹാരരീതിക്കും വ്യായാമത്തിനും മാനസികാരോഗ്യത്തിനുമാണ് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇതിനെ മറികടക്കേണ്ടതെന്ന് ലോകാരോഗ്യസംഘട വ്യക്തമാക്കുന്നു.
കുട്ടികളിലും കൗമാരക്കാരിലും ഉയർന്നുവരുന്ന അമിതവണ്ണം പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ പങ്കുവെക്കവേയാണ് കുട്ടികളിലെ അമിതവണ്ണത്തിനുള്ള പരിഹാരം മരുന്നോ, ശസ്ത്രക്രിയോ അല്ലെന്ന് ലോകാരോഗ്യസംഘടന പറഞ്ഞത്. പകരം ചിട്ടയായ ആഹാരരീതിക്കും ശാരീരിക വ്യായാമത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. മാനസികാരോഗ്യത്തിനും പ്രത്യേക പരിഗണ നൽകണം. ഒമ്പതുവയസ്സുവരെ പ്രായമുള്ള കുട്ടികളിൽ അന്നനാളത്തിലോ, വയറിലോ മാറ്റങ്ങൾ വരുത്തിയുള്ള ശസ്ത്രക്രിയകളോ, മരുന്നുകളിലൂടെ വണ്ണംകുറയ്ക്കുന്ന രീതിയോ ലാേകാരോഗ്യസംഘടന നിർദേശിക്കില്ല. പത്തുമുതൽ പത്തൊമ്പതു വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രം അംഗീകൃത മരുന്നുകൾ ഉപയോഗിക്കാം. ജീവിതരീതിയിൽ മാറ്റം വരുത്തി ഫലംകണ്ടില്ലെങ്കിൽ മാത്രമേ ആ വിഭാഗത്തിലും മരുന്ന് ഉപയോഗിക്കാവൂ എന്നും ലോകാരോഗ്യസംഘടന പറയുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2024-ൽ അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള ഏഴുകോടി കുട്ടികളും പത്തിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ള പത്തുകോടി കുട്ടികളും അമിതവണ്ണമുള്ളവരാണ്. ആഗോളതലത്തിൽ എല്ലായിടങ്ങളിലും അമിതവണ്ണം കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ ന്യൂട്രീഷ്യൻ& ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് വിഭാഗം ഡയറക്ടർ ലുസ് മരിയ ഡി റെജിൽ പറഞ്ഞു. വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലാണ് ഈ നിരക്ക് കൂടുന്നത്.
2030 ആകുമ്പോഴേക്കും കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിൽ, ഇടപെടലുമായി ICMR
അമിതവണ്ണത്തെ തടയാൻ ആരോഗ്യകരമായ ഭക്ഷണരീതിക്കും ചിട്ടയായ വ്യായാമത്തിനും ഒപ്പം മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണമെന്നും ലോകാരോഗ്യസംഘടന ഊന്നിപ്പറയുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും ആത്മവിശ്വാസക്കുറവുമൊക്കെ കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണരീതിക്കും വ്യായാമക്കുറവിനും കാരണമാകും, ഇത് ക്രമേണ അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കുട്ടികൾ പലപ്പോഴും സമൂഹത്തിൽ നിന്ന് കുറ്റപ്പെടുത്തലും പരിഹാസവും കേൾക്കാറുള്ളതിനാൽ സാമൂഹികമായ ഇടങ്ങളിൽ നിന്നും പിൻവലിയും.
ടൈപ് 2 പ്രമേഹമോ, ഹൈപ്പർടെൻഷനോ പോലുള്ള സങ്കീർണതകളുമായി ജീവിക്കുന്ന അമിത വണ്ണക്കാരിൽ മാത്രമേ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ പോലുള്ളവ നിർദേശിക്കാവൂ എന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർക്കുന്നു.
കുട്ടികളിലെയും കൗമാരക്കാരിലെയും അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ഡയബറ്റിസ്, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്നത് തടയുക ലക്ഷ്യമിട്ടാണ് അടുത്തിടെ ഐ.സി.എം.ആറും മാർഗരേഖ പുറത്തിറക്കിയത്. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ സ്വമേധയാലുള്ള സ്വയം നിയന്ത്രണത്തിനപ്പുറം നിർബന്ധിതമായ നിയന്ത്രണങ്ങളും അത്യാവശ്യമാണെന്ന് ഐ.സി.എം.ആർ. പറയുന്നു. പ്രലോഭിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നിരോധിക്കണം. പാക്കറ്റിലുള്ള ഉത്പന്നങ്ങളുടെ മുൻഭാഗത്ത് പോഷകങ്ങൾ സംബന്ധിച്ച ലേബലിങ് നൽകിയിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളിലും സമീപത്തുള്ള ഭക്ഷ്യവിതരണ മേഖലകളിലും ജങ്ക് ഫുഡ് ലഭ്യത നിയന്ത്രിക്കുകയും പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുകയും ചെയ്യണമെന്നും നിർദേശത്തിലുണ്ടായിരുന്നു. കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും പഞ്ചസാര പാനീയങ്ങൾക്കും ആരോഗ്യ നികുതി ഏർപ്പെടുത്തണമെന്നും ഐ.സി.എം.ആർ. പറഞ്ഞിരുന്നു.
Content Highlights: World health organization emphasizes healthy eating and exercise to combat obesity in children.
Published: 08 Oct 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented