'അങ്ങേയറ്റം വൈകാരികമായ നിമിഷമാണിത്. പ്രത്യേകിച്ച് എനിക്ക്. കഴിഞ്ഞ ആറ് മാസമായി ഒരക്ഷരം മിണ്ടിയിരുന്നില്ല...മോശമായിരുന്നു കാര്യങ്ങള്‍. പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു...'-ട്വന്റി-20 ലോകകിരീടം നേടിയതിന് പിന്നാലെ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വാക്കുകളാണിത്. കുറച്ച് കാലങ്ങളായി ഹാര്‍ദിക് കടന്നുപോയ പ്രതിസന്ധികള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ കേള്‍ക്കേണ്ടിവന്ന പരിഹാസങ്ങള്‍ക്കും ഇതില്‍ മറുപടിയുണ്ട്. രോഹിതിനെ മാറ്റി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹാര്‍ദികിനെ കൊണ്ടുവന്നതുമുതല്‍ താരം കേള്‍ക്കാത്ത പഴികളില്ല. ഐപിഎല്ലിലെ മോശം പ്രകടനത്തിനൊപ്പം ഗാലറിയില്‍ നിന്നുള്ള ആരാധകരുടെ കൂവലുകളും ഹാര്‍ദികിന് സഹിക്കേണ്ടിവന്നു. 

To advertise here,

അതു മാത്രമല്ല, വ്യക്തിജീവിതത്തിലും ഹാര്‍ദിക് പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരും വഴിപിരിയാന്‍ പോകുകയാണെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കി. സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നറായ അലക്‌സാണ്ടര്‍ ഇലിക്കിനൊപ്പമുള്ള നടാഷയുടെ ചിത്രങ്ങളും ചര്‍ച്ചകളെ ആളിക്കത്തിച്ചു.

ഇപ്പോഴിതാ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് തെളിയിക്കുന്ന പുതിയ സംഭവവികാസങ്ങളാണുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ട് ഒരൊറ്റ പോസ്റ്റ് പോലും നടാഷ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടില്ല. അനുഷ്‌കയും റിതികയുമെല്ലാം പങ്കാളികളെ പ്രശംസിച്ച് പോസ്റ്റിട്ടപ്പോള്‍ നടാഷ മൗനം പാലിക്കുകയാണ്. കിരീടം ഏറ്റുവാങ്ങിയശേഷം അത് ഗ്രൗണ്ടില്‍വെച്ച് 'ആറ്റിറ്റിയൂഡ്' ഇട്ട് നില്‍ക്കുന്ന തന്റെ ചിത്രം ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും ചര്‍ച്ചയ്ക്ക് കാരണമായി. നടാഷയ്ക്കുള്ള താരത്തിന്റെ മറുപടിയാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

ഇതുകൂടാതെ മത്സരശേഷം ഹാര്‍ദിക് വീഡിയോ കോള്‍ ചെയ്യുന്ന ചിത്രങ്ങളും വൈറലായി. നടാഷയെയാണ് ഹാര്‍ദിക് വിളിക്കുന്നതെന്ന് ആദ്യം ആരാധകര്‍ പറഞ്ഞുവെങ്കിലും പിന്നീട് അത് തിരുത്തപ്പെട്ടു. ഹാര്‍ദിക് സഹോദരനും ക്രിക്കറ്റ് താരവുമായ ക്രുണാലിനേയും അമ്മ നളിനിയേയുമാണ് വീഡിയോ കോള്‍ ചെയ്തതെന്ന് ആരാധകര്‍ പറയുന്നു. എല്ലാ വിജയങ്ങള്‍ക്കുശേഷവും താന്‍ ആദ്യം വിളിക്കുക സഹോദരനെയാണെന്ന് നേരത്തെ ഹാര്‍ദിക് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്.

അതേസമയം ഹാര്‍ദികിനും ഇന്ത്യക്കും ആശംസ അറിയിച്ച് ക്രുണാലും ഭാര്യ പങ്കുരി ശര്‍മയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഹാര്‍ദിക്കിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഒരു നീണ്ട കുറിപ്പിലൂടെയാണ് പങ്കുരി കുഞ്ഞനിയന് ആശംസ അറിയിച്ചത്. 'എച്ച്പി, നിന്നില്‍ ഞങ്ങള്‍ ഒരുപാട് അഭിമാനിക്കുന്നു. എനിക്ക് വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. പ്രതിസന്ധികളേയും അപമാനങ്ങളേയും നേരിട്ട് നീ വിജയത്തിലേക്ക് സഞ്ചരിച്ച വഴിയോര്‍ത്ത് അഭിമാനം മാത്രം. നിന്നെ പരിസഹിച്ച, കൂവി വിളിച്ച ആളുകള്‍ക്കുള്ള മറുപടിയാണിത്.' പങ്കുരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം ഹാര്‍ദിക്കിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും സന്തോഷക്കണ്ണീരോടെയുള്ള ചിത്രവും പങ്കുരി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരുപാട് സ്‌നേഹം ബബ്‌സ്' എന്നാണ് ഇതിന് മറുപടിയായി ഹാര്‍ദിക് കമന്റ് ചെയ്തത്.