ഇന്‍ഫോസിസ് സ്ഥാപകനും ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയുമാണ് എന്‍.ആര്‍. നാരായണമൂര്‍ത്തി. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വര്‍ക്ക് ലൈഫ് ബാലന്‍സ് എന്ന സങ്കല്‍പ്പത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുമുണ്ടായി. എന്നാലിപ്പോഴിതാ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യേണ്ടതിന് പകരം ക്രിക്കറ്റ് കളി ആസ്വദിക്കുന്ന നാരായണ മൂര്‍ത്തിയെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

To advertise here,

വാങ്കഡെ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 മത്സരം കാണാനാണ് നാരായണമൂര്‍ത്തി എത്തിയത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും തന്റെ മരുമകനുമായ ഋഷി സുനകിനൊപ്പമാണ് നാരായണമൂര്‍ത്തി മത്സരം കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഋഷി സുനക് എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോക്താക്കള്‍ നാരാണയണ മൂര്‍ത്തിക്കെതിരായ ട്രോളുകളുമായി രംഗത്തെത്തിയത്. 

ഇന്‍ഫോസിസിലെ ജീവനക്കാര്‍ രാത്രിയും പകലുമെന്നില്ലാതെ ജോലി ചെയ്യുമ്പോള്‍ നാരായണ മൂര്‍ത്തി ക്രിക്കറ്റ് കണ്ട് ജീവിതം ആസ്വദിക്കുകയാണെന്ന് പലരും കുറ്റപ്പെടുത്തി. വെറുതെ ക്രിക്കറ്റ് കളിച്ച് ജീവിതം കളയരുതെന്ന് ഇന്ത്യന്‍ ടീമംഗങ്ങളെ ഉപദേശിക്കാനാകും അദ്ദേഹം എത്തിയതെന്നായിരുന്നു ഒരു വിരുതന്റെ കണ്ടെത്തല്‍. അദ്ദേഹം കളി കാണുകയല്ലെന്നും തന്റെ കമ്പനിക്കായി മാര്‍ക്കറ്റിങ് ചെയ്യാന്‍ എത്തിയതാണെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

എക്‌സിലും റെഡ്ഡിറ്റിലുമായിരുന്നു കൂടുതല്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ നാരായണ മൂര്‍ത്തിയോ ഇന്‍ഫോസിസോ തയ്യാറായിട്ടില്ല. നേരത്തെ എല്‍ ആന്‍ ടി ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യനും നാരായണ മൂര്‍ത്തിയുടേതിന് സമാനമായ പരാമര്‍ശം നടത്തി വിവാദത്തിലായിരുന്നു. 90 മണിക്കൂര്‍ ജോലി ചെയ്യണമെന്നും ആവശ്യമെങ്കില്‍ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നുമായിരുന്നു എല്‍.ആന്‍ഡ് ടി. ചെയര്‍മാന്റെ പരാമര്‍ശം.