
ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്ക് മാസം എത്ര രൂപ സമ്പാദിക്കാന്‍ കഴിയും? എത്രയൊക്കെയായാലും മാസം ലക്ഷങ്ങള്‍ സമ്പാദിക്കുക അസാധ്യമാണ്. എന്നാല്‍ ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാസം സമ്പാദിക്കുന്നത് എട്ട് ലക്ഷം രൂപ വരെയാണ്. അതും മുംബൈ പോലൊരു മഹാനഗരത്തില്‍, വണ്ടിയോടിക്കാതെ. എങ്ങനെയാകും അത്?
ബെംഗളൂരുവില്‍ നിന്നുള്ള സംരംഭകനായ രാഹുല്‍ രുപാണി ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പിലാണ് രസകരമായ ഇക്കാര്യം പറയുന്നത്. അശോക് എന്നാണ് ഈ ഡ്രൈവറുടെ പേര്. മുംബൈയിലെ യുഎസ് കോണ്‍സുലേറ്റാണ് അശോകിന്റെ 'തൊഴിലിടം'. വിസയുടെ ആവശ്യത്തിനായി വരുന്നവര്‍ക്ക് ബാഗുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ ഒരു സാധനവും കോണ്‍സുലേറ്റിന് അകത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ല.
കോണ്‍സുലേറ്റിലെ ഈ കര്‍ശനമായ നിയമമാണ് അശോക് വരുമാനമാര്‍ഗമാക്കിയത്. അകത്തേക്ക് കയറുമ്പോള്‍ തങ്ങളുടെ ബാഗും മറ്റ് സാധനങ്ങളും എവിടെ വെക്കണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്ക് അശോക് 'ദൈവദൂതനാ'കും. കോണ്‍സുലേറ്റില്‍ പോകുന്നവരുടെ സാധനങ്ങള്‍ അവര്‍ തിരികെ വരുന്നതുവരെ അശോക് സുരക്ഷിതമായി കൈവശം വെക്കും. ഇതിനായി ആയിരം രൂപയാണ് അശോക് ഈടാക്കുന്നത്. താന്‍ വിസയുടെ ആവശ്യത്തിനായി മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ പോയപ്പോഴാണ് അശോകിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.
'ബാഗ് അകത്ത് കൊണ്ടുപോകാനാകില്ല. ലോക്കര്‍ ഇല്ല. എന്തുചെയ്യണമെന്നറിയാതെ റോഡില്‍ നില്‍ക്കുമ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ കൈ കാണിച്ചു. 'സാര്‍, ബാഗ് തരൂ, ഞാന്‍ സുരക്ഷിതമായി വെക്കാം. ഇതെന്റെ ജോലിയാണ്. ആയിരം രൂപയാണ് ഇതിന് ചാര്‍ജ്' എന്ന് അയാള്‍ എന്നോട് പറഞ്ഞു. ആദ്യമൊന്ന് മടിച്ചെങ്കിലും ഞാന്‍ ബാഗ് അയാള്‍ക്ക് കൊടുത്തു. അപ്പോഴാണ് എത്ര മികച്ച ബിസിനസാണ് അയാള്‍ ചെയ്യുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.' -രാഹുല്‍ കുറിച്ചു.
തുടര്‍ന്ന് സ്വയം കണക്ക് കൂട്ടിയപ്പോഴാണ് ഒരു മാസം അശോക് അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപവരെ സമ്പാദിക്കുന്നുണ്ടെന്ന് മനസിലാക്കിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അശോകിന്റെ അനൗദ്യോഗികമായ ലോക്കര്‍ സേവനത്തെ കുറിച്ചുള്ള രാഹുലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. അശോക് ചെയ്യുന്നതിന്റെ ധാര്‍മ്മികതയും നിയമവശവുമെല്ലാം ആളുകള്‍ ചര്‍ച്ച ചെയ്തു.
ആര്‍പിജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയും വിഷയത്തില്‍ പ്രതികരിച്ചു. 'ബാഗ് സൂക്ഷിക്കുന്ന സേവനത്തിലൂടെ അശോക് മാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. ആപ്പ് ഇല്ല, എംബിഎ ഇല്ല, കേവലം ഇന്ത്യക്കാരന്റെ കഴിവ് മാത്രം' എന്നാണ് ഗോയങ്കെ എക്‌സില്‍ കുറിച്ചത്.
Content Highlights: A Mumbai auto-rickshaw driver earns ₹8 lakh a month without driving—here's how
Published: 10 Jun 2025, 10:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented