
70-കളിലെ ഇന്ത്യൻ കോർപ്പറേറ്റ് ലോകം എങ്ങനെയായിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന ലിങ്ക്ഡിൻ പോസ്റ്റ് ശ്രദ്ധനേടുകയാണ്. ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള തൻ്റെ ആദ്യ ജോബ് ഓഫർ ലെറ്ററിലെ ശമ്പളവിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മുൻ സിൻഡിക്കേറ്റ് ബാങ്ക് ചെയർമാൻ അജയ് നാനാവതി. ഇൻക്രിമെന്റ് കാലമായതിനാൽ.. എന്നുപറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. മാസം 960 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന് ആദ്യമായി ലഭിച്ച ശമ്പളം.
അമേരിക്കയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി വലിയ പ്രതീക്ഷകളോടെയാണ് താൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതെന്ന് അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.
ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത മറ്റ് പല കമ്പനികളുടെയും ഓഫറുകൾ കൈവശമുണ്ടായിരുന്നിട്ടും നാനാവതി ടാറ്റായുടെ ഓഫർ സ്വീകരിക്കുകയായിരുന്നു. മുംബൈയിലെ ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ 'ബോംബെ ഹൗസിൽ' ജോലി ചെയ്യുക എന്ന അഭിമാനവുമാണ് ഉയർന്ന ശമ്പളത്തെക്കാൾ താൻ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
"ഉയർന്ന ശമ്പളം പ്രതീക്ഷിച്ചാണ് ഞാൻ എത്തിയത്. കമ്പനികൾ എന്നെ ജോലിക്ക് എടുക്കാൻ മത്സരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഓഫർ ലെറ്റർ കണ്ടതോടെ ആ ആത്മവിശ്വാസം തകർന്നു. എങ്കിലും ഉയർന്ന ശമ്പളം നൽകുന്ന ഓഫറുകൾ ഉപേക്ഷിച്ച് ടാറ്റായിൽ ചേരാൻ തീരുമാനിച്ചു. 1977 ജൂലൈ 7-നാണ് (7/7/77) ഞാൻ ജോലിയിൽ പ്രവേശിച്ചത്. തിരിഞ്ഞുനോക്കുമ്പോൾ എന്റെ കരിയറിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്’- പോസ്റ്റിൽ പറയുന്നു.
ഉദ്യോഗാർഥികൾ കരിയറിന്റെ തുടക്കത്തിൽ ശമ്പളത്തിന് പകരം പഠനത്തിനും അനുഭവങ്ങൾക്കും മുൻഗണന നൽകണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കരിയറിന്റെ തുടക്കത്തിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്, കൺസൾട്ടിങ് തുടങ്ങിയ മേഖലകളിലെ വലിയ ശമ്പള പാക്കേജുകളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ മേഖലയിൽ ആഴത്തിലുള്ള അറിവ് നേടുക, മികച്ച ലീഡർമാരോടൊപ്പം പ്രവർത്തിക്കുക, സ്വന്തം കഴിവുകളെ വികസിപ്പിക്കാൻ സഹായിക്കുന്ന തൊഴിലന്തരീക്ഷം തിരഞ്ഞെടുക്കുക എന്നിവയ്ക്കാണ് തുടക്കത്തിൽ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
Content Highlights: Former Syndicate Bank chairman Ajay Nanavati shared his 1977 Tata job offer letter showing a monthly salary of Rs 960, advising young professionals to prioritize learning and strong mentorship over high initial pay packages.
Published: 06 Aug 2026, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented