പ്രതിസന്ധികള്‍ അതിജീവിച്ചുള്ള വിജയം നല്‍കുന്ന സന്തോഷം അത്ര ചെറുതായിരിക്കില്ല. അത്തരത്തില്‍ വിറ്റിലിഗോ (വെള്ളപ്പാണ്ട്) ബാധിച്ചിട്ടും മോഡലായി കരിയര്‍ കെട്ടിപ്പടുത്ത കഥയാണ് ഡോലോണ്‍ മുഖര്‍ജി എന്ന യുവതിക്ക് പറയാനുള്ളത്. വളരെ ചെറുപ്പത്തില്‍ വിറ്റിലിഗോ ബാധിച്ചിരുന്നുവെന്നും സമൂഹത്തില്‍നിന്ന് ഒരുപാട് പരിഹാസങ്ങളും ഒറ്റപ്പെടലും നേരിട്ടിരുന്നുവെന്നും ഡോലോണ്‍ പറയുന്നു. ഹ്യൂമന്‍ ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ തന്റെ ജീവിതം പറഞ്ഞത്.
നാല് വയസുള്ളപ്പോള്‍ സൈക്കിളില്‍നിന്ന് വീണുണ്ടായ മുറിവ് ഉണങ്ങിയപ്പോഴാണ് തനിക്ക് വിറ്റിലിഗോയാണെന്ന് മനസിലായതെന്നും ഡോലോണ്‍ പറയുന്നു. അന്ന് മുറിവ് ഉണങ്ങിയ ഭാഗത്ത് ഒരു വെളുത്ത പാട് അവശേഷിച്ചു. അച്ഛനും അമ്മയും അതത്ര കാര്യമാക്കിയില്ല. പിന്നീടുണ്ടായ മറ്റൊരു മുറിവും ഇതുപോലൊരു പാട് അവശേഷിപ്പിച്ചു. പിന്നീട് വെളുത്ത പാടുകള്‍ ശരീരത്തിന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെട്ടുവെന്നും അവര്‍ പറയുന്നു.
'അന്ന് എന്റെ ഗ്രാമത്തിലെ ആര്‍ക്കും ഈ രോഗത്തെ കുറിച്ച് അറിയില്ല. അവര്‍ക്കെല്ലാം ഞാന്‍ വൃത്തികെട്ട ഒരു കുട്ടിയായിരുന്നു. സ്‌കൂളില്‍നിന്ന് എപ്പോഴും 'നീ കുറച്ച് മാറി നില്‍ക്ക്' എന്ന് എന്നോട് പറയും. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവളുടെ അമ്മ എന്നോട് ബെഡില്‍ ഇരിക്കരുതെന്നും അവിടെ അഴുക്ക് ആകുമെന്നും പറഞ്ഞു.
'എന്നെ ആരും വിവാഹം കഴിക്കാന്‍ വരില്ലെന്നും എല്ലാവരും പോയാലും ഞാന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഒരിക്കല്‍ ഒരു കസിന്‍ പരിഹസിച്ചു. അന്ന് ഞാന്‍ വീട്ടില്‍ പോയി മണിക്കൂറുകളോളം കരഞ്ഞു. എല്ലായ്‌പ്പോഴും അത് അങ്ങനെ തന്നെയായിരുന്നു. മരിക്കുംവരെ ഞാന്‍ തനിച്ചായിരിക്കും എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഒരുപാട് സ്വപ്‌നങ്ങള്‍ കാണുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് ഒരോ തവണ തളരുമ്പോഴും ഞാന്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു.
'18-ാം വയസില്‍ ഞാന്‍ എന്റെ പ്രണയം കണ്ടെത്തി. വിവാഹവും സ്വന്തമായൊരു വീടുമെല്ലാം ഞങ്ങള്‍ സ്വപ്‌നം കണ്ടു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു. 'നമ്മള്‍ വിവാഹം കഴിക്കുകയാണെങ്കില്‍ നമ്മുടെ കുട്ടികളും നിന്നെപ്പോലെയായിരിക്കും. അത് സംഭവിച്ചുകൂടാ.' അതോടെ ഞാന്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളപ്പാണ്ടുകള്‍ എന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടു. അന്നെല്ലാം മരിക്കുന്നതിനെ കുറിച്ചുമാത്രമായിരുന്നു ചിന്ത. ഞാന്‍ ഒരു തവണ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു.
'എന്റെ വിവാഹത്തെ കുറിച്ച് എല്ലാവരും ചോദിക്കാന്‍ തുടങ്ങിയതോടെ അച്ഛനും അമ്മയും എനിക്ക് വേണ്ടി തിരക്കിട്ട് വിവാഹാലോചനകള്‍ തുടങ്ങി. ഒരു കുഞ്ഞുള്ള, ഭാര്യ മരിച്ച ഒരാളെ അവര്‍ എനിക്ക് വേണ്ടി കണ്ടെത്തി. അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി ഉണ്ടായിരുന്നു. എന്നെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, ആ വിവാഹത്തിന് ഞാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ഞാന്‍ എന്റെ സുഹൃത്തായ സായന്തിനോട് പറഞ്ഞു. 'നീ എന്റെ കൂടെ വീട്ടിലേക്ക് പോരൂ' എന്നായിരുന്നു സായന്തിന്റെ മറുപടി. അങ്ങനെ സുഹൃത്തുക്കളായ ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു. വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കാനാവില്ലെന്ന് സായന്തിന്റെ അച്ഛന്‍ പറഞ്ഞു. പിറ്റേന്നുതന്നെ ഞങ്ങള്‍ വീടിനടുത്തുള്ള അമ്പലത്തില്‍ പോയി വിവാഹം കഴിച്ചു.
'സുഹൃത്തായതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന് ഞാന്‍ കരുതി. എന്റെ തോന്നല്‍ ശരിയായിരുന്നു. അദ്ദേഹം സ്‌നേഹമുള്ള വ്യക്തിയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊന്നും എന്നെ ഉള്‍ക്കൊള്ളാനായില്ല. അവര്‍ എന്നെ വെറുത്തു. ഒരുമാസം കഴിഞ്ഞ് ഗര്‍ഭിണി ആയപ്പോഴും അവര്‍ പറഞ്ഞു, 'കുഞ്ഞിനെ കളഞ്ഞേക്ക്..നിന്നെ പോലെയിരിക്കുന്ന ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് വേണ്ട' എന്ന്.
'സായന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. അദ്ദേഹം അപ്പോള്‍ എന്റെ കൂടെയില്ലായിരുന്നു. എന്റെ മാതാപിതാക്കളോട് ഇക്കാര്യങ്ങള്‍ പറയാന്‍ സാധിക്കുമായിരുന്നില്ല. എങ്ങനെ പറയാനാണ്, വീട്ടില്‍നിന്ന് ഒളിച്ചോടി വന്നതല്ലേ? വയറ്റിലുള്ള എന്റെ കുഞ്ഞ് മാത്രമായിരുന്നു എന്റെ ശക്തി. എന്റെ ഭര്‍ത്താവിന്റെ വീട്ടുകാരോട് പൊരുതാനുള്ള ശക്തി ഞാന്‍ നേടി. എന്റെ കുഞ്ഞിനെ വേദനിപ്പിക്കാന്‍ അവരെ ഞാന്‍ അനുവദിച്ചില്ല. അവസാനം കുഞ്ഞ് ജനിച്ചു. അവള്‍ക്ക് വിറ്റിലിഗോ ഇല്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ദേഷ്യമെല്ലാം മാറി. കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു. എന്നാല്‍, എന്നോടുള്ള വെറുപ്പ് മാറിയില്ല.
'വെള്ളപ്പാണ്ട് എന്റെ മുഖത്താകെ പടര്‍ന്നപ്പോള്‍ എന്റെ ഭര്‍ത്താവിനുപോലും അനിഷ്ടം തോന്നിത്തുടങ്ങി. ഇതോടെ കുറച്ചെങ്കിലും പണം സ്വന്തമായി സമ്പാദിക്കണമെന്ന് എനിക്ക് തോന്നി. എന്റെ മകളുടെ ഡാന്‍സ് ക്ലാസിലുള്ളവര്‍ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്ന പപ്പിയ ചേച്ചി എനിക്കൊരു വഴി കണ്ടെത്തിത്തന്നു. മേക്കപ്പ് ക്ലാസില്‍ മേക്കപ്പ് പഠിപ്പിക്കുന്നതിനായി വെള്ളപ്പാണ്ടുള്ള ആളുകളെ അന്വേഷിക്കുകയാണെന്നും എനിക്ക് പറ്റുമോയെന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ, വീട്ടില്‍ എതിര്‍പ്പായിരുന്നു. അവസരം കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. എനിക്ക് യാത്രയ്ക്കുള്ള ഓട്ടോ കൂലി പോലും ഭര്‍ത്താവ് തന്നില്ല. എല്ലാം പപ്പിയ ചേച്ചി കൊടുത്തു.
'മേക്കപ്പ് കസേരയില്‍ മേക്കപ്പെല്ലാം കഴിഞ്ഞ് ഇരിക്കവേ അവരെന്നെ കണ്ണാടിയില്‍ കാണിച്ചുതന്നു. അതുവരെയുള്ളതെല്ലാം ആ നിമിഷം ഞാന്‍ മറന്നു. എന്റെ ജീവിതത്തിലുടനീളം ഏറ്റവും വൃത്തികെട്ട ഒരാളായാണ് ഞാന്‍ എന്നെ കണ്ടിരുന്നത്. പക്ഷെ, ആ കണ്ണാടിയില്‍ ഞാന്‍ അതീവ സുന്ദരിയായിരിക്കുന്നു. പപ്പിയ ചേച്ചിയും അവരുടെ സഹപ്രവര്‍ത്തകരും എന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ ഞാന്‍ വൈറലായി. എനിക്ക് കോളുകള്‍ വരാന്‍ തുടങ്ങി. അവര്‍ ജോലിക്കുള്ള മാന്യമായ വേതനവും തന്നു. പക്ഷേ, എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ എന്നെ കുറിച്ച് മോശമായ രീതിയില്‍ അദ്ദേഹത്തോട് സംസാരിച്ചു. ഭര്‍ത്താവ് എന്നോട് വഴക്കുണ്ടാക്കാന്‍ തുടങ്ങി. തുടര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ വിളിച്ച് എനിക്ക് വീട്ടില്‍ ഒരു അത്യാവശ്യം വന്നതുകൊണ്ട് വരാന്‍ പറ്റില്ലെന്ന് അറിയിക്കേണ്ടി വന്നു. ഞാന്‍ ഒട്ടും പ്രൊഷണലിസം ഇല്ലാത്തയാളാണ് എന്നുപറഞ്ഞ് ഒരിക്കല്‍ അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. എന്റെ ബുക്കിങ് പതിയെ കുറഞ്ഞു. എനിക്ക് ആകെയുണ്ടായിരുന്ന വരുമാനവും കുറഞ്ഞു.
'ചില ദിവസങ്ങളില്‍ എനിക്ക് കരച്ചില്‍ വരും. എന്തികൊണ്ട് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നുവെന്ന് ഞാന്‍ അറിയാതെ ചോദിച്ചുപോകും. പക്ഷേ, എന്റെ മകളെ കാണുമ്പോള്‍ എല്ലാം മറക്കും. ഞാന്‍ കടന്നുപോയ ദുരനുഭവങ്ങളിലൂടെ അവള്‍ പോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അവളാണ് ഇപ്പോള്‍ മുന്നോട്ടുപോകാനുള്ള എന്റെ ഊര്‍ജ്ജം.'- ഡാലോണ്‍ മുഖര്‍ജി പറയുന്നു.
Content Highlights: model dolon mukherjee lifestory and vitiligo
Published: 29 May 2025, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented