തൃശ്ശൂർ: മുന്‍ കാലുകൾ ഇല്ലാത്ത വളർത്തുപൂച്ചയെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി. മണ്ണുത്തി പാറമേൽപ്പടി വീട്ടിൽ പി.ബി. സതീഷാണ് ഭിന്നശേഷിക്കാരനായ പൂച്ചയെ കണ്ടെത്താനായി പോലീസിന്റെ സഹായം തേടിയത്. അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ടോടെ പോലീസ് സതീഷിന്റെ വീട്ടിലെത്തി. കൈകൾ രണ്ടുമില്ലാത്തതിനാൽ രണ്ടുകാലിലായിരുന്നു മിക്കപ്പോഴും കങ്കുവിന്റെ നിൽപ്പ്. ഈ നിൽപ്പിന്റെ കൗതുകംകൊണ്ട് കങ്കുവിന് ആരാധകർ ഏറെയായിരുന്നു. അയൽവാസികളുടെ ഓമനമൃഗമായിരുന്നു കങ്കു. റോഡരികിൽ നിൽക്കുമ്പോൾ ശരിക്കും കാണാനായി വാഹനങ്ങൾ നിർത്തുന്ന സംഭവം വരെയുണ്ടായിരുന്നുവെന്ന് സതീഷ് പറയുന്നു.

To advertise here,

രണ്ടര വയസ്സുള്ള കങ്കു ജനിച്ചത് സതീഷിന്റെ വീട്ടിലാണ്. ജനിക്കുമ്പോഴേ രണ്ടുകൈയും ഉണ്ടായിരുന്നില്ല. പരിമിതികളെ മറികടന്നായിരുന്നു കങ്കുവിന്റെ ജീവിതം. പാലു നൽകാൻ വിളിക്കുമ്പോൾ ഓട്ടം വേഗത്തിലാക്കാൻ ചുവരിൽ കൈഭാഗം കുത്തി കാലുകൾകൊണ്ട് നീങ്ങുന്നതായിരുന്നു രീതി. അത്യാവശ്യകാര്യങ്ങൾ എല്ലാം ഒറ്റയ്ക്കുചെയ്യുന്ന കങ്കു വലിയ കുസൃതിയായിരുന്നുവെന്നും ഉടമ പറയുന്നു.

ഫെബ്രുവരി 16-ന് പുലർച്ചെ നാലിന് സതീഷിനോടൊപ്പം വീടിനു പുറത്തിറങ്ങിയതാണ് കങ്കു. എട്ടുമണിയായിട്ടും കാണാത്തതിനെതുടർന്നാണ് അന്വേഷിച്ചിറങ്ങിയത്. കൈകളില്ലാത്തതിനാൽ പട്ടികൾ പിടിച്ചോ എന്നായിരുന്നു ആദ്യത്തെ സംശയം. തുടർന്ന് സമീപത്തെ കുഴികളിലും കിണറുകളിലും എല്ലാം പരതി. പൂച്ചയെ തിരയാൻ സതീഷിന്റെ കൂട്ടുകാരും നാട്ടുകാരുമെല്ലാം കൂടെക്കൂടി. എവിടെയും കണ്ടില്ല.

കാണാൻ ഭംഗിയുള്ള കങ്കുവിനെ ആരെങ്കിലും കടത്തിക്കൊണ്ടുപോയോ എന്നാണ് സതീഷിന്റെ സംശയം. ഈ സംശയം ഉന്നയിച്ചാണ് മണ്ണുത്തി പോലീസിൽ ഫെബ്രുവരി 22-ന് പരാതി നൽകിയത്. കൂടാതെ കങ്കുവിന്റെ ഫോട്ടോയും വീഡിയോയും വെച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നുമുണ്ട്.