ബാങ്കോക്കില്‍ നടന്ന വിശ്വസുന്ദരി മത്സരത്തിനിടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ വേദിയില്‍ തിരിച്ചെത്തി മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ്. ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി അവര്‍ മത്സരവേദിയില്‍ നിറഞ്ഞുനിന്നു. ഇതോടെ അവര്‍ക്ക് ശക്തമായ പിന്തുണയുമായി നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്.

To advertise here,

തായ്‌ലന്‍ഡ് മിസ് യൂണിവേഴ്‌സ് ഡയറക്ടറും അവതാരകനുമായ നവാത് ഇത്സാരഗ്രിസില്‍ ഫാത്തിമയെ ഒറ്റപ്പെടുത്തി ശകാരിച്ചതോടെയാണ് വിശ്വസുന്ദരി മത്സരവേദിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അവതാരകരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പകരം മിസ് മെക്‌സിക്കോ നാഷണല്‍ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു ശകാരം എന്നാണ് പുറത്തുവരുന്ന വിവരം.

എല്ലാവരുടെയും മുന്നില്‍ വെച്ച് ഫാത്തിമയെ വിഡ്ഢി എന്ന് വിളിക്കാന്‍ പോലും അയാള്‍ മടിച്ചില്ല. മത്സരാര്‍ഥികളെയെല്ലാം അഭിസംബോധന ചെയ്യുന്നതിനിടെ അയാള്‍ ഫാത്തിമയെ മാത്രം കുറ്റപ്പെടുത്തുകയും വേദി വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മറ്റ് മത്സരാര്‍ഥികളും ഉടന്‍തന്നെ മുറി വിട്ടിറങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ ഫാത്തിമയെ പിന്തുണച്ച് നെറ്റിസണ്‍സ് രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ നവാത് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. തുടര്‍ന്നാണ് മത്സരത്തിന്റെ അടുത്ത ഘട്ടത്തിനായി അവര്‍ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം വേദിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു എന്നകാര്യം നെറ്റിസണ്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു. കണ്ണുനീര്‍ ഒഴുകാതിരിക്കാന്‍ അവള്‍ തുടര്‍ച്ചയായി മുകളിലേക്ക് നോക്കി. കണ്ണുകള്‍ ഈറനണിഞ്ഞെങ്കിലും അവള്‍ ആത്മസംയമനത്തോടെ മത്സരത്തില്‍ പങ്കെടുത്തു.

ഇതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്... ശക്തയായ രാജ്ഞി,' ഒരാള്‍ കുറിച്ചു. 'സത്യത്തില്‍ അവര്‍ വളരെ ശക്തയാണ്. സാധാരണക്കാര്‍ ആയിരുന്നുവെങ്കില്‍ ഇതിനകം സ്വന്തം രാജ്യത്തേക്ക് മടങ്ങുമായിരുന്നു. പക്ഷേ അവര്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തത്തോടെ ഉറച്ചുനില്‍ക്കുന്നു.' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. അവര്‍ എത്രമാത്രം ദുഃഖിതയായിരിക്കും എന്ന് ഓര്‍ത്തുനോക്കൂ എന്നും എല്ലാവരുടെയും മുന്നില്‍ വെച്ച് ഇത്രയധികം ഒറ്റപ്പെടുത്തുകയും 'വിഡ്ഢി' എന്ന് വിളിക്കുകയും ചെയ്ത സംഭവം അവള്‍ക്ക് എത്രമാത്രം വേദനാജനകമായിരുന്നിരിക്കാമെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു.