ബാങ്കോക്ക്: തായ്‌ലൻഡിൽ സ്വപ്നതുല്യമായ ഒരു വിനോദയാത്രയ്ക്കെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കൾക്ക് നേരിടേണ്ടി വന്നത് കൊടിയ ക്രൂരതകൾ. കുറഞ്ഞ ചിലവിൽ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത സംഘം ഇവരെ തട്ടിക്കൊണ്ടുപോയി പട്ടായയിലെ ഒരു വീട്ടിൽ ഒരാഴ്ചയോളം ബന്ദികളാക്കി പീഡിപ്പിക്കുകയായിരുന്നു. ഒടുവിൽ ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ നൽകിയ വിവരത്തെത്തുടർന്ന് തായ് പോലീസ് നടത്തിയ പരിശോധനയിൽ തിങ്കളാഴ്ചയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യൻ പൗരന്മാരെ ബാങ്കോക്കിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

23-നും 26-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. ഏഴ് ദിവസത്തെ തായ്‌ലൻഡ് യാത്രയ്ക്കായി ഏകദേശം രണ്ട് ലക്ഷം രൂപ (70,000 ബാറ്റ്) വീതമാണ് ഓരോരുത്തരും നൽകിയത്. ജൂലായ് 21-ന് ബാങ്കോക്കിൽ വിമാനമിറങ്ങിയ ഇവർ പട്ടായയിലെ സുകുംവിറ്റ് ഹൈവേയിലുള്ള ഒരു റെസ്റ്റോറന്റിലെത്തി. അവിടെ നിന്ന് മോട്ടോർ സൈക്കിളിൽ ഓരോരുത്തരെയായി ഒരു വാടക വീട്ടിലേക്ക് എത്തിക്കുകയും, അവിടെ കാത്തുനിന്ന നാല് പാകിസ്താൻ പൗരന്മാരും ഒരു ഇന്ത്യൻ സഹായിയും ചേർന്ന് ഇവരെ കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബന്ദികളാക്കപ്പെട്ട യുവാക്കളെ മൃഗീയമായ പീഡനത്തിനാണ് സംഘം ഇരയാക്കിയത്. കൈകാലുകളും വായയും കെട്ടിയിട്ട നിലയിൽ രണ്ട് മുറികളിലായാണ് ഇവരെ പാർപ്പിച്ചിരുന്നത്. കാലിൽ ഭാരമുള്ള വസ്തുക്കൾ കൊണ്ട് അടിക്കുകകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തിരുന്നതായി യുവാക്കൾ മൊഴി നൽകി. ഇവർക്ക് കൃത്യമായി ഭക്ഷണവും ശുചിമുറി സൗകര്യവും നൽകിയിരുന്നില്ല. പോലീസ് വീട് റെയ്ഡ് ചെയ്യുമ്പോൾ യുവാക്കളുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പാടുകളുണ്ടായിരുന്നു.

യുവാക്കളുടെ കുടുംബങ്ങളിൽ നിന്ന് ആകെ 70 ലക്ഷം രൂപ (2.4 ദശലക്ഷം ബാറ്റ്) മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവർ ആവശ്യപ്പെട്ടത്. വീഡിയോ കോളിലൂടെ കുടുംബങ്ങളെ ഭയപ്പെടുത്താനായി യുവാക്കളുടെ ശരീരത്തിൽ ചുവന്ന പെയിന്റ് പൂശി കടുത്ത രക്തസ്രാവമാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ലൊക്കേഷൻ മറച്ചുവെക്കാനായി യുഎഇയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. എന്നാൽ തായ് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. പോലീസെത്തുന്നതിന് തൊട്ടുമുമ്പ് പ്രതികൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് ബാങ്കോക്കിലെ ഒരു ഹോട്ടലിൽ വെച്ച് പിടിയിലായി.

അവതാർ സിങ്, ജഗ്ജിത് സിങ്, രാംബാലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നീ അഞ്ച് ഇന്ത്യക്കാരെയാണ് പോലീസ് പിടികൂടിയത്. ഒരു മാസം മുമ്പ് പരിചയപ്പെട്ട പാകിസ്താൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്തതെന്ന് ഇവർ സമ്മതിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരാളാണ് ഇതിന്റെ മുഖ്യസൂത്രധാരനെന്നും ക്രിപ്റ്റോ കറൻസി വഴി പണം സ്വീകരിക്കാനായിരുന്നു പദ്ധതിയെന്നും പോലീസ് കരുതുന്നു.