2013 ഡിസംബര്‍ 29-നാണ് കായികപ്രേമികളെ ഒന്നാകെ നിരാശയിലാഴ്ത്തി മൈക്കല്‍ ഷൂമാക്കറെന്ന ഇതിഹാസതാരം നിശബ്ദതയിലേക്ക് വീണത്. ആല്‍പ്‌സ് പര്‍വത നിരയിലെ മഞ്ഞുപാളികളില്‍ സ്‌കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടം ഷൂമാക്കറുടെ ജീവിതം മാറ്റിമറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൂമാക്കര്‍ ആറു മാസത്തോളം അബോധാവസ്ഥയിലായിരുന്നു. കുറേക്കാലം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസെയ്‌നില്‍ വിദഗ്ദ്ധ ചികിത്സ നേടി. അതിനുശേഷം അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി വീട്ടിലേക്കുമാറ്റി.

To advertise here,

അന്നുമുതല്‍ ഷൂമാക്കറുടെ നിഴലായി ഭാര്യ കോറിനയും മക്കളായ മിക്കും ജിന മരിയയും കൂടെയുണ്ട്. ഷൂമാക്കറിന് അപകടം സംഭവിക്കുമ്പോള്‍ 14 വയസുണ്ടായിരുന്ന മിക്കിന് ഇന്ന് പ്രായം 24 ആണ്. അച്ഛനെപ്പോലെ റേസിങ് ട്രാക്കിനോടാണ് മിക്കിന്റേയും ഇഷ്ടം. എന്നാല്‍ മകള്‍ ജിന മരിയ അല്‍പം വഴിമാറിയാണ് സഞ്ചരിച്ചത്. അച്ഛന്‍ രോഗക്കിടക്കയിലേക്ക് വീഴുമ്പോള്‍ 16-കാരിയായിരുന്ന ജിന പിന്നീട് കുതിരയോട്ടത്തില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു. 

ഇപ്പോഴിതാ ഷൂമാക്കറിന്റെ വീട്ടിലേക്ക് ഒരു സന്തോഷവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. 26-കാരിയായ ജിന വിവാഹിതയാകാന്‍ പോകുന്നു. കാമുകന്‍ അയ്ന്‍ ബെഥേകുമായുള്ള ജിനയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകും. സ്‌പെയ്‌നിലെ മയോഴ്‌സയിലെ വില്ലയിലായിരിക്കും ചടങ്ങുകള്‍. റയല്‍ മാഡ്രിഡ് പ്രസിഡന്റായ ഫ്‌ളോറെന്റിനോ പെരസില്‍ നിന്ന് 2017-ല്‍ കോറിന ഷൂമാക്കര്‍ വാങ്ങിയതാണ് ഈ ആഡംബര വില്ല. 

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജിന തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2017 ഡിസംബറില്‍ മ്യൂണിച്ചില്‍ നടന്ന ഒരു പുരസ്‌കാര ചടങ്ങില്‍ ജിനയും അയ്‌നും ഒരുമിച്ചെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കാമുകനൊപ്പമുള്ള ചിത്രം ജിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.