ഉള്‍ക്കടലില്‍ പവിഴപുറ്റുകള്‍ക്കിടയില്‍ ജീവിക്കുന്ന മത്സ്യകന്യമാരെപ്പറ്റിയുള്ള കഥകള്‍ നമുക്ക് പരിചിതമാണ്. സത്യമോ മിഥ്യയോ എന്നറിയാത്ത ഈ കഥാപാത്രങ്ങളെ ആരാധിക്കുന്നവരില്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരുമുണ്ട്. ഇത്തകം കഥകളുടെ പശ്ചാത്തലത്തില്‍ ആരാധകര്‍ക്കായി മത്സ്യകന്യകമാരുടെ പ്രതിമകള്‍ സ്ഥാപിക്കുകയും മത്സ്യകന്യകമാരെ പോലെ വേഷമിട്ടവരുടെ കലാപ്രകടനങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന നിരവധി നാടുകളുണ്ട്. ഇത്തരത്തില്‍ ആരാധകരെ രസിപ്പിക്കുകയായിരുന്ന ഒരു 'മത്സ്യകന്യക'യ്ക്ക് നേരിട്ട വലിയ അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

To advertise here,

ചൈനയിലെ ഒരു അക്വേറിയത്തില്‍ മത്സ്യകന്യകയായി പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന യുവതിക്കുനേരെയാണ് ഭീമന്‍ മത്സ്യത്തിന്റെ ആക്രമണം ഉണ്ടായത്. പശ്ചിമ ചൈനയിലെ ഷീശോങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാര്‍ക്ക് അക്വേറിയത്തിലാണ് സംഭവം നടന്നത്. റഷ്യന്‍ സ്വദേശിനിയായ അക്വാട്ടിക് ആര്‍ട്ടിസ്റ്റ് മാഷ എന്ന യുവതിയെയാണ് പ്രകടനത്തിനിടെ അപ്രതീക്ഷിതമായി മത്സ്യം ആക്രമിച്ചത്. 22-കാരിയായ മാഷയുടെ തല മുഴുവനായും ഭീമന്‍ മത്സ്യം അതിന്റെ വായ്ക്കുള്ളിലാക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണാനാവുക. അപ്രതീക്ഷിതമായ സംഭവത്തില്‍ പേടിച്ചുപോയ കാണികളുടെ നിലവിളിയും ദൃശ്യങ്ങളില്‍ കേള്‍ക്കാം. 

മത്സ്യത്തിന്റെ ആക്രമണത്തില്‍ ആദ്യമൊന്ന് ഞെട്ടുന്നുണ്ടെങ്കിലും മാഷ ഉടന്‍തന്നെ മീനിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുന്നുണ്ട്. മീനിന്റെ വായപിടിച്ചുതുറന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മാഷയുടെ ഗോഗിള്‍സ് മത്സ്യത്തിന്റെ വായിലകപ്പെട്ട് പോകുന്നുണ്ട്. തല രക്ഷപ്പെട്ടയുടന്‍ 'മത്സ്യകന്യക' അക്വേറിയത്തിന്റെ മുകളിലേക്ക് നീന്തി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ മാഷയ്ക്ക് തലയ്ക്കും കണ്ണിനും കഴുത്തിനും പരിക്കേറ്റതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് ശേഷവും അക്വേറിയം ഉടമകന്‍ തന്നോട് വീണ്ടും പ്രകടനം തുടരാന്‍ ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് സംഘാടകര്‍ നിര്‍ദേശിച്ചതായും തനിക്ക് ആക്രമണത്തിന്റെ ഷോക്കില്‍നിന്ന് മോചിതയാകാനോ, വേണ്ടവിധം വിശ്രമിക്കാനോ സമയം നല്‍കാതെ അക്വേറിയത്തിലേക്ക് തിരികെപോകാന്‍ ആവശ്യപ്പെട്ടതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്. മാത്രമല്ല, നഷ്ടപരിഹാരമായി തനിക്ക് വെറും 100 ഡോളര്‍ (8656 രൂപ) മാത്രമാണ് സംഘാടകര്‍ നല്‍കിയതെന്നും യുവതി ആരോപിക്കുന്നു.