വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു 'സൈന്യം' തന്നെ കെട്ടിപ്പടുക്കുക എന്നതാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്ക്കിന്റെ ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്ക്കിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ 'എക്സ്' ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, മസ്ക്കിന്റെ കുഞ്ഞിന്റെ അമ്മയാകാനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ക്രിപ്റ്റോ കറന്‍സി ഇന്‍ഫ്ളുവന്‍സറായ ടിഫാനി ഫോങ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കി തന്നെയാണ് കുഞ്ഞിന്റെ അമ്മയാകാന്‍ തയ്യാറല്ലെന്ന് മസ്ക്കിനെ അറിയിച്ചതെന്ന് ടിഫാനി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സുള്ള ടിഫാനി ലാസ് വെഗാസ് സ്വദേശിയാണ്.
ആദ്യം ടിഫാനിയെ 'എക്സി'ല്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയ മസ്ക്ക് അവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും മറുപടി നല്‍കുകയും ചെയ്തു. ഇതോടെ ടിഫാനി 'എക്സി'ല്‍ ചര്‍ച്ചാവിഷയമായി. ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയര്‍ന്നു. ഒരു ഘട്ടത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ടിഫാനി 18 ലക്ഷം രൂപ വരെ സമ്പാദിച്ചു. ഇതിന് പിന്നാലെ ടിഫാനിക്ക് മസ്ക്ക് സന്ദേശമയച്ചതായി വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ കുഞ്ഞിന് ജന്മം നല്കാന് തയ്യാറാണോ എന്നാണ് മസ്ക്ക് ടിഫാനിയോട് ചോദിച്ചത്. ഈ സന്ദേശം കണ്ട് താന്‍ സ്തബ്ധയായിപ്പോയെന്ന് ടിഫാനി പറയുന്നു. ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളാണ് തനിക്ക ഈ മെസ്സേജ് അയച്ചത് എന്നതായിരുന്നു അവളെ അമ്പരപ്പിച്ച കാര്യം. എന്നിരുന്നാലും മസ്ക്കിനെപ്പോലെ ഒരാള്‍ തനിക്ക് മെസ്സേജ് അയച്ചത് പ്രശംസ പോലെയാണ് ടിഫാനി കണ്ടത്. സാധാരണ ഒരു വ്യക്തിയെപ്പോലെ കുടുംബജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും സ്വാധീനവും ശക്തിയുമുള്ള ഒരാളെ നിരസിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്നെന്നും ടിഫാനി പറയുന്നു. ടിഫാനി ഗര്‍ഭിണിയാണെന്നും കുഞ്ഞിന്റെ അച്ഛന് മസ്ക്കാണെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതുവരെ എന്റെ അറിവില്‍ താന്‍ ഗര്‍ഭിണിയല്ല എന്ന് മറുപടി നല്‍കിയാണ് ടിഫാനി അഭ്യൂഹങ്ങളുടെ മുനയൊടിച്ചത്.
ആ മെസ്സേജിനെ കുറിച്ച് രഹസ്യമായി സുഹൃത്തുക്കളോടുള്ള പറയാന്‍ ടിഫാനി തീരുമാനിച്ചു. എന്നാല്‍, അത് മസ്ക്കിന് അത്ര രസിച്ചില്ല. ആ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മസ്ക്കിന്റെ പങ്കാളിയായിരുന്ന ആഷ്ലി. മസ്ക്കിന്റെ മകന് റോമുലസിന് ജന്മം നല്‍കിയെന്ന് ആഷ്ലി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ടിഫാനി മസ്ക്കിന്റെ മെസ്സേജിനെ കുറിച്ച് സുഹൃത്തുക്കളെ അറിയിച്ചതോടെ അദ്ദേഹം അവരെ അണ്‍ഫോളോ ചെയ്തു. ടിഫാനിയുടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു. ഒപ്പം വരുമാനവും കുറഞ്ഞു.
'ലിങ്ക്ഡ് ഇന്നി'ലെ പ്രൊഫൈല്‍ അനുസരിച്ച് 1994 മാര്‍ച്ച് 19-ന് ലാസ് വെഗാസിലാണ് ടിഫാനി ജനിച്ചത്. 2016-ല്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തിലും മാസ് കമ്മ്യൂണിക്കേഷനിലും ബിരുദം നേടി. കോളേജ് പഠനകാലത്ത് മാര്‍ക്കറ്റിംഗ്, പിആര്‍ മുതല്‍ ക്രിയേറ്റീവ് ഡെവലപ്മെന്റ്, ഗവേഷണം വരെയുള്ള വിവിധ മേഖലകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ടിഫാനി ക്രിപ്റ്റോ കറന്‍സി രംഗത്തേക്ക് വരുന്നത്.
നിലവില്‍ 14 കുട്ടികളുടെ പിതാവാണ് മസ്ക്. അദ്ദേഹത്തിന്റെ മക്കളുടെ അമ്മമാരായ നാല് സ്ത്രീകളുടെ വിവരങ്ങള്‍ മാത്രമാണ് പരസ്യമായിട്ടുള്ളത്. രാഷ്ട്രീയ നിരീക്ഷക ആഷ്ലി സെന്റ് ക്ലെയര്‍, ഗായികയും ഗാനരചയിതാവുമായ ഗ്രൈംസ്, ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോണ്‍ സിലിസ്, മുന്‍ ഭാര്യയും എഴുത്തുകാരിയുമായ ജസ്റ്റിന് മസ്ക് എന്നിവരാണ് അവര്‍.
Content Highlights: meet tiffany fong the influencer who refused to make a baby with elon musk
Published: 19 Apr 2025, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented