ബാലതാരമായി വെള്ളിത്തിരയിലും ടെലിവിഷന്‍ ഷോകളിലൂടെയും മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിക്ക് ഇതിനകം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമായ മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകള്‍ക്ക് നല്‍കുന്ന മറുപടികളിലൂടെയും പലപ്പോഴും വൈറലായിട്ടുണ്ട്. 

To advertise here,

അത്തരത്തിലൊരു പോസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി. തന്റെ വീട്ടിലെ 'നട പടി'കള്‍ കാണിച്ചുതരുന്ന പോസ്റ്റാണ് ഇക്കുറി മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. വീട്ടിനുള്ളില്‍ മുകള്‍നിലയിലേക്ക് കയറാനുള്ള പടിക്കെട്ടില്‍ ഇരിക്കുന്ന ചിത്രത്തിനാണ് താരം രസകരമായ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 'എന്റെ വീട്ടിലെ 'നട പടി' കള്‍ ... നല്ലതാണ്....' എന്നാണ് മീനാക്ഷി ചിത്രത്തിനൊപ്പം കുറിച്ചത്.

ഫെയ്‌സ്ബുക്കിലെ മീനാക്ഷിയുടെ പോസ്റ്റിന് താഴെ അതേ 'ഗൗരവ'ത്തില്‍ തന്നെയുള്ള കമന്റുകളും ഒട്ടേറെയുണ്ട്. ഭൂരിഭാഗം കമന്റുകള്‍ക്കും താരം രസകരമായ മറുപടികളും നല്‍കുന്നുണ്ട്. 'നട, പടി,കള്‍ ക്രമമായി നോക്കി ഇറങ്ങണം ഇല്ലെങ്കില്‍ നടു തീരുമാനം ആകും' എന്നാണ് ഒരാളുടെ കമന്റ്. അടി തെറ്റാതെ നോക്കുന്നുണ്ട് എന്ന് ഇതിന് മീനാക്ഷി മറുപടി നല്‍കി. 

പെണ്ണുങ്ങള്‍ പടിയില്‍ ഇരിക്കരുത് എന്ന് കമന്റിട്ടയാളെ മീനാക്ഷി ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 51 (എ) (എച്ച്) പറയുന്ന ശാസ്ത്രീയ മനോഭാവം (സയന്റിഫിക് ടെമ്പര്‍) ഓര്‍മ്മിപ്പിച്ചു. ആറാട്ടണ്ണന്റെ ആരെങ്കിലുമാണോ എന്ന ചോദ്യത്തിന് 'ഒരുവനെ തന്നെ നിനച്ചിരിക്കുകില്‍ വരുന്നൊതൊക്കെയും അവനായി ഭവിച്ചിടും' എന്നായിരുന്നു മറുപടി. 'നടയടി ഉണ്ടോ മീനാക്ഷിയമ്മേ' എന്ന് ചോദിച്ചയാളോട് 'ജയിലല്ല, ഇവിടം സ്വര്‍ഗ്ഗമാണേയ്...' എന്നും താരം മറുപടി പറഞ്ഞു. 'ക്യാപ്ഷന്‍ ക്വീന്‍' എന്ന് പ്രശംസിച്ചയാള്‍ക്ക് 'താങ്കു താങ്കു' എന്ന് നന്ദി പറയാനും മീനാക്ഷി മറന്നില്ല.