ഇന്ത്യന്‍ ഹോക്കി താരങ്ങളായ മന്‍ദീപ് സിങ്ങും (30) ഉദിത ദുഹാനും (27) വിവാഹിതരായി. ജലന്ധറിലെ മോഡല്‍ ടൗണ്‍ ഗുരുദ്വാര സാഹിബില്‍വെച്ച് സിഖ് ആചാരപ്രകാരമാണ് ചടങ്ങ് നടന്നത്. ഇരുവരുടേയും കുടുംബത്തിന് പുറമേ ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീം താരങ്ങളും ഒഫീഷ്യലുകളും ചടങ്ങില്‍ പങ്കെടുത്തു.

To advertise here,

വിവാഹത്തിന് ശേഷവം രാജ്യത്തിനുവേണ്ടി കളിക്കുന്നത് തുടരുമെന്ന് ഉദിത മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടുപേരും ഒരേ മേഖലയില്‍നിന്നുള്ളവരായതിനാല്‍ പരസ്പരം മനസിലാക്കുന്നതിലൂടെ ജീവിതം എളുപ്പമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മന്‍ദീപ് പഞ്ചാബ് സ്വദേശിയും ഉദിത ഹരിയാണ സ്വദേശിയുമാണ്.

2018-ല്‍ ദേശീയ ടീമിന്റെ ബെംഗളൂരുവിലെ ക്യാമ്പില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു. കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിനെത്തുടര്‍ന്ന് ഇരുവര്‍ക്കും ക്യാമ്പില്‍ തുടരേണ്ടിവന്നു. ഈ സമയത്താണ് ഇരുവരുടേയും ബന്ധം കൂടുതല്‍ ദൃഢമായത്.

ഇന്ത്യന്‍ പുരുഷ ടീമിന്റെ ഗോള്‍ മെഷീന്‍ എന്ന് വിളിപ്പേരുള്ള താരമാണ് മന്‍ദീപ് സിങ്. നിലവില്‍ പഞ്ചാബ് പോലീസില്‍ ഡിഎസ്പിയാണ്. പഞ്ചാബിലെ ജലന്ധറാണ് മന്‍ദീപിന്റെ സ്വദേശം. ഹോക്കിക്ക് പുറമേ മോഡലിങ് താരം കൂടിയാണ് ഉദിത.