സ്വന്തം പിതാവിന്റെ മൃതദേഹം രണ്ടുവര്‍ഷത്തോളം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച്‌ മകന്‍. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം 2023 ജനുവരി മാസം മുതല്‍ താന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ സൂക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ജപ്പാനിലാണ് ഈ വിചിത്രമായ സംഭവമുണ്ടായത്. 

To advertise here,

നൊബുഹികോ സുസുക് എന്ന 56-കാരനാണ് പിതാവിന്റെ മൃതദേഹം അലമാരയില്‍ സൂക്ഷിച്ചത്. ടോക്കിയോയിലെ ഇയാളുടെ ചൈനീസ് റെസ്‌റ്റൊറെന്റ്‌ ഒരാഴ്ചയായി അടഞ്ഞുകിടന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

86-കാരനായ പിതാവ് 2023 ജനുവരിയിലാണ് മരിച്ചതെന്ന് നൊബുഹികോ പോലീസിനോട് പറഞ്ഞു. ശവമടക്കിനുള്ള ചെലവ് വളരെ കൂടുതലാണെന്നും അതിനാലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പിതാവിന്റെ മരണകാരണം വ്യക്തമല്ല. താന്‍ ജോലികഴിഞ്ഞെത്തിയപ്പോള്‍ പിതാവ് മരിച്ചനിലയിലായിരുന്നുവെന്നാണ് നൊബുഹികോ പറയുന്നത്. 

ഈ സംഭവത്തോട് സാമൂഹികമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയര്‍ന്നത്. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ അവരെ സ്‌നേഹിക്കുന്നവര്‍ക്ക് എന്തുചെയ്യണമെന്ന് അറിയാതെയാകുമെന്ന് ഒരാള്‍ കമന്റ് ചെയ്തു. അതേസമയം നൊബുഹികോ തട്ടിപ്പുകാരനാണെന്നും പിതാവിന്റെ പെന്‍ഷന്‍ കൈക്കലാക്കാനാണ് ഇങ്ങനെ ചെയ്തതെന്നും മറ്റുചിലര്‍ കമന്റ് ചെയ്തു.