അന്തരിച്ച നടൻ പ്രദീപ് റാവത്തിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് മകൻ വിക്രം ആദിത്യ. തുടക്കത്തിൽ ആമാശയത്തിൽ അണുബാധയാണെന്നാണ് കരുതിയതെന്ന് നടന്റെ രോഗവിവരം വിശദീകരിക്കവെ വിക്രം ആദിത്യ പറഞ്ഞു. പിന്നീട് അപൂർവവും അതിവേഗം വ്യാപിക്കുന്നതുമായ അർബുദബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നും മകൻ കൂട്ടിച്ചേർത്തു.

To advertise here,

മുംബൈയിലെ ഓഷിവാര ശ്മശാനത്തിൽ ബുധനാഴ്ചയായിരുന്നു പ്രദീപ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ. രോഗവിവരങ്ങളെക്കുറിച്ചും പിതാവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചും സംസാരിക്കവെ വിക്രം ആദിത്യ വികാരാധീതനായി.

'ആദ്യം ഡോക്ടറെ കണ്ടപ്പോൾ വയറ്റിൽ എന്തോ അണുബാധയാണെന്നായിരുന്നു പറഞ്ഞത്. കുറെ മരുന്നുകൾ നൽകിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അച്ഛന്റെ ആരോഗ്യം വല്ലാതെ മോശമായെന്ന് അമ്മ എന്നെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് ഡബ്ല്യുബിസി കൗണ്ട് വളരെ കൂടുതലാണെന്ന് കണ്ടത്. ഉടനടി അദ്ദേഹത്തെ കോകിലാബെൻ ആശുപത്രിയിലെത്തിച്ചു. അവിടെവെച്ച് രക്താർബുദമാകാൻ 99% സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു,' വിക്രം ആദിത്യ വ്യക്തമാക്കി.

'തൊട്ടടുത്ത ദിവസം പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ ഞങ്ങൾ തകർന്നുപോയി. വളരെ അപൂർവവും അതിവേഗം ബാധിക്കുന്നതുമായ അർബുദമായിരുന്നു അത്. രണ്ടു മാസം മുൻപ് നടത്തിയ പരിശോധനകളിൽ അച്ഛന് യാതൊരു കുഴപ്പവുമില്ലായിരുന്നു. ഇതെല്ലാം ഒന്നര മാസത്തിനുള്ളിലാണ് സംഭവിച്ചത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

പിതാവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ വിക്രം ആദിത്യക്ക് കണ്ണീരടക്കാനായില്ല. 'ഞങ്ങൾ ഐ.സി.യുവിന് പുറത്തേക്ക് ഓടിയെത്തി. ഡോക്ടർമാർ എല്ലാവരും അകത്തുണ്ടായിരുന്നു. വാതിൽ തുറന്നു നോക്കുമ്പോൾ അവർ അച്ഛന് സി.പി.ആർ. നൽകുന്നത് കണ്ടു. അപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായി. അമ്മ കരയാൻ തുടങ്ങിയിരുന്നു', വിക്രം ആദിത്യ പറഞ്ഞു.

അതേസമയം, പ്രദീപ് റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ബോളിവുഡിലെ പ്രമുഖർ എത്തി. നടൻ ആമിർ ഖാൻ, സംവിധായകൻ അശുതോഷ് ഗൊവാരിക്കർ, ചലച്ചിത്ര പ്രവർത്തകരായ അശോക് പണ്ഡിറ്റ്, അഖിലേന്ദ്ര മിശ്ര, രാജ് അർജുൻ, കരൺ വി ഗ്രോവർ, സുരേന്ദ്ര പാൽ, റുഹാനിക ധവാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രക്താർബുദത്തിന് ചികിത്സയിലായിരുന്ന പ്രദീപ് റാവത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ഭീവണ്ടിയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. 'ഗജിനി', 'ലഗാൻ', 'സർഫറോഷ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയും ബി.ആർ. ചോപ്രയുടെ 'മഹാഭാരത്' പരമ്പരയിലെ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തിലൂടെയുമാണ് പ്രദീപ് റാവത്ത് ശ്രദ്ധേയനായത്. 1952 ജനുവരി 21-ന് മധ്യപ്രദേശിലെ ജബൽപൂരിൽ ജനിച്ച അദ്ദേഹം നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ചു.