
നിരന്തരം വിമാനയാത്ര ചെയ്യുന്നവര്‍ക്ക് കാബിന്‍ ക്രൂവിന്റേയും പൈലറ്റിന്റേയും നിര്‍ദേശങ്ങള്‍ മടുപ്പുണ്ടാക്കും. ഒരു പോലെയുള്ള വാക്കുകള്‍ ആവര്‍ത്തിച്ചുകേള്‍ക്കുമ്പോള്‍ സ്വാഭാവികമായും വിരസതയാണ് തോന്നുക. എന്നാല്‍ നമ്മുടെ അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ കുശലന്വേഷണങ്ങള്‍ക്കുശേഷം നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പൈലറ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഈ വീഡിയോയുടെ പ്രത്യേകത എന്താണെന്നല്ലേ? പൈലറ്റ് സംസാരിക്കുന്നതെല്ലാം മലയാളത്തിലാണ്. അബൂദാബിയില്‍നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് തൊടുപുഴ സ്വദേശി ശരത് മാനുവലാണ് യാത്ര തുടങ്ങുന്നതിന് മുമ്പ് യാത്രക്കാരോട് മലയാളത്തില്‍ സംസാരിച്ചത്. ഇതിന്റെ വീഡിയോ 'മല്ലു ക്യാപ്റ്റന്‍' എന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ശരത് പങ്കുവെയ്ക്കുകയും ചെയ്തു.
എത്ര വര്‍ഷം കൂടിയാണ് നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതെന്നും നാട്ടിലെത്തിയാല്‍ നിങ്ങള്‍ എന്താണ് ആദ്യം ചെയ്യാന്‍ പോകുന്നതെന്നും പൈലറ്റ് യാത്രക്കാരോട് ചോദിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന വ്യക്തിക്ക് തന്റെ വക സ്‌പെഷ്യല്‍ ചായയും പൈലറ്റ് ഓഫര്‍ ചെയ്യുന്നുണ്ട്. കൊച്ചിയിലേക്ക് 2800 കിലോമീറ്റര്‍ ദൂരമാണുള്ളതെന്നും മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് നാട്ടിലെത്തിക്കുന്നതാണെന്നും പൈലറ്റ് പറയുന്നു. നിങ്ങള്‍ സ്പീഡില്‍ ഓടിക്കാന്‍ പറഞ്ഞാല്‍ സ്പീഡില്‍ ഓടിക്കാമെന്നും കുറച്ച് നേരത്തെ എത്തിക്കാന്‍ ശ്രമിക്കാമെന്നും തമാശയോടെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അവസാനം സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പങ്കുവെച്ച പൈലറ്റ് നിങ്ങളെല്ലാവരും ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും വിമാനം കൊച്ചിയിലെത്തും എന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതുപോലൊരു വിമാനത്തില്‍ കയറണമെന്നും ഈ പൈലറ്റിനെ പരിചയപ്പെടണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: malayali pilot interacting with passengers
Published: 15 Apr 2025, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented