ഡിസംബര്‍ എട്ടിനായിരുന്നു ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹം. ഗുരുവായൂരില്‍ വെച്ചാണ്‌ കാളിദാസ് മോഡലായ തരിണി കലിംഗരായര്‍ക്ക് താലി ചാര്‍ത്തിയത്‌. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

To advertise here,

ജയറാമും കാളിദാസും തരിണിയുമെല്ലാം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജയറാമിന്റെ മകള്‍ മാളവികയും വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മനോഹരമായൊരു കുറിപ്പും ഇതിനൊപ്പമുണ്ട്.

'അല്‍പം വൈകിപ്പോയി, പക്ഷേ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഡിസംബറാണ് കടന്നുപോയത്. എന്നെ ഈ ആഘോഷത്തിനായി അണിയിച്ചൊരുക്കിയവരെ ഓര്‍ക്കാതിരിക്കാനാവില്ല. നിങ്ങളെല്ലാവരും ചേര്‍ന്നാണ് ഈ വിവാഹം മനോഹരമാക്കിയത്. എല്ലാവരുടേയും കഠിനപ്രയത്‌നത്തിനും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലായിരുന്നില്ലെങ്കില്‍ ഇതൊന്നും യാഥാര്‍ഥ്യമാകുമായിരുന്നില്ല.'-മാളവിക ചിത്രങ്ങളോടൊപ്പം കുറിച്ചു.

കാളിദാസിന്റെ വിവാഹത്തിനും പ്രീ വെഡ്ഡിങ് ആഘോഷത്തിനും മെഹന്ദിക്കും സംഗീതിനും  റിസപ്ഷനും അണിഞ്ഞ ഔട്ട്ഫിറ്റുകളുടെ ചിത്രങ്ങളാണ് മാളവിക പോസ്റ്റ് ചെയ്തത്. ഈ ഔട്ട്ഫിറ്റുകളെല്ലാം ഡിസൈന്‍ ചെയ്തതും സ്റ്റൈല്‍ ചെയ്തതും ആരാണെന്നും മേക്കപ്പിലൂടെ തന്നെ ഒരുക്കിയവരെ കുറിച്ചും കുറിപ്പില്‍ മാളവിക പറയുന്നുണ്ട്.

വിവാഹത്തിന് മഞ്ഞയും പച്ചയും നിറങ്ങള്‍ കലര്‍ന്ന സാരിയായിരുന്നു മാളവികയുടെ ഔട്ട്ഫിറ്റ്. പ്രീ വെഡ്ഡിങ് റിസപ്ഷന് ഗോള്‍ഡന്‍ വര്‍ക്കുകള്‍ വരുന്ന പച്ച നിറത്തിലുള്ള ലെഹങ്കയായിരുന്നു താരപുത്രി തിരഞ്ഞെടുത്തത്. നിറയെ വര്‍ക്കുകള്‍ വരുന്ന ഹൈ നെക്കും ഫുള്‍ സ്ലീവുമായിരുന്നു ഈ ലെഹങ്കയുടെ പ്രത്യേകത. മെഹന്ദിക്ക് പേസ്റ്റല്‍ നിറത്തിലുള്ള സല്‍വാറായിരുന്നു വേഷം. സംഗീതിന് പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചു. റിസപ്ഷന് കറുപ്പ് നിറത്തിലുള്ള ഗൗണില്‍ അതിസുന്ദരിയായിരുന്നു മാളവിക.