മൗണ്ട് മൻഗനൂയ്: ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ കിവീസിന് കരുത്തായത് ഓപ്പണർ വിൽ യങ്ങിന്റെ സെഞ്ചുറിയാണ്. ടിം സെയ്‌ഫേർട്ട് പുറത്തായതിന് പിന്നാലെ അടിച്ചുകളിച്ച യങ് സെഞ്ചുറിയോടെ നിറഞ്ഞു. 108 പന്തിൽ നിന്ന് 125 റൺസാണ് യങ്ങിന്റെ സമ്പാദ്യം. എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ രണ്ട് തവണയാണ് യങ് ഔട്ടിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യൻ താരങ്ങൾ രണ്ട് ക്യാച്ച് നഷ്ടപ്പെടുത്തി.

To advertise here,

ആഖ്വിബ് നബിയെറിഞ്ഞ രണ്ടാം ഓവറിലാണ് ഇന്ത്യക്ക് യങ്ങിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചത്. ഓവറിലെ അഞ്ചാം പന്തിൽ രോഹിത് ശർമയാണ് യങ്ങിനെ കൈവിട്ടത്. യങ്ങിന്റെ ബാറ്റിൽ തട്ടിയ പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്ന രോഹിത് കൈപ്പിടിയിലാക്കാൻ ശ്രമിച്ചെങ്കിലും പാളി. പന്ത് രോഹിത്തിന്റെ കൈയ്യിൽ നിന്ന് വഴുതി വീണു. രോഹിത് നിരാശയോടെ നിൽക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.

എന്നാൽ തൊട്ടടുത്ത പന്തിലും സമാനമായിരുന്നു സ്ഥിതി. യങ്ങിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻരെ മുന്നിലേക്ക്. എന്നാൽ ഡൈവ് ചെയ്ത് ഒറ്റകൈയ്യിൽ ക്യാച്ചെടുക്കാനുള്ള കിഷന്റെ നീക്കവും വിജയിച്ചില്ല. ക്യാച്ച് കൈവിട്ടതോടെ രണ്ടാം തവണയും യങ്ങിന് ജീവൻ തിരിച്ചുകിട്ടി. ഈ സമയം വെറും അഞ്ച് റൺസിൽ നിൽക്കുകയായിരുന്നു കിവീസ് ബാറ്റർ. എന്നാൽ ഈ ക്യാച്ചിന് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവന്നു.

സെയ്‌ഫേർട്ടുമായി ചേർന്ന് 85 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും ഫിൻ അലനുമായി ചേർന്ന് 90 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും യങ് പടുത്തുയർത്തി. പിന്നാലെ ബ്രേസ്‌വെല്ലുമായി ചേർന്നും കിവീസ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. 41 റൺസാണ് അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. യങ്ങാകട്ടെ 125 റൺസെടുത്ത് ടീമിനെ 250 കടത്തി. 14 ഫോറും നാല് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.