തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ ജൂവലറി ഉടമയിൽനിന്ന് കവർന്നത് രണ്ട് കിലോ സ്വർണമെന്ന് പോലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. കട ഉടമയെ മോഷ്ടാക്കൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഘത്തിൽ ഉണ്ടായിരുന്നത് മൂന്നുപേരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ഇതിനിടെ ബാഗ് പിടിച്ച് പറിക്കുന്ന ദൃശ്യം പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ ബാഗ് പിടിച്ച് പറിച്ച സംഘത്തിനൊപ്പം മറ്റൊരു ബൈക്ക് കൂടിയുള്ളതായി കാണാം. ഇത് ഈ സംഘത്തിലുള്ളവരുടെതാണോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
ചില ദൃശ്യങ്ങൾ സിസിടിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും രാത്രിയായതിനാൽ നമ്പർപ്ലേറ്റടക്കം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജൂവലറി ഉടമയിൽനിന്നാണ് സ്വർണം അടങ്ങിയ ബാഗ് സംഘം തട്ടിയെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ ജൂവലറി ഉടമ കടയടച്ചശേഷം രാത്രി പത്തരയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കവർച്ച നടന്നത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇയാളിൽനിന്ന് ബൈക്കിലെത്തിയ സംഘം ബാഗ് പിടിച്ച് പറിക്കുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശികളാണ് കടയുടമകൾ. പഴയ സ്വർണം എടുക്കുന്നതാണ് ഇവരുടെ പ്രധാന ഇടപാട്. ഒരാഴ്ചത്തെ സ്വർണം ബാഗിലുണ്ടായിരുന്നുവെന്നാണ് വിവരം. അച്ഛൻ കടയിൽനിന്നിറങ്ങി മൂന്ന് മിനിറ്റിനുള്ളിൽ കവർച്ച നടന്നതായി ഉടമയുടെ മകൻ വിനോദ് പറഞ്ഞു.
'സാധാരണ ഞങ്ങൾ ഒരുമിച്ചാണ് ഇറങ്ങാറുള്ളത്. വ്യാഴാഴ്ച രാത്രി ഞാൻ ഇറങ്ങാൻ കുറച്ച് വൈകി. അച്ഛൻ ഇറങ്ങി മൂന്ന് മിനിറ്റിനുള്ളിൽ കവർച്ച നടന്നു. പിന്നീട് അച്ഛൻ സമീപത്തുണ്ടായിരുന്ന പോലീസുകാരോട് വിവരം പറഞ്ഞു. എന്നാൽ അച്ഛൻ പറഞ്ഞ വഴി മാറി. സംഘം മറ്റൊരു വഴിയിലൂടെയാണ് പോയത്' എന്ന് വിനോദ് പറഞ്ഞു.
Content Highlights: Two kilograms of gold were stolen from a jeweler in Chalai, Thiruvananthapuram., Police suspect a three-member gang orchestrated the well-planned robbery., The incident occurred around 10:30 PM as the Maharashtra native was returning home on a scooter., CCTV footage is being analyzed, though night-time visibility obscured vehicle number plates.
Published: 13 Nov 2026, 11:16 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented