
അന്സീറിനും നസീമയ്ക്കുമൊപ്പം എ.കെ ഫൈസല്‍ | Photo: Special Arrangement
''ഒരിക്കല്‍ നമ്മള്‍ ഇവിടെനിന്ന് പോകും. പിന്നെ ശേഷിക്കുന്നത് ഈ സ്‌നേഹം മാത്രമല്ലേ. ഇതിനെക്കാള്‍ കൂടുതല്‍ സന്തോഷമുള്ള വേറെ നിമിഷമില്ല. എന്റെ മക്കളുടെ കല്യാണത്തെക്കാള്‍ സന്തോഷമുണ്ട്'' -മലബാര്‍ ഗോള്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ എ.കെ. ഫൈസല്‍ പറയുമ്പോള്‍ അരികിലായുണ്ട് അന്‍സീറും മണവാട്ടി നസീമയും. വിവാഹവസ്ത്രത്തില്‍ അവരുടെ കണ്ണുകളിലും കവിളുകളിലും ചിരിനിറഞ്ഞു.
കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകള്‍ക്കൊപ്പമാണ് ഭിന്നശേഷിക്കാരായ അന്‍സീറിന്റെയും നസീമയുടെയും വിവാഹവും നടത്തിയത്. കൂടാതെ റോഷി സ്പെഷ്യല്‍ സ്‌കൂളിന്റെ ഭാഗമായ 10 പേരുടെ കുടുംബത്തെ ഏറ്റെടുക്കുകയും മറ്റൊരു കുടുംബത്തിന് വീടുണ്ടാക്കി നല്‍കുന്നതിനുള്ള രേഖകള്‍ കൈമാറുകയും ചെയ്തു. തനിക്കൊപ്പം ചുറ്റിലുമുള്ളവര്‍ക്കും തണലും തണുപ്പുമാകുകയെന്ന ചിന്തയോടെയായിരുന്നു ഗൃഹപ്രവേശത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍.
ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് റോഷി സ്‌കൂള്‍. ട്രസ്റ്റിന്റെ ചെയര്‍മാന്‍ എ.കെ. നിഷാദാണ്. മിഡില്‍ ഈസ്റ്റ് ചെയര്‍മാനായ ഫൈസലിന്റെതന്നെ ആശയമായിരുന്നു ഇത്തരമൊരു മുഹൂര്‍ത്തം.
പിതാവിന്റെ സ്ഥാനത്തുനിന്ന് ഫൈസല്‍ വിവാഹം നടത്തിയതിന്റെ സന്തോഷമാണ് കണ്ണൂര്‍ സ്വദേശികളായ നസീമയും അന്‍സീറും പങ്കിട്ടത്. അത്രയേറെ സന്തോഷമുണ്ടെന്നും ഇനിയുമേറെ കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ പറ്റട്ടേയെന്നും നസീമ പറഞ്ഞു. മോട്ടിവേഷണല്‍ സ്പീക്കറാണ് നസീമ. ദുബായില്‍ റസ്റ്ററന്റിലാണ് അന്‍സീര്‍. വിവാഹത്തിന് പാണക്കാട് മുനവ്വറലി തങ്ങള്‍ കാര്‍മികത്വം വഹിച്ചു.
ഓട്ടോറിക്ഷ മേല്‍ക്കൂരയാക്കി താമസിക്കേണ്ടിവന്ന വി. അനില്‍കുമാറിനും രമ്യയ്ക്കുമാണ് സ്ഥലംവാങ്ങി വീട് നിര്‍മിച്ചുനല്‍കുന്നത്. അതുവരെ താമസിക്കാന്‍ മുണ്ടിക്കല്‍ത്താഴത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തുനല്‍കി. റോഷിയിലുള്ളവരുടെ പത്തുകുടുംബങ്ങള്‍ക്കുള്ള എല്ലാ സഹായവും ഇനി എ.കെ. ഫൈസല്‍ നല്‍കും. ട്രസ്റ്റിന് എല്ലാ വര്‍ഷവും പത്തുലക്ഷം രൂപ ഫൈസല്‍ നല്‍കാറുണ്ട്. അതിന്റെ ചെക്ക് ഡോ. യഹ്യ ഖാന്‍ ഏറ്റുവാങ്ങി.
മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, പാണക്കാട് ബഷീറലി തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കോഴിക്കോട് അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മൈജി ചെയര്‍മാന്‍ എ.കെ. ഷാജി, ജിടെക് ഉടമ മെഹറൂഫ് മണലൊടി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സിഇഒ അക്ബര്‍ അലി ഖാന്‍, സെക്രട്ടറി എം.കെ. സിറാജ്, ട്രഷറര്‍ ടി.പി. അബ്ദുള്ള, എ.കെ. ഹസ്സന്‍കുട്ടി, അംബികാ രമേഷ് (ആര്‍ജി ഗ്രൂപ്പ്) തുടങ്ങിയവര്‍ ആശംസകളുമായെത്തി.
Content Highlights: malabar gold executive director ak faisal conducts differently abled marriage
Published: 14 Nov 2025, 08:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented