
മഞ്ഞ് പെയ്യുന്ന ഒരു വൈകുന്നേരം. ടോക്യോ നഗരത്തിലെ ഷിബുയ എന്ന അധികം ആള്‍ത്തിരക്കില്ലാത്ത ചെറിയ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കിതച്ച് ഒരു തീവണ്ടി വന്നുനിന്നു. യാത്രക്കാര്‍ ഓരോരുത്തരായി പുറത്തേക്കിറങ്ങി. ടിക്കറ്റ് ഗേറ്റ് കടന്ന് സ്റ്റേഷന്‍ കെട്ടിടത്തിന് പുറത്തേക്ക് വരുന്ന യാത്രക്കാരെക്കാത്ത് അവന്‍ നിന്നു. മുന്നിലൂടെ കടന്നുപോയ ഓരോ മുഖത്തും പ്രതീക്ഷയോടെ അവന്‍ നോക്കി. ഓരോ മുഖത്തും അവന്‍ തന്റെ യജമാനൻ യുനോയെ തിരഞ്ഞു. പലരും അവനെ ഗൗനിക്കാതെ വേഗത്തില്‍ സ്‌റ്റേഷന് പുറത്തേക്ക് നടന്നുനീങ്ങി. അവരാരും തന്റെ യജമാനനല്ലെന്ന് തിരിച്ചറിഞ്ഞ് അവന്‍ തലകുനിച്ച് മടങ്ങി. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ ആ സ്റ്റേഷനില്‍ നിശബ്ദനായി അവന്‍ തന്റെ കാത്തിരിപ്പ് തുടര്‍ന്നു. ഒന്നും രണ്ടും ദിവസമല്ല, നീണ്ട ഒന്‍പത് വര്‍ഷമാണ് യുനോയ്ക്കുവേണ്ടി അവന്‍ കാത്തിരുന്നത്. ഓരോ ദിവസവും അവന്‍ റെയില്‍വേ സ്റ്റേഷനിലെത്തും യുനോ വരുന്നതും കാത്തിരിക്കും. ആളുകള്‍ പലരും വന്നുപോയെങ്കിലും അവന്റെ യജമാനന്‍ മാത്രം വന്നില്ല.
ഹാച്ചികോ അതായിരുന്നു അവന്റെ പേര്. ജപ്പാനിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധനായ നായകളിലൊരാള്‍. അവന്റെ കഥ കാട്ടുതീപോലെയാണ് ജപ്പാനിലെമ്പാടും പടര്‍ന്നത്. അവനെ കാണാനായി മാത്രം ജപ്പാനിലെ ആ റെയില്‍വേ സ്‌റ്റേഷനിലെത്തി. ഹാച്ചികോയെ കണ്ട് കണ്ണീര്‍ പൊഴിച്ചു. അവന്റെ യജമാനസ്‌നേഹം വാഴ്ത്തിപ്പാടി. ഹാച്ചിക്കോയുടെ പ്രതിമ ഷിബുയ സ്റ്റേഷനിലുയര്‍ന്നു. പ്രതിമ കാണാനും അവനെ ഓര്‍മിക്കാനും അനേകംപേരാണ് ഷിബുയ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. 1936 മുതല്‍ എല്ലാ വര്‍ഷവും ഹാച്ചികോയെ ആദരിക്കുന്ന ചടങ്ങ് നടത്താറുണ്ട്. അവന്റെ കഥ സിനിമകളും ഡോക്യുമെന്ററികളുമായി. അസാധാരണമായിരുന്നു അവന്റെ ജീവിതകഥ. ജപ്പാനിലെ ഓഡാറ്റെ നഗരത്തില്‍ തുടങ്ങി ടോക്യോയിലെ തെരുവില്‍ അവസാനിച്ച അവന്റെ ജീവിതകഥ.
ഹാച്ചിയില്‍ നിന്ന് ഹാച്ചികോയിലേക്ക്
ജപ്പാനിലെ ഓഡാറ്റെ നഗരത്തിലെ ഒരു ഫാമില്‍ 1923 നവംബര്‍ 10-നാണ് ആ നായക്കുട്ടി ജനിച്ചു വീണത്. അകിത ഇനത്തില്‍പ്പെട്ട നായയായിരുന്നു അവന്‍. വലിപ്പമുള്ള ജാപ്പനീസ് നായയായ അകിത രാജ്യത്തെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ ഇനങ്ങളില്‍ ഒന്നായിരുന്നു. വലിയ തലയും ഉയര്‍ന്നുനില്‍ക്കുന്ന ചെവികളും ത്രികോണാകൃതിയിലുള്ള ചെറിയ കണ്ണുകളും തടിച്ചു മുകളിലേക്ക് വളഞ്ഞ വാലുമെല്ലാം അകിതയുടെ സവിശേഷതകളായിരുന്നു. സ്നേഹത്തിന്റെ പര്യായമായാണ് അകിത അറിയപ്പെടുന്നത് തന്നെ. ശാന്തരും ബുദ്ധിശക്തിയുള്ളവരുമായ അകിത തങ്ങളുടെ യജമാനന്മാരോട് അങ്ങേയറ്റം അനുസരണയുള്ളവരുമാണ്. അത്തരത്തിലുള്ള ഒരു അകിത നായയെ സ്വന്തമാക്കാന്‍ ഏതൊരു ജപ്പാന്‍കാരനും കൊതിച്ചിരുന്നു. ടോക്യോ ഇംപീരിയല്‍ സര്‍വകലാശാലയിലെ കാര്‍ഷിക വകുപ്പില്‍ അധ്യാപകനും കടുത്ത നായപ്രേമിയുമായ ഹിഡെസാബുറോ യുനോ (Hidesaburō Ueno)യും ഒരു ശുദ്ധ ജാപ്പനീസ് അകിതയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഏറെക്കാലമായി ഒരു അകിത നായ്ക്കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു അദ്ദേഹം. അത്തരത്തിലൊന്നിനെ കണ്ടെത്തിയാല്‍ അറിയക്കണമെന്ന് യുനോ തന്റെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഓഡാറ്റെ നഗരത്തിലെ സൈറ്റോ യോഷികാഷിയെന്ന കര്‍ഷകന്റെ ഫാമില്‍ ഒരു അകിത നായക്കുട്ടിയുണ്ടെന്ന വിവരം ഒരു വിദ്യാര്‍ഥി അദ്ദേഹത്തെ അറിയിക്കുന്നത്. 30 യെന്‍ നല്‍കിയാണ് യുനോ അവനെ സ്വന്തമാക്കിയത്. അന്നത് അത്യാവശ്യം വലിയ തുകയായിരുന്നു.
യുനോ സ്വന്തമാക്കുമ്പോള്‍ 50 ദിവസമായിരുന്നു ആ നായക്കുട്ടിയുടെ പ്രായം. ഓഡാറ്റെയില്‍നിന്ന് ദീര്‍ഘമായ ട്രെയിന്‍ യാത്രയ്ക്ക് ശേഷമാണ് ആ നായ്ക്കുട്ടി 1924 ജനുവരി 15-ന് ടോക്യോ നഗരത്തിലെ ഷിബുയയിലെ യുനോയുടെ വീട്ടില്‍ എത്തുന്നത്. 20 മണിക്കൂറോളം നീണ്ട ട്രെയിന്‍ യാത്ര ആ ചെറിയ നായ്ക്കുട്ടിയെ വല്ലാതെ തളര്‍ത്തിയിരുന്നു. യുനോയുടെ വീട്ടില്‍ എത്തിയപ്പോള്‍ അതിന്റെ അവസ്ഥ തീര്‍ത്തും മോശമായിരുന്നു. അത് ചത്തുപോയെന്നാണ് അവര്‍ വിചാരിച്ചത്. പിന്നീട് യുനോയും പങ്കാളിയും നല്‍കിയ പരിചരണത്തിലും കരുതലിലുമാണ് അവന്‍ ആരോഗ്യത്തിലേക്ക് തിരികെ എത്തിയത്. അവന്റെ ആരോഗ്യം മെച്ചപ്പെടാന്‍ ഏതാണ്ട് ആറ് മാസക്കാലമെടുത്തു. കുട്ടികളില്ലാത്ത യുനോ ആ നായ്ക്കുട്ടിയെ തന്റെ കട്ടിലിനടിയിലാണ് കിടത്തിയുറക്കിയത്. അവര്‍ ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത് പോലും. യുനോ നായ്ക്കുട്ടിക്ക് 'ഹാച്ചി' എന്നാണ് പേരിട്ടത്. ജാപ്പനീസ് ഭാഷയില്‍ എട്ട് എന്നായിരുന്നു അതിനര്‍ഥം. ജപ്പാനില്‍ എട്ട് ഭാഗ്യ സംഖ്യയാണ്. അതാണ് അദ്ദേഹം നായക്കുട്ടിക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ വിദ്യര്‍ഥികള്‍ കോ എന്ന് ചേര്‍ത്ത് വിളിച്ചതോടെ അവന്‍ ഹാച്ചികോയായി. ഹാച്ചിയും പ്രൊഫസര്‍ യുനോയും താമസിയാതെ ഉറ്റ സുഹൃത്തുക്കളായി. യുനോ തന്റെ പ്രിയപ്പെട്ട ഹാച്ചിയെ അതിയായി സ്‌നേഹിക്കുകയും അവനെ സ്വന്തം മകനെപ്പോലെ കരുതുകയും ചെയ്തു. ഏതൊരു അകിത നായയേയും പോലെ സ്‌നേഹത്തിന്റെ പര്യായമായിരുന്നു ഹാച്ചിയും.

പ്രൊഫസര്‍ യുനോയും ഹാച്ചികോയും
മധ്യടോക്യോയിലെ ഷിബുയ എന്ന ചെറിയ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു എല്ലാ ദിവസവും പ്രൊഫസര്‍ യുനോ ജോലിക്ക് പോയിരുന്നത്. രാവിലെ യുനോ ജോലിക്ക് പോകുമ്പോള്‍, അദ്ദേഹത്തിന്റെ മൂന്ന് നായകളും ഒപ്പമിറങ്ങും. അവരിലൊരാള്‍ ഹാച്ചിയായിരുന്നു. അവര്‍ അദ്ദേഹത്തെ റെയില്‍വേ സ്റ്റേഷന്‍വരെ അനുഗമിക്കും. വൈകുന്നേരം അദ്ദേഹത്തിന്റെ മടങ്ങിവരവിനായി സ്റ്റേഷന്‍ പരിസരത്ത് കാത്തുകിടക്കും. പ്രൊഫസര്‍ തിരിച്ചെത്തുമ്പോള്‍ സ്റ്റേഷനില്‍ ടിക്കറ്റ് ഗേറ്റില്‍ അവര്‍ കാത്തുനില്‍ക്കും. ഒന്നിച്ച് വീട്ടിലേക്ക് മടങ്ങും. പിറ്റേ ദിവസം വീണ്ടും അദ്ദേഹത്തോടൊപ്പം മൂവര്‍സംഘം സ്റ്റേഷനിലെത്തും. രാവിലെ ഒരുമിച്ച് സ്റ്റേഷനിലേക്ക് പുറപ്പെടുകയും രാത്രി ഒരുമിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. റെയില്‍വേ സ്റ്റേഷനിലുള്ളവര്‍ക്കെല്ലാം ഇതൊരു കൗതുകകാഴ്ചയായിരുന്നു. 1925 മേയ് 21. അന്ന് ഹാച്ചികോയ്ക്ക് പ്രായം 18 മാസം. അപ്പോഴേക്കും ഹാച്ചി പ്രൊഫസറുടെ വീട്ടിലെത്തിയിട്ട് ഒരു വര്‍ഷവും നാല് മാസവും കഴിഞ്ഞിരുന്നു. പതിവുപോലെ പ്രൊഫസര്‍ യുനോ ട്രെയിന്‍ കയറി ജോലി സ്ഥലത്തേക്ക് പോയി. ഹാച്ചി അദ്ദേഹത്തെ സ്റ്റേഷനില്‍ കാത്തിരുന്നു. പക്ഷേ, യുനോ തിരിച്ചെത്തിയില്ല. കോളേജില്‍ ക്ലാസ് എടുക്കുന്നതിനിടെ ബോധരഹിതനായി വീണ 53-കാരനായ യുനോ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഈ ലോകത്തോട് വിട പറഞ്ഞു.
വൈകുന്നേരം പ്രൊഫസറെ സ്റ്റേഷനില്‍ കാത്തിരുന്ന ഹാച്ചി അദ്ദേഹത്തെ കാണാത്തതിനേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. തന്റെ യജമാനന്‍ കുഴപ്പത്തിലാണെന്ന് എങ്ങനെയോ അവന്‍ മനസ്സിലാക്കി. മൂന്ന് ദിവസത്തേക്ക് ഭക്ഷണം കഴിക്കാന്‍ പോലും അവന്‍ തയ്യാറായില്ല. യുനോയുടെ ശവസംസ്‌കാര ചടങ്ങു നടക്കുമ്പോള്‍ ആളുകള്‍ക്കിടയിലൂടെ അവന്‍ മണം പിടിച്ചു നടന്നു. അദ്ദേഹത്തിന്റെ ശവപ്പെട്ടിക്ക് ഇടയിലേക്ക് നൂണ്ടുകയറിയ അവന്‍ അവിടെനിന്ന് മാറാന്‍ വിസമ്മതിച്ചു എന്നാണ് ഹാച്ചിക്കോയുടെ ജീവചരിത്രത്തില്‍ പ്രൊഫസര്‍ മയൂമി ഇറ്റോ എഴുതിയത്. യുനോയുടെ പങ്കാളി സക്കാനോ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയായല്ലാത്തതിനാല്‍ അവര്‍ക്ക് ഷിബുയയിലെ വീടിന് മേല്‍ അവകാശമുണ്ടായിരുന്നില്ല. ഇതോടെ അവര്‍ ചെറിയ വാടക വീട്ടിലേക്ക് താമസമാക്കി. യുനോയുടെ മരണത്തിന് പിന്നാലെ ടോക്യോയില്‍ തന്നെ കിമോണോ കട നടത്തിയിരുന്ന സക്കാനോയുടെ ഒരു പരിചയക്കാരിയാണ് ഹാച്ചിയെ ആദ്യം കൂട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ഷിബുയയിലേക്ക് ഹാച്ചി മടങ്ങി. പിന്നാലെ ടോക്യോയിലെ അസകുസ(Asakusa)യിലുള്ള യുനോയുടെ ബന്ധുക്കള്‍ ഹാച്ചിയെ കൊണ്ടുപോയി. അടുത്ത കുറച്ച് മാസങ്ങള്‍ ഷിബുയക്ക് പുറത്ത് അസകുസയിലാണ് ഹാച്ചി ചെലവഴിച്ചത്. പക്ഷേ, അവിടെ നിന്നും അവന്‍ വീണ്ടും ഷിബുയയിലെ യുനോയുടെ വീട്ടിലേക്ക് മടങ്ങി. ഒരു വര്‍ഷം പിന്നിട്ടിട്ടും പുതിയ വീട്ടിലേക്ക് മടങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല.
ഇതോടെ അവനെ യുനോയുടെ മുന്‍ തോട്ടക്കാരനായ കൊസാബുറോ കൊബയാഷി (Kozaburo Kobayashi) അവനെ കൂട്ടിക്കൊണ്ടുപോയി. കുട്ടിയായിരുന്ന കാലം മുതല്‍ അവനെ അറിയുന്നയാളായിരുന്നു കൊബയാഷി. യജമാനന്‍ താമസിച്ചിരുന്ന പ്രദേശത്തേക്ക് മടങ്ങിയെത്തിയ ഹാച്ചി താമസിയാതെ സ്റ്റേഷനിലേക്കുള്ള തന്റെ യാത്ര പുനരാരംഭിച്ചു. യുനോയുടെ വീടിന് സമീപത്ത് തന്നെയായിരുന്നു കൊബയാഷിയുടെ വീട്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് അവന്‍ കൃത്യമായി ഷിബുയ റെയില്‍വേ സ്റ്റേഷനിലെത്തി. മഴയോ വെയിലോ അവനെ പിന്തിരിപ്പിച്ചില്ല. ഒരിക്കലും തിരിച്ചുവരാത്ത തന്റെ പ്രിയപ്പെട്ട ഉടമയെ പ്രതീക്ഷിച്ച് ക്ഷമയോടെ മണിക്കൂറുകള്‍ അവന്‍ കാത്തുകിടക്കും. 'വൈകുന്നേരം, ടിക്കറ്റ് ഗേറ്റില്‍ നിന്നുകൊണ്ട് യുനോയെ തിരഞ്ഞ് ട്രെയിനിറങ്ങിവരുന്ന ഓരോ യാത്രക്കാരനെയും അവന്‍ സങ്കടത്തോടെ നോക്കും'- ഹാച്ചിക്കോയുടെ ജീവചരിത്രത്തില്‍ പ്രൊഫസര്‍ ഇറ്റോ എഴുതി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ളവര്‍ ഹാച്ചിയോട് നല്ല രീതിയില്‍ പെരുമാറിയില്ല. തുടക്കത്തില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ അവനെ ഒരു ശല്യമായി കണ്ടു. കാല്‍നടയാത്രക്കാരും സ്റ്റേഷനിലെ ജീവനക്കാരും കുട്ടികളും അവനെ ഉപദ്രവിച്ചു. കച്ചവടക്കാര്‍ അവന്റെ മേല്‍ വെള്ളം ഒഴിക്കുകയും കുട്ടികള്‍ അവനെ അടിക്കുകയും ചെയ്തു. പക്ഷേ, അതൊന്നും അവനെ തളര്‍ത്തിയില്ല. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് കൃത്യമായി സ്റ്റേഷനില്‍ അവന്‍ ഹാജരായി.

ഹാച്ചിയുടെ മടുക്കാത്ത യാത്ര
ഒന്നും രണ്ടും ദിവസമല്ല, നീണ്ട ഒന്‍പത് വര്‍ഷമാണ് യുനോയ്ക്ക് വേണ്ടി ഹാച്ചി കാത്തിരുന്നത്. ഓരോ ദിവസവും ഹാച്ചി സ്റ്റേഷനില്‍ യുനോ വരുന്നതു കാത്തിരുന്നു. ആളുകള്‍ പലരും വന്നുപോയെങ്കിലും അവന്റെ യജമാനന്‍ മാത്രം വന്നില്ല. പക്ഷേ, അവന്‍ പതിവ് മുടക്കയില്ല. മുന്നിലെത്തുന്ന ആരോ മുഖത്തും അവന്റെ യുനോയെ തിരഞ്ഞു. അവരാരും തന്റെ യജമാനല്ലെന്ന് തിരിച്ചറിയുന്നതോടെ തലകുനിച്ച് മടങ്ങി. ആര്‍ക്കും ശല്യമാകാതെ അവന്‍ ആ സ്റ്റേഷനില്‍ നിശബ്ദനായി തന്റെ കാത്തിരിപ്പ് തുടര്‍ന്നു. ഇതോടെ തുടക്കത്തില്‍ അവനെ ശല്യമായി കണ്ടിരുന്നവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായി. പലരും അവന് ഭക്ഷണം നല്‍കാന്‍ തുടങ്ങി. യുനോയുടെ വിദ്യാര്‍ഥിയായ സൈറ്റോ ഹാച്ചിയെ ശ്രദ്ധിച്ചു. ആ സമയത്ത് അകിത ഇനത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നു സൈറ്റോ. അവനെ അനുഗമിച്ച സൈറ്റോ അവന്റെ കഥ മനസ്സിലാക്കി. ഇടയ്ക്കിടെ അവനെ സന്ദര്‍ശിച്ച സൈറ്റോ ജാപ്പനീസ് നായ്ക്കളെക്കുറിച്ചുള്ള ഒരു ജേണലിലേക്ക് അവനെക്കുറിച്ചുള്ള ഫോട്ടോകളും വിശദാംശങ്ങളും അയച്ചു. 1932 ഒക്ടോബറില്‍ ജാപ്പനീസ് ദിനപത്രമായ ടോക്യോ അസാഹി ഷിംബുനി(Asahi Shimbun)ല്‍ ഹാച്ചിക്കോയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഒരു പ്രമുഖ ദേശീയപത്രം ഹാച്ചിക്കോയുടെ കഥ പ്രസിദ്ധീകരിച്ചതോടെ ജാപ്പനീസ് ജനത അവന്റെ നീണ്ട കാത്തിരിപ്പിന്റെ കഥ വായിച്ചറിഞ്ഞു. അവന്‍ രാജ്യവ്യാപകമായി പ്രശസ്തി നേടി.
വാര്‍ത്ത വന്നതോടെ ഹാച്ചിയോടുള്ള ആളുകളുടെ മനോഭാവം മാറി. ഒരിക്കലും തിരിച്ചുവരാത്ത പ്രിയപ്പെട്ട ഉടമയുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരിക്കുന്ന അവന്‍ ചുറ്റുമുള്ളവര്‍ക്കും വേദനയായി. വായിച്ചും അറിഞ്ഞും അവന്‍ ജപ്പാനിലുള്ളവര്‍ക്ക് പ്രിയപ്പെട്ടവനായി. അവന്റെ വേദന അവരുടേതുമായി. അവനെ ഓർത്ത് അവരും വേദനിച്ചു. ഇതോടെ സ്റ്റേഷനിലേക്ക് ഹാച്ചിക്കോയ്ക്കുള്ള ഭക്ഷണത്തിനായി പലരും സംഭാവനകള്‍ അയച്ചു. അവനെക്കാണാന്‍വേണ്ടി മാത്രം ആളുകള്‍ ഷിബുയ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. അവനെക്കുറിച്ച് ആളുകള്‍ ഹൈക്കുകളും കവിതകളും എഴുതി. അവന്റെ പ്രതിമ നിര്‍മിക്കാന്‍ ഫണ്ട് ശേഖരണം നടന്നു. ആ ധനസമാഹരണ പരിപാടിയില്‍ 3,000 പേരാണ് പങ്കെടുത്തത്. 1934 ഏപ്രില്‍ 21-ന്, ഷിബുയ സ്റ്റേഷന്റെ ടിക്കറ്റ് ഗേറ്റിന് മുന്നില്‍ ശില്‍പിയായ ടെണ്‍ ആന്‍ഡോ ഹാച്ചിക്കോയുടെ ഒരു വെങ്കല പ്രതിമ സ്ഥാപിച്ചു. പിന്നീട് 1944 ഏപ്രിലില്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ആയുധങ്ങള്‍ക്കായി ഈ പ്രതിമ പൊളിച്ചെടുക്കുകയും ഉരുകുകയും ചെയ്തു. 1948-ല്‍ ശില്പിയുടെ മകന്‍ തകേഷി ആന്‍ഡോ ഒരു പകര്‍പ്പ് നിര്‍മിക്കുകയും ഓഗസ്റ്റ് 15-ന് ഒരു ചടങ്ങില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പെട്ടെന്നുള്ള പ്രശസ്തി ഹാച്ചിക്കോയുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കില്ല. എല്ലാ ദിവസവും അവന്‍ ഷിബുയ സ്റ്റേഷനിലെത്തുകയും പ്രൊഫസര്‍ യുനോയുടെ വരവിനായി കാത്തിരിക്കുകയും ചെയ്തു.

നീണ്ട കാത്തിരിപ്പ്, യുനോയ്ക്ക് ഒപ്പം അന്ത്യനിദ്ര
വര്‍ഷങ്ങളായുള്ള തെരുവുജീവിതം അവന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. പ്രായംചെല്ലുംതോറും അവന്‍ ദുര്‍ബലനായി. അവന്റെ ഒരു ചെവിക്ക് തകരാര്‍ ഉണ്ടാകുകയും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. കൊതുകുകള്‍ പരത്തുന്ന ഒരുതരം ഫൈലേറിയല്‍ വിര ബാധിതനായിരുന്നു അവന്‍. ഒടുവില്‍ 1935 മാര്‍ച്ച് എട്ടിന് അതിരാവിലെ, പതിമൂന്നാം വയസ്സില്‍ ഷിബുയയിലെ തെരുവില്‍ അവന്‍ അന്ത്യശ്വാസം വലിച്ചു. ഇക്കാലത്തിനിടയില്‍ ഒരിക്കലും മടങ്ങിവരാത്ത യജമാനനുവേണ്ടി അവന്‍ കാത്തിരുന്നത് നീണ്ട ഒമ്പത് വര്‍ഷവും പത്തു മാസവും ആയിരുന്നു. ഹാച്ചിക്കോയുടെ മരണം പല പത്രങ്ങളുടെയും ഒന്നാം പേജ് വാര്‍ത്തയായി. അവന്റെ ശവസംസ്‌കാര ചടങ്ങില്‍, ബുദ്ധ സന്യാസിമാര്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുകയും ചെയ്തു. അവന്റെ ഭൗതികാവശിഷ്ടങ്ങളുടെ ചിതാഭസ്മം ടോക്യോയിലെ സെമിത്തേരിയില്‍ യുനോയുടെ അരികില്‍ അടക്കം ചെയ്തു. ടോക്യോയിലെ നാഷണല്‍ സയന്‍സ് മ്യൂസിയത്തില്‍ ഹാച്ചിക്കോയുടെ ഒരു സ്റ്റഫ് ചെയ്ത രൂപം ഇപ്പോഴും കാണാം.
യുനോയുടെ മരണംകൊണ്ട് ഒറ്റപ്പെട്ടുപോയ മറ്റൊരാള്‍കൂടിയുണ്ടായിരുന്നു. അദ്ദേത്തിന്റെ അവിവാഹിത പങ്കാളിയായിരുന്ന സക്കാനോ (Sakano). സന്ദര്‍ശനവേളകളിലെല്ലാം ഹാച്ചി അവളോട് അതിയായ സ്‌നേഹം പ്രകടിപ്പിച്ചു. 1961 ഏപ്രിലില്‍ സക്കാനോ അന്തരിച്ചു. മരണശേഷംയുനോക്കൊപ്പം അടക്കം ചെയ്യപ്പെടണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. പക്ഷേ, യുനോയ്ക്കൊപ്പം അടക്കം ചെയ്യാനുള്ള അവരുടെ ആഗ്രഹം സഫലമായില്ല. 2013-ലാണ് ഇക്കാര്യം തിരിച്ചറിയുന്നത്. ഒടുവില്‍ ആവശ്യമായ അനുമതികള്‍ നേടിയശേഷം, 2016 മെയ് 19-ന് അവരുടെ ചിതാഭസ്മം യുനോ, ഹാച്ചിക്കോ എന്നിവരോടൊപ്പം സംസ്‌കരിച്ചു. ഹാച്ചിക്ക് പ്രൊഫസര്‍ അവന്റെ പിതാവിനെയും സക്കാനോ അവന്റെ മാതാവിനെപ്പോലെയുമായിരുന്നു. ഓടുവില്‍ ഹാച്ചി അവന്റെ പിതാവിനും മാതാവിനൊപ്പം അന്ത്യനിദ്ര കൊള്ളുന്നു...
Content Highlights: Amazing And True Story Of Hachiko The Loyal Dog
Published: 19 Aug 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented