വീട്ടിൽ ഒരു നായയുണ്ടെങ്കിൽ അറിയാം, അത് വെറുമൊരു വളർത്തുമൃഗമല്ല. വീട്ടിലെ ഒരംഗം തന്നെയാണ്. നമ്മൾ തിരിച്ചെത്തുമ്പോൾ ഓടിയെത്തുന്ന, സങ്കടപ്പെട്ടിരിക്കുമ്പോൾ അടുത്തുവന്ന് കിടക്കുന്ന പ്രിയപ്പെട്ട സുഹൃത്ത്. എന്നാൽ എത്ര സ്നേഹത്തോടെ വളർത്തിയാലും ഒരുനാൾ അവ നമ്മളെ വിട്ടുപോകും. ചില നായകൾ പതിനഞ്ച് വയസ്സോ അതിലധികമോ ജീവിക്കുമ്പോൾ മറ്റു ചിലത് അതിനുമുമ്പുതന്നെ വാർധക്യത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ടാണ്?
ഗ്രേറ്റ് ഡെയ്നിനെയും ചിഹ്വാഹ്വയെയും ഉദാഹരണമായെടുക്കാം. ഗ്രേറ്റ് ഡെയ്ൻ ഉയരവും ഭാരവുമുള്ള ഭീമൻ നായയാണ്. ചിഹ്വാഹ്വയാകട്ടെ കൈകളിൽ ഒതുങ്ങുന്നത്ര ചെറിയ ഇനം. എന്നാൽ ഇവയുടെ വ്യത്യാസം വലിപ്പത്തിൽ മാത്രം ഒതുങ്ങുന്നില്ല. പൊതുവെ വലിയ നായകളെ അപേക്ഷിച്ച് ചെറിയ നായകൾ കൂടുതൽ കാലം ജീവിക്കാറുണ്ട്. ഗ്രേറ്റ് ഡെയ്ൻ പോലുള്ള ഭീമൻ നായകളുടെ ആയുസ്സ് സാധാരണയായി ആറു മുതൽ പത്തു വർഷം വരെയായിരിക്കുമ്പോൾ ചിഹ്വാഹ്വ പോലുള്ള ചെറിയ നായകൾക്ക് പന്ത്രണ്ടു മുതൽ പതിനാറു വർഷമോ അതിലധികമോ ജീവിക്കാനാകും. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ റിട്രീവർ, ഗോൾഡൻ റിട്രീവർ, റോട്ട്വീലർ, ഡോബർമാൻ, ഗ്രേറ്റ് ഡെയ്ൻ, സെയ്ന്റ് ബെർണാഡ്, സൈബീരിയൻ ഹസ്കി, ബോക്സർ, ഇന്ത്യൻ മാസ്റ്റിഫ് തുടങ്ങിയ വലിപ്പമുള്ള ഇനത്തിൽപ്പെടുന്ന നായകളാണ്.
വലിയ നായകൾക്ക് ചെറിയ നായകളെക്കാൾ ആയുസ്സ് കുറയുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം തേടിയ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് നായകളുടെ ഡിഎൻഎയുമായി ബന്ധപ്പെട്ട നിർണായകമായ ചില സൂചനകളാണ്. 894 വളർത്തുനായകളിൽനിന്ന് ശേഖരിച്ച 1,640 ഡിഎൻഎ മെഥിലേഷൻ പ്രൊഫൈലുകൾ വിശകലനം ചെയ്ത പഠനത്തിൽ, വലിയ നായകളിൽ വാർധക്യവുമായി ബന്ധപ്പെട്ട ചില ജനിതക മാറ്റങ്ങൾ കൂടുതൽ വേഗത്തിൽ സംഭവിക്കുന്നതായി കണ്ടെത്തി. ജമ്പിങ് ജീനുകൾ എന്നറിയപ്പെടുന്ന ജനിതകഘടകങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങളും ഗവേഷകർ പരിശോധിച്ചു. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്. നായകളുടെ ശരീരവലുപ്പവും വാർധക്യത്തിന്റെ വേഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇത് പുതിയ സൂചനകൾ നൽകുന്നു.
ഡിഎൻഎയിൽ ഒളിഞ്ഞിരിക്കുന്ന വാർധക്യത്തിന്റെ സൂചനകൾ
നായകളുടെ ശരീരത്തിൽ പ്രായം കൂടുന്നതിനനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാനാണ് ഗവേഷകർ ഡിഎൻഎ മെഥിലേഷൻ പരിശോധിച്ചത്. ഡിഎൻഎയിലെ ചില ഭാഗങ്ങളിൽ സംഭവിക്കുന്ന രാസമാറ്റങ്ങളിലൂടെ ജീനുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന പ്രക്രിയയാണിത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ മാറ്റങ്ങളുടെ രീതിയും വ്യത്യാസപ്പെടും. അതിനാൽ ഒരു ജീവിയുടെ ജൈവിക പ്രായത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇവ സഹായിക്കും.പഠനത്തിൽ ചെറിയ നായകളെ അപേക്ഷിച്ച് വലിയ നായകളിൽ ജമ്പിങ് ജീനുകളുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മെഥിലേഷൻ നഷ്ടം 31 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
എന്താണ് ജമ്പിങ് ജീനുകൾ?
ഡിഎൻഎയിലെ ചില ജനിതകഘടകങ്ങൾക്ക് സ്വന്തം പകർപ്പുകൾ സൃഷ്ടിക്കാനോ ഡിഎൻഎയിലെ മറ്റൊരു സ്ഥാനത്തേക്ക് മാറാനോ കഴിയും. ഇവയെയാണ് ജമ്പിങ് ജീനുകൾ എന്നു വിളിക്കുന്നത്. സാധാരണയായി ശരീരത്തിലെ ചില സംവിധാനങ്ങൾ ഇവയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. എന്നാൽ ഈ നിയന്ത്രണത്തിൽ മാറ്റങ്ങളുണ്ടാകുന്നത് കോശങ്ങളുടെ പ്രവർത്തനത്തെയും ജനിതകസ്ഥിരതയെയും സ്വാധീനിച്ചേക്കാം.വലിയ നായകളിൽ ഇത്തരം ജനിതകഘടകങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കൂടുതലായി കണ്ടെത്തിയത് വാർധക്യം വേഗത്തിൽ സംഭവിക്കുന്നതിന്റെ ഒരു സൂചനയായിരിക്കാം. എന്നാൽ ഈ മാറ്റങ്ങളാണ് വലിയ നായകളുടെ ആയുസ്സ് കുറയാൻ നേരിട്ട് കാരണമാകുന്നതെന്ന് പഠനം തെളിയിച്ചിട്ടില്ല. അതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
ജൈവിക പ്രായം കണക്കാക്കാനാകുമോ?
ഒരു നായ ജനിച്ചിട്ട് എത്ര വർഷമായെന്നത് അതിന്റെ കാലക്രമപ്രായമാണ്. എന്നാൽ ശരീരത്തിനുള്ളിൽ വാർധക്യവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എത്രത്തോളം സംഭവിച്ചുവെന്നത് ജൈവിക പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേ പ്രായമുള്ള രണ്ട് നായകളുടെ ശരീരത്തിൽ വാർധക്യത്തിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. ഡിഎൻഎ മെഥിലേഷനിലെ മാറ്റങ്ങൾ ഉപയോഗിച്ച് ജൈവിക പ്രായം കണക്കാക്കുന്ന സംവിധാനത്തെയാണ് എപ്പിജെനെറ്റിക് ക്ലോക്ക് എന്നു വിളിക്കുന്നത്. പഠനത്തിൽ ഉപയോഗിച്ച മാതൃക പ്രായം കണക്കാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഗവേഷകർ റിപ്പോർട്ട് ചെയ്തു. എന്നാൽ ജൈവിക പ്രായം കണക്കാക്കാൻ കഴിയുന്നതുകൊണ്ട് ഒരു നായ എപ്പോൾ മരിക്കുമെന്ന് കൃത്യമായി പ്രവചിക്കാനാകില്ല.യഥാർഥ പ്രായത്തെക്കാൾ ജൈവിക പ്രായം കൂടുതലായി കണക്കാക്കപ്പെട്ട നായകളിൽ മരണസാധ്യതയും കൂടുതലായിരുന്നുവെന്ന കണ്ടെത്തലും ശ്രദ്ധേയമാണ്. ഭാവിയിൽ ഇത്തരം പഠനങ്ങൾ നായകളുടെ ആരോഗ്യസ്ഥിതി നേരത്തേ തിരിച്ചറിയാൻ സഹായിച്ചേക്കാം.
ആൺനായകളിലും പെൺനായകളിലും വ്യത്യാസമുണ്ടോ?
ശരീരവലിപ്പത്തിനു പുറമേ ആൺനായകളിലും പെൺനായകളിലും വാർധക്യവുമായി ബന്ധപ്പെട്ട ചില വ്യത്യാസങ്ങളും ഗവേഷകർ കണ്ടെത്തി. പഠനത്തിൽ ആൺനായകളിൽ ചില എപ്പിജെനെറ്റിക് വാർധക്യസൂചനകൾ കൂടുതൽ വേഗത്തിൽ പ്രകടമാകുന്ന പ്രവണതയുണ്ടായിരുന്നു.ഇതിലൂടെ നായകളുടെ വാർധക്യത്തെ സ്വാധീനിക്കുന്നത് ഒരൊറ്റ ഘടകമല്ലെന്ന് വ്യക്തമാകുന്നു. ശരീരവലുപ്പം, ലിംഗം, ജനിതക സവിശേഷതകൾ തുടങ്ങിയവയ്ക്കൊപ്പം മറ്റ് ജൈവിക ഘടകങ്ങളും ഇതിൽ പങ്കുവഹിച്ചേക്കാം.
വലിയ നായകളെ വളർത്തുന്നവർ പേടിക്കണോ?
വലിയ നായകളിൽ വാർധക്യവുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ വേഗത്തിൽ സംഭവിക്കുന്നുണ്ടെന്ന കണ്ടെത്തൽ അവയെ വളർത്തുന്നവർ ആശങ്കപ്പെടേണ്ട കാര്യമല്ല. എല്ലാ വലിയ നായകളും നേരത്തേ രോഗികളാകുമെന്നോ കുറഞ്ഞ ആയുസ്സേ ഉണ്ടാകൂ എന്നോ ഈ പഠനം പറയുന്നില്ല. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, ഇനത്തിനും പ്രായത്തിനും അനുയോജ്യമായ ഭക്ഷണം നൽകുക, ആവശ്യത്തിന് വ്യായാമം ഉറപ്പാക്കുക, കൃത്യമായ ഇടവേളകളിൽ മൃഗഡോക്ടറെ കാണുക എന്നിവ നായകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ആരോഗ്യപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതും അവയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും.വലിയ നായകളുടെ വാർധക്യം തടയാനോ ആയുസ്സ് ഉറപ്പായി വർധിപ്പിക്കാനോ കഴിയുന്ന ചികിത്സ ഈ പഠനത്തിലൂടെ കണ്ടെത്തിയിട്ടില്ല.
Content Highlights: Large dogs age faster than small dogs due to rapid genetic changes linked to DNA methylation., Jumping genes show higher methylation loss in larger breeds, affecting cellular stability., Biological age vs. chronological age helps understand canine aging, though it cannot predict exact death., Proper diet, exercise, and veterinary care can improve the quality of life for large dog breeds.
Published: 16 Oct 2026, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented