ബെംഗളൂരുവില്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഏകാന്തതയെയും വൈകാരിക സംഘര്‍ഷങ്ങളെയും കുറിച്ച് ഒരു വനിതാ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് എന്‍ജിനീയര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ജോലിസ്ഥലത്തും താമസസ്ഥലത്തും താന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെയും ഒറ്റപ്പെട്ടും പോയതായി തോന്നിയെന്നും അവര്‍ പറയുന്നു. റെഡിറ്റിലാണ് യുവതി ഇക്കാര്യം പറയുന്നത്. 

To advertise here,

'എന്തുകൊണ്ടാണ് എനിക്ക് ബെംഗളൂരുവില്‍ ഞാനൊരു പ്രേതം പോലെ ആകുന്നത്? ഇത് സാധാരണമാണോ?' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. അടുത്തിടെ തന്റെ ഇന്റേണ്‍ഷിപ്പ് ഒരു മുഴുവന്‍ സമയ ജോലിയായി മാറിയെന്നും, എന്നാല്‍ ഏകാന്തത തന്നെ വല്ലാതെ തളര്‍ത്തുന്നുവെന്നും യുവതി പോസ്റ്റില്‍ കുറിച്ചു.

'എന്റെ സുഹൃത്തുക്കള്‍ ദൂരെയാണ് താമസിക്കുന്നത്. എന്റെ അടുത്ത സുഹൃത്ത് (അവനെ ബി എന്ന് വിളിക്കാം) എന്റെ അടുത്ത് താമസിച്ചിരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും ഒരുമിച്ച് കറങ്ങുമായിരുന്നു. ഇപ്പോള്‍ അവന്റെ ബാല്യകാല സുഹൃത്തും ബെംഗളൂരുവില്‍ വന്നിട്ടുണ്ട്. അവര്‍ എന്റെ സ്ഥലത്ത് നിന്ന് കുറച്ച് ദൂരെയായി ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരിക്കുകയാണ്- യുവതി പറയുന്നു.

താന്‍ പുരുഷന്മാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ടീമിലാണ് ജോലി ചെയ്യുന്നതെന്നും, അതുകൊണ്ട് തന്നോടുള്ള പെരുമാറ്റം വ്യത്യസ്തമായിരുന്നുവെന്നും യുവതി പറഞ്ഞു.

'അവര്‍ എന്നെ അംഗീകരിക്കുകയോ നിസ്സാര കാര്യങ്ങളില്‍ പോലും ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. ഇത് കേള്‍ക്കുമ്പോള്‍ അത്ര സങ്കടകരമായി തോന്നണമെന്നില്ല. പക്ഷേ എന്റെ കോളേജില്‍ പഠിച്ച ഒരു പയ്യന്‍ എന്റെ അതേ പദവിയില്‍ എന്റെ ടീമില്‍ ചേര്‍ന്നിരുന്നു, അവനും സ്ഥിരജോലി ലഭിച്ചു, അവനോട് അവര്‍ വളരെ വ്യത്യസ്തമായാണ് പെരുമാറുന്നത്, അത് എന്നെ വേദനിപ്പിക്കുന്നു. എന്റെ റൂംമേറ്റ്സ് എന്നോട് സംസാരിക്കാത്തതുകൊണ്ട് പിജിയില്‍ ഞാനൊരു പ്രേതത്തെപ്പോലെയാണ്. ഞാന്‍ കരഞ്ഞാലും ചിരിച്ചാലും അലറിയാലും അവര്‍ ശ്രദ്ധിക്കുക പോലുമില്ല. ഞാൻ മാനസികമായി തകരുമെന്ന് തോന്നുന്നു.- യുവതി പറഞ്ഞു.

പോസ്റ്റ് വൈറലായതോടെ, ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു, മറ്റുചിലര്‍ ഇത് എല്ലാവര്‍ക്കും നേരിടേണ്ടിവരുന്ന അവസ്ഥയാണെന്നും പറഞ്ഞു