അരക്ഷിതാവസ്ഥയും വ്യാജ വാഗ്ദാനങ്ങളും പ്രചരിപ്പിക്കുന്ന ഫിനാന്‍സ് ഇന്‍ഫ്‌ളുവന്‍സര്‍മാരെ ആശ്രയിക്കരുതെന്ന് സെന്‍സിബുള്‍ സിഇഒ ആബിദ് ഹസ്സന്‍. ഈ വിഷയത്തെ കുറിച്ച് എക്‌സില്‍ അദ്ദേഹം പോസ്റ്റ് പങ്കുവെച്ചു.

To advertise here,

10 കോടി, 20 കോടി പോലുള്ള വലിയ തുകകളെക്കുറിച്ച് പുതിയ കാലത്തെ ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ നിസ്സാരമായി സംസാരിക്കുന്നതിനെതിരെ ഹസ്സന്‍ പ്രതികരിച്ചു. ഇത് അനാവശ്യമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും തട്ടിപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'കോവിഡിന് ശേഷം കൂണുപോലെ മുളച്ചുപൊന്തിയ പുതിയ തലമുറയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പല കാര്യങ്ങളിലും എനിക്ക് വെറുപ്പുണ്ട്. അവര്‍ ഈ വലിയ സംഖ്യകളെക്കുറിച്ച് വളരെ നിസ്സാരമായി സംസാരിക്കുന്നു എന്നതാണ് എന്റെ പ്രശ്‌നം.പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കി സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ശ്രമിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം കോഴ്സുകള്‍ വില്‍ക്കുകയും 10 കോടി രൂപയുടെ ആസ്തി വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന മിക്ക ഇന്‍ഫ്‌ളുവന്‍സര്‍മാരും സ്വയം സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. 'കാരണം, നമുക്ക് യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാം, സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ആളുകള്‍ എന്തിനാണ് 5000 രൂപയുടെ കോഴ്സുകള്‍ വില്‍ക്കുന്നത്, അല്ലെങ്കില്‍ ക്രിപ്റ്റോയ്ക്കും മറ്റ് തട്ടിപ്പുകളായ പമ്പ് ആന്‍ഡ് ഡംപ് സഹകരണങ്ങള്‍ക്കുമായി ഡിഎം തുറന്നിടുന്നത്? എന്തുകൊണ്ട് വിരമിച്ച് ഒരു നല്ല ജീവിതം നയിച്ചുകൂടാ?' അദ്ദേഹം ചോദിച്ചു.

എങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടേണ്ടത് എന്നതിനെ കുറിച്ചും ആബിദ് കുറിപ്പില്‍ പറയുന്നുണ്ട്. സ്വന്തം കഴിവുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും, പുതിയ കഴിവുകള്‍ നേടുകയും ചെയ്യണം. ഏതെങ്കിലും ഫ്‌ളെക്‌സി കാപ്പ് ഫണ്ടില്‍ ചേരാനുള്ള 5000 രൂപയുടെ കോഴ്‌സ് ചെയ്തിട്ട് കാര്യമില്ല - അദ്ദേഹം പറയുന്നു.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതെ, അര്‍ത്ഥപൂര്‍ണ്ണമായ വളര്‍ച്ചയിലും സ്വന്തം കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആബിദ് ഹസ്സന്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.