പുതിയ കാലത്ത് ബന്ധങ്ങള്‍ക്ക് പലപേരുകള്‍ വന്നു. നിര്‍വചനങ്ങള്‍ വന്നു. ബന്ധത്തിലായിരിക്കുന്ന വ്യക്തികളുടെ സൗകര്യമനുസരിച്ച് ബന്ധത്തിന് പുതിയ മാനങ്ങളുണ്ടായി. അടുത്ത കാലത്ത് അങ്ങനെ നിര്‍വചിക്കപ്പെട്ട, ബന്ധത്തെ സൂചിപ്പിക്കുന്ന ഒരുപാട് പുതിയ വാക്കുകള്‍ നാം കേട്ടു. ഇതിലേക്ക് പുതുതായി ചേര്‍ക്കപ്പെടുകയാണ് 'ലിവിങ് എപാര്‍ട് ടുഗെദര്‍' എന്ന വാക്കും.
റിലേഷന്‍ഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളില്‍ താമസിക്കുന്നതിനെയാണ് ലിവിങ് എപാര്‍ട് ടുഗെദര്‍ എന്ന് വിളിക്കുന്നത്. പുറത്തുനിന്ന് നോക്കുന്നവര്‍ക്കും ആദ്യമായി ഇത്തരമൊരു ബന്ധത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ക്കും സംശയം ഒരുപാട് ഉണ്ടാകാം. ബന്ധത്തിലെ അസ്വാരസ്യത്തെത്തുടര്‍ന്ന് മാറി താമസിക്കുന്നതിനെയാണോ ഇങ്ങനെ വിളിക്കുന്നത് എന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല.
വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബന്ധത്തില്‍ ദൃഢത ഉറപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ലിവിങ് എപാര്‍ട് ടുഗെദറിന്റെ സവിശേഷതയായി റിലേഷന്‍ഷിപ്പ് എക്‌സ്‌പേര്‍ട്ട് രുചി രുഹ് പറയുന്നത്. ലിവിങ് ടുഗെദറില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുറച്ചുകൂടി സ്വീകാര്യമായിരിക്കും ഈ ബന്ധം. എന്നാല്‍, മറ്റ് ബന്ധങ്ങളെപ്പോലെയോ അതിനേക്കാള്‍ ഏറെയോ പരസ്പരവിശ്വാസവും മനസിലാക്കലും ഈ ബന്ധത്തില്‍ അതിപ്രധാനമാണ്. ഒരുമിച്ച് താമസിക്കാതെ തന്നെ വൈകാരികമായ അടുപ്പം സൂക്ഷിക്കാന്‍ കഴിയുന്നവര്‍ക്ക് ഈ ബന്ധം കൂടുതല്‍ സഹായകരമാവുമെന്നും രുചി ചൂണ്ടിക്കാണിക്കുന്നു.
ചുരുക്കി പറഞ്ഞാല്‍, ബന്ധത്തിലായിരിക്കുന്ന രണ്ടുപേര്‍ വ്യത്യസ്ത ഇടങ്ങളില്‍ താമസിക്കുന്നു എന്നതാണ് ലിവിങ് എപാര്‍ട് ടുഗെദര്‍ എന്നതിന്റെ നിര്‍വചനം. അതുകൊണ്ടുതന്നെ, ദിനചര്യകളില്‍ ഇരുവര്‍ക്കും യാതൊരുമാറ്റവും ഉണ്ടാവുന്നില്ല. പേഴ്‌സണല്‍ സ്‌പെയ്‌സില്‍ ആരെങ്കിലുമൊരാള്‍ കടന്നുകയറുന്നു എന്ന തോന്നലുണ്ടാവില്ല. മറ്റൊരാള്‍ ജീവിതത്തിലേക്ക് വന്നതുകൊണ്ട് ഭൗതികമായ കടന്നുകയറ്റങ്ങള്‍ ഒന്നും തന്നെയുണ്ടാവില്ല. നേരിട്ടുകാണുമ്പോഴുണ്ടാവുന്ന വഴക്കുകളും സംഘര്‍ഷങ്ങളും ഒഴിവാക്കി എപ്പോഴും അടുപ്പം നിലനിര്‍ത്താനും ഈ ബന്ധം സഹായിക്കുന്നു എന്നും ഇതിനെ അനുകൂലിക്കുന്നവർ പറയുന്നു.
Content Highlights: Explore the concept of `Living Apart Together` relationships
Published: 23 Jan 2025, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented