ഈ വർഷത്തെ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൾജീരിയയെ തകർത്തുകൊണ്ട് വരവറിയിച്ചിരിക്കുകയാണ് അർജന്റീന. സൂപ്പർതാരം ലയണൽ മെസിയുടെ ഹാട്രിക്കാണ് ടീമിന്റെ വിജയത്തിന് നട്ടെല്ലായത്. 39-ാം വയസിലാണ് മെസി മൈതാനത്ത് മുഴുവൻ ഫോമിൽ 'അഴിഞ്ഞാടി'യത്. താരത്തിന്റെ ഈ ഊർജസ്വലതയുടെ രഹസ്യമെന്താണെന്നാണ് ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നത്. മെസിയുടെ ജീവിതശൈലി അടുത്തറിയാം.

To advertise here,

പലരും കരുതുന്നത് പോലെ അതിരാവിലെ എഴുന്നേൽക്കുന്ന പതിവുള്ളയാളല്ല മെസി. രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് അദ്ദേഹം ഉണരാറ്. അദ്ദേഹത്തിന്റെ പരിശീലനം ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാലാണ് അദ്ദേഹം വൈകി എഴുന്നേൽക്കുന്നത്. പ്രഭാതങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് മെസി ഇഷ്ടപ്പെടുന്നത്. പരിശീലനത്തിന് മുമ്പുള്ള സമയം പൂർണമായും ഭാര്യ അന്റോണെല്ലയും മൂന്ന് മക്കളും അദ്ദേഹത്തിനൊപ്പമുണ്ടാകും. രാവിലെ കഠിനമായ വ്യായാമങ്ങളും മെസിക്ക് പതിവില്ല.

രാവിലെ ഉണർന്നാൽ മെസി ആദ്യം ചെയ്യുന്നത് യെർബ മേറ്റ് എന്ന പ്രത്യേക ഹെർബൽ ഡ്രിങ്ക് കുടിക്കുകയാണ്. എല്ലാ ദിവസവും മെസിക്ക് നിർബന്ധമുള്ള കാര്യമാണ് ഇത്. റൊസാരിയോയിൽ നിന്നുള്ള ഈ ശീലം മെസി ബാർസലോണയിലും പാരിസിലും മയാമയിലും തുടരുന്നുണ്ട്. ദക്ഷിണ അമേരിക്കയിലെ പരമ്പരാഗതമായ പാനീയമാണ് ഇത്. യെർബ മേറ്റ് എന്ന ചെടിയുടെ ഇലകൾ ഉണക്കിയാണ് ഇതുണ്ടാക്കുന്നത്. കഫീൻ, തിയോബ്രോമിൻ, തിയോഫില്ലിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുന്ന യെർബ മേറ്റ്, ഏകാഗ്രതയ്ക്കും അലസത ഇല്ലാതാക്കാനുമെല്ലാം സഹായിക്കും.

കുടുംബത്തിനൊപ്പമാണ് മെസിയുടെ പ്രഭാതഭക്ഷണം. പല താരങ്ങളേയും പോലെ എഴുതിത്തയ്യാറാക്കിയ ദിനചര്യയല്ല മെസി പിന്തുടരുന്നത്. പരിശീലനത്തിന് മുമ്പായി മെസി നന്നായി വെള്ളം കുടിക്കും. സ്‌ട്രെച്ചിങ് പോലുള്ള ലളിതമായ വ്യായാമങ്ങളുമുണ്ട്. പരിശീലന സെഷന് മുന്നോടിയായി മാനസികമായുള്ള തയ്യാറെടുപ്പും മെസി നടത്തും. പരിശീലനം തുടങ്ങിക്കഴിഞ്ഞാൽ 100 ശതമാനം അതിൽ മാത്രമാണ് മെസിയുടെ ശ്രദ്ധ. അതിവേഗം കുതിക്കുന്നതിനോ ശാരീരികമായി ആധിപത്യം നേടുന്നതിനോ പകരം ബോളിൽ കൃത്യമായ നിയന്ത്രണം നേടാനും നിമിഷാർധം കൊണ്ട് തീരുമാനമെടുക്കാനും ആക്‌സിലറേഷൻ കൈവരിക്കാനുമെല്ലാമാണ് മെസി പരിശീലിക്കുന്നത്.

ആരോഗ്യസംരക്ഷണത്തിനായി ഇഷ്ടഭക്ഷണങ്ങൾ ത്യജിച്ചയാളാണ് ലയണൽ മെസി. ചോക്കലേറ്റ്, സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര തുടങ്ങിയവയെല്ലാം പൂർണമായി ഒഴിവാക്കി. തനിക്ക് ഏറെ ഇഷ്ടപ്പെട്ട പിസയും അദ്ദേഹം ഒഴിവാക്കി. ധാന്യങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഒലീവ് ഓയിൽ എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ് മെസി കഴിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതും ചിലതരം കാൻസറുകളെ പോലും തടയുന്നതുമായ ഡയറ്റാണ് മെസിയുടേത്.

ചോക്കലേറ്റും ഐസ്‌ക്രീമുമെല്ലാം തന്റെ പ്രിയ വിഭവങ്ങളാണെന്നും അതെല്ലാം വല്ലപ്പോഴും നിയന്ത്രിതമായ അളവിൽ കഴിക്കാറുണ്ടെന്നും മെസി പറഞ്ഞിട്ടുണ്ട്. പിസയോടുള്ള മെസിയുടെ ഇഷ്ടവും പ്രശസ്തമാണ്. 2023-ൽ മയാമിയിലെ ഒരു റെസ്റ്ററന്റിൽ നിന്ന് മെസി പോസ്റ്റ് ചെയ്ത പിസയുടെ ചിത്രം വൈറലായിരുന്നു. തൊട്ടടുത്ത ദിവസം മുതൽ ആ റെസ്റ്ററന്റിന് മുന്നിൽ നീണ്ട വരിയാണ് രൂപപ്പെട്ടത്. ബാഴ്‌സലോണാ കാലത്തെ മെസിയുടെ ഇഷ്ടവിഭവം റോസ്റ്റഡ് ചിക്കനായിരുന്നു. ചിക്കൻ തൈസിനൊപ്പം വെളുത്തുള്ളി, ഉള്ളി, കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.