ബ്യൂണസ് ഏറീസ്: ലോകം കാത്തിരിക്കുന്ന മുഹൂർത്തമാണത്. അർജന്റീനയുടെ നീല വരയൻ കുപ്പായത്തിലുള്ള ലയണൽ മെസ്സിയുടെ അവസാന മത്സരം. ഇനി ഒരിക്കൽക്കൂടി ആ ജെഴ്‌സിയിൽ മെസ്സിയുടെ സാന്നിധ്യമുണ്ടാവില്ല എന്നത് അർജന്റീന ആരാധകർക്കും നല്ല ഫുട്‌ബോളിനെ പ്രണയിക്കുന്നവർക്കും അചിന്ത്യമാണ്. ഇവർക്ക് മാത്രമല്ല, ആ നിമിഷം ഹൃദയഭേദകമായ അനുഭവം സമ്മാനിക്കുന്ന ഒരാൾ കൂടിയുണ്ട്, അർജന്റീനയുടെ കോച്ച് ലയണൽ സ്‌കളോണി. മെസ്സിയെന്ന അച്ചുതണ്ടിൽ, തകർച്ചയിൽ നിന്ന് അർജന്റീന ടീമിനെ ഒരു സിനിമാക്കഥ പോലെ ഉയർത്തെഴുന്നേൽപിച്ച് ലോകത്തിന്റെ നെറുകയിലെത്തിച്ച പരിശീലകൻ. ദേശീയ ടീമിനുവേണ്ടിയുള്ള മെസ്സിയുടെ അവസാന മത്സരം വൈകാരികമായ ഒരു നിമിഷമായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സ്‌കളോണി. അന്നാ മത്സരത്തിന് സാക്ഷ്യംവഹിക്കാൻ കഴിയുന്നതിൽപരം മറ്റൊരു സൗഭാഗ്യമില്ല. എന്നാൽ, അത് കരയാതിരിക്കാൻ ഒരുപാട് പാടുപെടേണ്ടിവരുമെന്ന് ഉറപ്പ്-സ്‌കളോണി പറഞ്ഞു.

To advertise here,

ഇനി ടീമിനൊപ്പം എത്രകാലം ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പില്ല. എങ്കിലും മെസ്സിയുടെ മത്സരത്തിന് ഒരിക്കൽക്കൂടി സാക്ഷ്യംവഹിക്കാനുള്ള അവസരം ഒരുക്കുന്നതിൽ എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്-സ്‌കളോണി പറഞ്ഞു. മെസ്സിക്കൊപ്പം അർജന്റീനയ്ക്ക് ഒരു ലോകകപ്പും രണ്ട് കോപ്പയും നേടിക്കൊടുത്ത സ്‌കളോണി ഒരു ലോകകപ്പിന്റെ ഫൈനലിലും എത്തിച്ചിട്ടുണ്ട്.

ഒക്‌ടോബർ ആറിന് ബെനിനെതിരേയുള്ള സൗഹൃദമത്സരത്തിലാണ് മെസ്സി അവസാനമായി ദേശീയ ടീമിനുവേണ്ടി കളിക്കുന്നത്. അർജന്റീനയ്ക്കുവേണ്ടിയുള്ള ലിയോയുടെ 208-ാം മത്സരമായിരിക്കുമത്. ടീമിനുവേണ്ടി ഇതുവരെയായി 125 ഗോളുകൾ നേടിയിട്ടുണ്ട് മെസ്സി. അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന ബഹുമതിയും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബഹുമതിയും സ്വന്തമാക്കിയാണ് മെസ്സി മടങ്ങുന്നത്. 2005 ഓഗസ്റ്റ് 17ന് ആദ്യമായി നീലക്കുപ്പായമണിഞ്ഞ മെസ്സി ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് തീർത്തും അപ്രതീക്ഷിതമായി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.