തന്നെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും പാകിസ്താന്റെ മകളായിരുന്ന താന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും വൈറല്‍ താരം സീമാ ഹൈദര്‍. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയപ്പോള്‍ സീമാ ഹൈദര്‍ ഇന്ത്യ വിടേണ്ടി വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ആശങ്കക്കിടയിലാണ് സീമ പ്രതികരണവുമായി രംഗത്തെത്തിയത്.
'പാകിസ്താനിലേക്ക് പോകാന്‍ എനിക്ക് താത്പര്യമില്ല. എന്നെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോടും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോടും അഭ്യര്‍ഥിക്കുന്നു.'-സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സീമ പറയുന്നു. ഇന്ത്യക്കാരനായ സച്ചിന്‍ മീണയെ വിവാഹം കഴിച്ചതിന് ശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചുവെന്ന് ഹൈദര്‍ അവകാശപ്പെടുന്നു.
'ഞാനിപ്പോള്‍ മോദിജിയും യോഗിജിയും നല്‍കുന്ന അഭയത്തിനായാണ് കാത്തിരിക്കുന്നത്. ഞാന്‍ പാകിസ്താന്റെ മകളായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. എന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കൂ.'-വീഡിയോയില്‍ സീമ പറയുന്നു.
ആരാണ് സീമ ഹൈദര്‍?
പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനായ നോയിഡ സ്വദേശി സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദര്‍ നാലുകുട്ടികളുമായി രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യയിലെത്തിയത്. നേപ്പാള്‍ അതിര്‍ത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്നവിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുംചെയ്തു. തുടര്‍ന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു. കഴിഞ്ഞ മാസം ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് സീമ കുഞ്ഞിന് ജന്മം നല്‍കിയത്.
നിലവില്‍ സീമ സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്‌ക്കൊപ്പം സച്ചിനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബത്തിന്റെ നിലവിലെ പ്രധാനവരുമാനമാര്‍ഗവും സോഷ്യല്‍മീഡിയയില്‍നിന്നുള്ള പ്രതിഫലമാണ്. ഇരുവര്‍ക്കുമായി നിലവില്‍ ആറ് യൂട്യൂബ് ചാനലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദമ്പതിമാരുടെ പ്രധാനചാനലിന് മാത്രം ഒരുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഫാമിലി വ്‌ളോഗ്, ഡെയ്‌ലി ലൈഫ് വീഡിയോകള്‍ തുടങ്ങിയവയാണ് ഇരുവരും തങ്ങളുടെ ചാനലുകളില്‍ പ്രധാനമായും അപ്ലോഡ് ചെയ്യുന്നത്. സീമ ഗര്‍ഭിണിയായതോടെ ഗര്‍ഭകാലത്തെ വിശേഷങ്ങളും ദമ്പതിമാര്‍ തങ്ങളുടെ ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
സീമ ഹൈദര്‍ കേസിലെ സങ്കീര്‍ണതകള്‍
സീമാ ഹൈദറിനും പാകിസ്താനിലേക്ക് മടങ്ങേണ്ടി വരുമെന്നും എന്നാല്‍ അവരുടെ കേസിന് പ്രത്യേക പരിഗണന നല്‍കേണ്ട ചില സങ്കീര്‍ണതകളുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ അബൂബക്കര്‍ സബ്ബാഖ് പറയുന്നു. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനം. സീമ ഹൈദര്‍ ഒരു ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുകയും ഒരു കുഞ്ഞുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ക്കെതിരായ ഏത് നടപടിയും സംസ്ഥാന അധികാരികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്നും സബ്ബാഖ് വ്യക്തമാക്കുന്നു.
സീമ ഹൈദര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ച രീതി അവരുടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. വിസയിലൂടെ രാജ്യത്ത് പ്രവേശിച്ച മറ്റ് പാകിസ്താന്‍ പൗരന്മാരില്‍ നിന്ന് വ്യത്യസ്തമായി സാധാരണ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കി നേപ്പാള്‍ വഴിയാണ് സീമ അതിര്‍ത്തി കടന്നത്. കൂടാതെ അവര്‍ക്ക് ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. അത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
അതേസമയം സീമ ഹൈദറിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി അഭിപ്രായങ്ങളും ആളുകള്‍ പ്രകടിപ്പിച്ചു. സീമ ഇന്ത്യയിലെ കുടുംബജീവിതം തുടങ്ങിയതിനാല്‍ അതെല്ലാം പരിഗണിച്ച് അവരോട് ദയ കാണിക്കണമെന്നാണ് ചിലര്‍ പറയുന്നത്. മാനുഷികമായ പരിഗണന അവര്‍ക്ക് നല്‍കണമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അവരെ ഇന്ത്യയില്‍നിന്ന് തിരിച്ചയക്കണമെന്നും വാദിക്കുന്നവരുണ്ട്.
സീമ ഹൈദറിനെ പിന്തുണയ്ക്കുന്നവര്‍, ഇന്ത്യയിലെ അവരുടെ വിവാഹവും കുടുംബബന്ധങ്ങളും ദയയ്ക്ക് അടിസ്ഥാനമാകണമെന്ന് വാദിക്കുന്നു, അതേസമയം വിസാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമര്‍ശകര്‍ ആവശ്യപ്പെടുന്നു.
Content Highlights: let me stay here iam Indias daughter in law says seema haider
Published: 26 Apr 2025, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented