ന്യൂഡല്‍ഹി:  ഇന്ത്യയിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതില്‍ വിമുഖരാണെന്ന് എല്‍ അന്‍ഡ് ടി ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യന്‍. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ കാരണം സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ജോലിക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് മടിയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലിയുടെ പേരില്‍ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് സുബ്രഹ്‌മണ്യന്‍ അടുത്ത വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

To advertise here,

ചെന്നൈയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ( സി.ഐ.ഐ) ന്റെ മിസ്റ്റിക് സൗത്ത് ഗ്ലോബല്‍ ലിങ്കേജ് സമ്മിറ്റില്‍ സംസാരിക്കവേയാണ് സുബ്രഹ്‌മണ്യന്‍ ഇന്ത്യക്കാരുടെ തൊഴില്‍ സംസ്‌കാരത്തെ വിമര്‍ശിച്ചത്. നിര്‍മാണമേഖലയില്‍ തൊഴിലാളികളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സൗകര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം നാട്ടില്‍നിന്ന് മറ്റൊരിടത്തേക്ക് ജോലിക്കായി പോകാന്‍ വിമുഖത കാണിക്കുന്നു. തൊഴിലുറപ്പ്, ജന്‍ധന്‍ പോലുള്ള പദ്ധതികളാണ് ഇതിന് കാരണമെന്നാണ് സുബ്രഹ്‌മണ്യന്റെ അഭിപ്രായം. 

അവസരങ്ങള്‍ക്കായി മറ്റൊരിടത്തേക്ക് പോകാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല. ചിലപ്പോള്‍ അവരുടെ പ്രാദേശിക സ്ഥലത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതാകാം. അല്ലെങ്കില്‍ സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും കാരണമാകാമെന്നും അദ്ദേഹം പറയുന്നു. തൊഴിലിന്റെ പേരിലുള്ള കുടിയേറ്റത്തില്‍ ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് സുബ്രഹ്‌മണ്യന്‍ പറയുന്നത്. എല്‍ ആന്‍ഡ് ടിയ്ക്ക് നാല് ലക്ഷം തൊഴിലാളികളെയാണ് ആവശ്യമുള്ളത്. എന്നാല്‍ കൊഴിഞ്ഞുപോക്ക് കാരണം 16 ലക്ഷം പേരെയാണ് ജോലിക്കെടുക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറയുന്നു. വിലയക്കയറ്റത്തിനനുസരിച്ച് ഇന്ത്യയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കേണ്ടതുണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്ന്മടങ്ങ് അധികം വേതനം ലഭിക്കാറുണ്ടെന്നും സുബ്രഹ്‌മണ്യന്‍ ചൂണ്ടിക്കാണിക്കുന്നു.