ടെല്‍ അവീവ്: യുദ്ധമുഖത്ത് നില്‍ക്കുന്ന ഇസ്രയേലിലേക്ക് നിര്‍മാണ തൊഴില്‍ ചെയ്യുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്തിയയത് ഏകദേശം 16,000 ഇന്ത്യന്‍ തൊഴിലാളികള്‍. ഇസ്രയേലില്‍ ഇന്ത്യക്കാര്‍ പുതിയവരല്ലെങ്കിലും 2023-ലെ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം നിര്‍മാണ മേഖലയിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതായാണ് വിവരം. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്നവരും ഐടി മേഖലയില്‍ മറ്റുമാണ് ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്ത് വന്നിരുന്നത്.

To advertise here,

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം പലസ്തീനികളായ തൊഴിലാളികള്‍ക്ക് ഇസ്രയേലിലേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പലസ്തീന്‍ തൊഴിലാളികളുടെ ശൂന്യത നികത്താനുള്ള ഇസ്രയേല്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ കടന്നുവരവെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ 80,000 പലസ്തീന്‍ തൊഴിലാളികളും 26,000 വിദേശികളും ഇസ്രയേലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഗാസ മുനമ്പില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള മാരകമായ യുദ്ധത്തിന് തുടക്കമിട്ടതോടെ പലസ്തീന്‍ തൊഴിലാളികളെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി.

ഇവിടെ ജോലി ചെയ്യുന്നതിന് കാര്യമായ ഭയമില്ലെന്ന് രാജു നിഷാദ് എന്ന ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളി പറഞ്ഞു. 'പലപ്പോഴും സൈറണുകള്‍ മുഴങ്ങും, ഈ ഘട്ടത്തില്‍ ഷെല്‍ട്ടറുകളിലേക്ക് മാറിയാല്‍ മതി. തിരിച്ചെത്തി ജോലി പുനരാരംഭിക്കാം'നിഷാദ് പറഞ്ഞു.

ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി സമ്പാദിക്കാമെന്നാണ് ഇസ്രയേലിലെത്തിയവര്‍ പറയുന്നത്.