അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ഓര്‍മകളില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍. അച്ഛന്‍ മരിച്ചിട്ട് 20 വര്‍ഷമാകുന്ന വേളയിലാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ ഓര്‍മകള്‍ പങ്കുവെച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അച്ഛന്റെ കല്ലറ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും നടന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

To advertise here,

'സ്വര്‍ഗീയ വാസത്തിന്റെ 20 വര്‍ഷങ്ങള്‍. അപ്പാ, ഞങ്ങളുടെ ജീവിത്തതിലെ അദൃശ്യമായ സര്‍വ്വവ്യാപിയാണ് നിങ്ങള്‍. നിങ്ങളെ സ്വാധീനിച്ച ആളുകളിലൂടെ ഞങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ വാക്കുകളിലൂടേയും പ്രവര്‍ത്തികളിലൂടേയും ഇപ്പോഴും നിങ്ങളുടെ ഓര്‍മകള്‍ നിറഞ്ഞു നില്‍ക്കുന്നു. അത് ഞങ്ങള്‍ക്ക് ഒത്തൊരുമിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നു. ഈ ദിവസം, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ ഓര്‍മകള്‍ പങ്കിടാന്‍ ഒത്തുകൂടിയപ്പോള്‍, നിങ്ങള്‍ അവരോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ അവര്‍ക്ക് നിങ്ങളോട് ഉണ്ടായിരുന്ന ഊഷ്മളത ഇപ്പോഴും അവരില്‍ നിലനില്‍ക്കുന്നത് ഞാന്‍ കണ്ടു. അപ്പാ, ഈ കുടുംബത്തേയും സുഹൃത്തുക്കളേയും സിനിമകളേയും എനിക്ക് തന്നതിന് നന്ദി.'-കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഇതിനൊപ്പം അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും അമ്മ മോളിക്കും ഭാര്യ പ്രിയയ്ക്കും സഹോദരിമാരായ അനുവിനും മിനുവിനുമൊപ്പം കല്ലറയിലെത്തി പ്രാര്‍ഥിക്കുന്ന ചിത്രവും കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ മകനേയും സഹോദരിമാരുടെ മക്കളേയും ചിത്രങ്ങളില്‍ കാണാം. പ്രാര്‍ഥനയ്ക്കുശേഷം മഴയത്ത് അമ്മയെ ചേര്‍ത്തുപിടിച്ച് നടക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

നിര്‍മാതാവും സംവിധായകനും നടനുമായ ബോബന്‍ കുഞ്ചാക്കോ 2004 ജൂലൈ ഒമ്പതിനാണ് അന്തരിച്ചത്. പ്രശ്‌സത നിര്‍മാതാവും ഉദയാ സ്റ്റുഡിയോയുടെ സ്ഥാപകനുമായ കുഞ്ചാക്കോയുടെ മകനാണ് ബോബന്‍ കുഞ്ചാക്കോ.