നാലരലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്

ഇന്ത്യയിലെ സിനിമാ തിയേറ്ററുകളെ വാനോളം പുകഴ്ത്തി ദക്ഷിണ കൊറിയയിൽ നിന്നുള്ള യുവതി. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ജുങ് ഏഉം ആണ് ഇന്ത്യയിലെ തിയേറ്റർ സംവിധാനം മികച്ചതാണെന്ന് തുറന്നുപറഞ്ഞത്. മാതൃരാജ്യമായ കൊറിയയിലെ തിയേറ്ററുകളേക്കാൾ മികച്ചതാണ് ഇന്ത്യൻ തിയേറ്ററുകളെന്നാണ് ജുങ്ങിന്റെ അഭിപ്രായം. ചെന്നൈയിലെ ഒരു മൾട്ടിപ്ലക്‌സ് തിയേറ്ററിൽ സിനിമ കാണാനെത്തിയതിന്റെ ദൃശ്യങ്ങളും അനുഭവവുമാണ് അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനകം വൈറലായി.
കൊറിയയിലേയും ഇന്ത്യയിലേയും തിയേറ്ററുകളെ താരതമ്യം ചെയ്തുകൊണ്ടാണ് യുവതിയുടെ വീഡിയോ. ഇന്ത്യയിലെ തിയേറ്ററുകൾ തന്നിൽ 'സാംസ്‌കാരികമായ ആഘാതം' ഉണ്ടാക്കിയെന്ന് ജുങ് പറയുന്നു. പൊതുവായ പല കാര്യങ്ങളും ഇരുരാജ്യങ്ങളിലും സമാനമാണ്. എന്നാൽ, ഇടവേള ഉൾപ്പെടെയുള്ള പല കാര്യങ്ങളും പുതിയ അനുഭവമായിരുന്നു എന്നും യുവതി പറയുന്നു.
'ഇന്ത്യയിലെ എന്റെ ആദ്യ സാംസ്‌കാരിക ‘ആഘാത’മാണ് ഇത്. സിനിമാ തിയേറ്റർ. എന്താണ് വ്യത്യാസം? ആദ്യം കണ്ടപ്പോൾ എല്ലാം കൊറിയയിലെ പോലെ സമാനമാണ്. തിയേറ്ററിലേക്കുള്ള പ്രവേശനമാർഗം, ടിക്കറ്റ് കൗണ്ടർ എന്നിവയെല്ലാം. പ്രവേശിക്കുമ്പോഴുള്ള സുരക്ഷാ പരിശോധന മാത്രമായിരുന്നു അപ്പോൾ കണ്ട വ്യത്യാസം. സിനിമാ പോസ്റ്ററുകൾ, പോപ്‌കോൺ സ്റ്റാൻഡ്, കാരമൽ പോപ്‌കോൺ, സോൾട്ടഡ് പോപ്‌കോൺ, കോംബോ മീൽസ് എന്നിവയെല്ലാം കൊറിയയിലെ പോലെ തന്നെയായിരുന്നു.' -ജുങ് പറഞ്ഞു.
'അങ്ങനെ ഞാൻ തിയേറ്ററിലിരുന്ന് സിനിമ കാണാൻ തുടങ്ങി. എല്ലാം സാധാരണഗതിയിൽ മുന്നോട്ടുപോയി. കുറേനേരം കഴിഞ്ഞപ്പോൾ പൊടുന്നനെ സ്‌ക്രീൻ കറുത്ത നിറമായി. സിനിമ നിന്നു. ലൈറ്റുകൾ തെളിഞ്ഞു. ആളുകൾ പുറത്തേക്ക് നടക്കാൻ തുടങ്ങി. ഞാൻ കരുതി എന്തോ അടിയന്തര സാഹചര്യം ഉണ്ടായി എന്നാണ് സത്യമായും ഞാൻ കരുതിയത്. എന്നാൽ, ആരുടെ മുഖത്തും ഞാൻ ആശങ്കയോ ഉത്കണ്ഠയോ കണ്ടില്ല. എന്താണ് കാര്യമെന്ന് ഒരാളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു ഇത് 'ഇന്റർമിഷൻ' ആണെന്ന്. സിനിമ പകുതിയാകുമ്പോഴുള്ള ഇടവേള.' -ജുങ് തുടർന്നു.
'കൊറിയയിൽ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള സിനിമയാണെങ്കിൽ പോലും ഇടവേളയുണ്ടാകില്ല. ശുചിമുറിയിൽ പോകണമെങ്കിൽ ഇരുട്ടിലൂടെ നിശബ്ദമായി ഒളിച്ച് പുറത്തേക്ക് പോകണം. എന്നാൽ, ഇന്ത്യയിൽ നിങ്ങൾക്ക് ശുചിമുറിയിൽ പോകാനും കൂടുതൽ പോപ്‌കോൺ വാങ്ങാനും സിനിമ വീണ്ടും തുടങ്ങും മുമ്പ് ഒന്ന് റിലാക്‌സ് ആകാനുമെല്ലാം അവസരമുണ്ട്. ആദ്യം എനിക്കത് അപരിചിതമായി തോന്നി. എന്നാൽ, ഇപ്പോൾ ഞാൻ കരുതുന്നത് ഇന്ത്യയിലെ തിയേറ്റർ സംവിധാനമാണ് മികച്ചതെന്നാണ്.' ജുങ് പറഞ്ഞു.
നിരവധി പേരാണ് ജുങ്ങിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. 'സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ വഴിയും നിങ്ങൾക്ക് ഭക്ഷണം ഓർഡർ ചെയ്യാം. അവരത് സീറ്റിലെത്തിച്ച് തരും' എന്നാണ് ഒരാൾ കുറിച്ചത്. 'ഇന്ത്യൻ സിനിമകളിൽ ഇടവേള ഒരുക്കുന്നത് പോലും നിങ്ങളെ സിനിമയിലേക്ക് കൊളുത്തിയിടുന്ന തരത്തിലാണ്' എന്ന് മറ്റൊരാൾ. ഇതിനകം നാലരലക്ഷത്തിലേറെ പേരാണ് ജുങ്ങിന്റെ വീഡിയോ കണ്ടത്.
Content Highlights: South Korean influencer Jung Ae Um praised Indian cinema theaters over those in her home country after experiencing a mid-movie interval at a Chennai multiplex. Her viral Instagram video highlighted the comfort of having intermission breaks.
Published: 18 Jul 2026, 03:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented