ഇന്ത്യൻ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് സന്തോഷകരമായ അനുഭവമല്ലെന്നും, മറിച്ച് അതികഠിനമായ മാനസിക ആഘാതമാണെന്നും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥയും പുതുച്ചേരി മുൻ ലഫ്റ്റനന്റ് ഗവർണറുമായ കിരൺ ബേദി. ഒരു ടോക്ക് ഷോയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ചും അവരുടെ വിവാഹ ജീവിതത്തെക്കുറിച്ചും കിരൺ ബേദി സംസാരിക്കുന്നത്. ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന പരമ്പരാഗത ചിന്താഗതികളാണ് സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കുന്നതെന്നും അവർ പറഞ്ഞു.

To advertise here,

വിവാഹശേഷം ഭർതൃവീട്ടിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സ്ത്രീകൾ നിർബന്ധിതരാകുകയാണ്. സ്വന്തം ആഗ്രഹങ്ങളും സ്വത്വവുമുൾപ്പെടെ പലതും സ്ത്രീകൾ അതിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ വരുന്ന അവർക്ക് മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കേണ്ടി വരികയാണ്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ട ഉത്തരവാദിത്തം സ്ത്രീയിൽ മാത്രം അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. അത് മാനസികമായ ബുദ്ധിമുട്ടുകളിലേക്കാണ് സ്ത്രീകളെ എത്തിക്കുന്നത്. അവർ സമ്മർദത്തിന് അടിമപ്പെടുന്നു. നമ്മൾ കാണുന്ന ഏതെങ്കിലും ഒരു സ്ത്രീയെ അമ്മ എന്ന് വിളിക്കുന്നത് സങ്കല്പിച്ചുനോക്കൂ. ആർക്കും അതിന് സാധിക്കില്ല. എന്നാൽ, വിവാഹിതയായ ഇന്ത്യൻ സ്ത്രീയെ അങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്.

കുടുംബത്തിന് വേണ്ടി സ്വന്തം കരിയറും സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടിവരുന്നത് അവരുടെ വ്യക്തിവികാസത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. അതുകൊണ്ട് പെൺകുട്ടികൾ ചെറുപ്രായത്തിൽ വിവാഹിതരാകുന്നതിന് പകരം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകുകയാണ് വേണ്ടതെന്ന് കിരൺ ബേദി പറയുന്നു. സ്ത്രീ വീട്ടമ്മയാകാൻ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലയോ എന്ന് കുടുംബം ചിന്തിക്കുന്നത് പോലുമില്ല. ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ അവൾക്ക് ഒരു സഹായിയെ വയ്ക്കാനായി സാദിക്കും. വിവാഹത്തിന് മുൻപ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണം. വിവാഹത്തിന് ശേഷം ജോലി ഉപേക്ഷിക്കില്ലെന്ന് സ്ത്രീകൾ പറയണം. അതുപോലെ വീട്ടുകാര്യങ്ങൾക്കായി ഭാര്യയും ഭർത്താവും ഒന്നിച്ച് പണം ചെലവഴിക്കുകയും വേണം. ഇത്തരം ചർച്ചകൾ ഉണ്ടാവുകയാണെങ്കിൽ അവൾക്ക് ജോലി വിടേണ്ടി വരില്ല.

വിവാഹ ജീവിതത്തിലെ ചൂഷണങ്ങളും മാനസിക പീഡനങ്ങളും സഹിച്ച് മുന്നോട്ടുപോകാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണെന്നും കിരൺ ബേദി ചൂണ്ടിക്കാട്ടി. അതുകൊണ്ട് ആദ്യം സ്വന്തമായി വരുമാനമാർഗ്ഗം കണ്ടെത്തി സാമ്പത്തികമായി ഭദ്രത കൈവരിക്കുകയാണ് പെൺകുട്ടികൾ ചെയ്യേണ്ടത്. അതിനുശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂ. വിവാഹം കഴിച്ചില്ലെങ്കിലും ഒരു സ്ത്രീക്ക് സംതൃപ്തിയോടെ ജീവിക്കാൻ സാധിക്കുമെന്നും പ്രായം കടന്നുപോകുന്നുവെന്ന ഭയത്താലോ മറ്റുള്ളവരുടെ സമ്മർദത്താലോ വിവാഹജീവിത്തതിലേക്ക് എടുത്ത് ചാടരുതെന്നും അവർ യുവതലമുറയോട് പറഞ്ഞു.