കഴിഞ്ഞവര്‍ഷമാണ് തെലുങ്ക് നടന്‍ കിരണ്‍ അബ്ബാവരവും നടി രഹസ്യ ഗോരകും വിവാഹിതരായത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് രഹസ്യ ഇടവേളയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങള്‍ അച്ഛനും അമ്മയുമാവാന്‍ പോവുകയാണെന്നുള്ള സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍. 

To advertise here,

മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമമായയ ഇന്‍സ്റ്റാഗ്രാമിലാണ് താരദമ്പതിമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ രഹസ്യ ഗോരകിനൊപ്പം നില്‍ക്കുന്ന കിരണ്‍ അബ്ബാവാരമാണുള്ളതെങ്കില്‍ മറ്റൊന്നില്‍ പുസ്തകം വായിക്കുന്ന രഹസ്യ ഗോരകാണുള്ളത്. കുഞ്ഞിന്റെ അള്‍ട്രാസൗണ്ട് ചിത്രമാണ് മൂന്നാമതായി ദമ്പതിമാര്‍ പങ്കുവെച്ചിരിക്കുന്നത്.

2019 ല്‍ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിന്റെ സെറ്റിലാണ് കിരണ്‍ അബ്ബാവാരവും രഹസ്യ ഗോരക്കും കണ്ടുമുട്ടുന്നത്. മാര്‍ച്ച് 2024-ലാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് ഓഗസ്റ്റിലായിരുന്നു ഇരുപേരുടെയും വിവാഹം. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത രഹസ്യ അവസാനമായി അഭിനയിച്ച ചിത്രം 2021-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ സര്‍ബത്താണ്.

കിരണിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ കെഎ എന്ന ചിത്രം നിരൂപക പ്രശംസയും വാണിജ്യ വിജയവും സ്വന്തമാക്കിയിരുന്നു. ദീപാവലിക്കായിരുന്നു കിരണിന്റെ അവസാനത്തെ ചിത്രം പുറത്തിറങ്ങിയത്. ദില്‍റുബ എന്ന കിരണിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് വിശ്വ കരുണ്‍ ആണ്. കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ദില്‍റുബ എന്നാണ് സൂചന.