ബോളിവുഡിലെ ശ്രദ്ധേയയായ താരമാണ് കിയാരാ അദ്വാനി. കബീർ സിങ്, ഷേർഷാ, ഭൂൽ ഭൂലയ്യ 2, വാർ 2, ഗെയിം ചേഞ്ചർ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് കിയാര പ്രേക്ഷകമനസുകളിൽ ഇടംപിടിച്ചത്. തന്നെ കുറിച്ച് നടക്കുന്ന പ്രചാരണത്തിൽ പ്രതികരിക്കുകയാണ് ഇപ്പോൾ കിയാര. പ്ലാസ്റ്റിക് സർജറി ചെയ്തു എന്നാണ് കിയാരയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കിംവദന്തി പ്രചരിച്ചത്.

To advertise here,

അർബാസ് ഖാന്റെ ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു കിയാര. താൻ പ്ലാസ്റ്റിക് സർജറി ചെയ്‌തോ എന്ന് തനിക്ക് പോലും തോന്നിപ്പോയ ഒരു അനുഭവമാണ് താരം പങ്കുവെച്ചത്. 'ഞാൻ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോയി. അവിടെനിന്നുള്ള ചിത്രങ്ങൾ പല സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെയും പുറത്തുവന്നു. 'അവൾ പ്ലാസ്റ്റിക് സർജറി ചെയ്തു' എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ഫോട്ടോകൾക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. എന്റെ മുഖത്ത് ഞാൻ എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് തന്നെ അപ്പോൾ തോന്നിപ്പോയി.' -കിയാര പറഞ്ഞു.

ഇത്തരം സോഷ്യൽ മീഡിയാ ട്രോളുകളെ അവഗണിക്കുകയാണ് പതിവെന്നും കിയാര കൂട്ടിച്ചേർത്തു. എന്നാൽ ചിലസമയങ്ങളിൽ അത് തന്നെ ബാധിക്കാറുണ്ട്. മറ്റുള്ളവരെ ബഹുമാനിക്കണമെന്നും ഞങ്ങളും വികാരങ്ങളുള്ള മനുഷ്യരാണ് എന്ന് മനസിലാക്കണമെന്നും താരം അഭ്യർഥിച്ചു.

2014-ൽ പുറത്തിറങ്ങി ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ് കിയാര ബോളിവുഡിൽ പ്രവേശിക്കുന്നത്. പിന്നീട് 2016-ൽ പുറത്തിറങ്ങിയ എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രമാണ് കിയാരയുടെ കരിയറിൽ വഴിത്തിരിവായത്. അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്, ദിശാ പഠാണി എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ കിയാര അഭിനയിച്ചത്.