
കടൽപ്പക്ഷിയെപ്പോലെ അവർ കുതിക്കും, ജലാശയങ്ങളുടെ അടിത്തട്ടിലേക്ക്. ആഴങ്ങളിലേക്കു മുങ്ങിത്താഴുന്നവർക്കരികിലേക്കു പ്രതീക്ഷയുടെ കരംനീട്ടി ജീവന്റെ മറുകരയിലേക്കു വലിച്ചുകയറ്റും. അഗ്നിരക്ഷാസേനയ്ക്കു കീഴിലെ വനിതകളും ഇനി ജലാശയ രക്ഷാപ്രവർത്തനത്തിലേക്ക്.
അഗ്നിരക്ഷാവകുപ്പിൽ നിയമിച്ച 100 വനിതാ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 17 പേർക്ക് സ്വിമ്മിങ് പൂളിലും ക്വാറിയിലും പുഴയിലുമായി 21 ദിവസത്തെ അടിസ്ഥാനപരിശീലനവും 10 ദിവസത്തെ വിദഗ്ധമായ ഡൈവിങ് പരിശീലനവും നൽകി.
വെള്ളത്തിനടിയിൽ 25മുതൽ 30 മീറ്റർവരെ ആഴത്തിൽ മുങ്ങാനും തിരച്ചിൽ രീതികൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഇവർക്കു പരിശീലനം നൽകിയിട്ടുള്ളത്. ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ജലാശയ അപകടങ്ങൾ ലഘൂകരിക്കുകയുമാണ് ലക്ഷ്യം.
വെള്ളത്തിനടിയിൽ 30 അടി താഴ്ചയിൽവരെ ഡൈവ് ചെയ്ത് മീൻപിടിക്കാൻ കഴിയുന്ന ‘ഗാനെറ്റ്‌സ്’ എന്ന കടൽപ്പക്ഷിയുടെ പേരാണ് ഡൈവിങ് സംഘത്തിനു നൽകിയിരിക്കുന്നത്. വനിതാ സ്‌കൂബാ ടീമംഗങ്ങളുടെ പരിശീലനം പൂർത്തിയായതോടെ ജലാശയ അപകടങ്ങൾ തടയുന്നതിന് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്‌കൂബാ ഡൈവിങ് ടീമിന്റെ സേവനം ലഭിക്കും. ജലസുരക്ഷയിൽ വിദഗ്ധ പരിശീലനം നേടിയ വനിതാ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരിലൂടെ പൊതുസുരക്ഷാ സേവനങ്ങളിൽ ലിംഗസമത്വം ഉറപ്പിക്കുകയാണെന്ന് പരിശീലകനും ഐ.എ.ടി.ഡബ്ല്യു.ആറിലെ റീജണൽ ഫയർ ഓഫീസറുമായ ദിലീപൻ പറഞ്ഞു.
Content Highlights: 17 women firefighters in Kerala receive specialized scuba diving training for water rescue operation
Published: 08 Mar 2025, 09:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented